തീരപ്രദേശ ജലാശയങ്ങളിലെ കൂടുകൃഷി സംരംഭങ്ങളിൽ മികച്ച വരുമാനമുണ്ടാക്കുന്നത് കേരളത്തിലെ മത്സ്യകർഷകരാണെന്ന് പഠനം. സംസ്ഥാനത്തെ ഇത്തരത്തിലുള്ള 40 ശതമാനത്തോളം സംരംഭങ്ങൾ ഒരു യൂണിറ്റിൽ നിന്നും രണ്ട് ലക്ഷം മുതൽ മൂന്ന് ലക്ഷം വരെ വരുമാനം നേടുന്നുണ്ടെന്ന് കേന്ദ്ര സമുദ്രമത്സ്യ ഗവേഷണ സ്ഥാപനം (സിഎംഎഫ്ആർഐ) നടത്തിയ പഠനം പറയുന്നു.
എന്നാൽ, കടലിൽ നടത്തുന്ന കൂടുകൃഷിയിൽ ഉയർന്ന വരുമാനം നേടുന്നത് ആന്ധ്രപ്രദേശിലെ കർഷകരാണ്. ഓരോ വർഷവും ചുഴലിക്കാറ്റും മറ്റ് പ്രതികൂല കാലാവസ്ഥയും കാരണം മത്സ്യബന്ധന ദിനങ്ങൾ കുറയുമ്പോൾ കൂടുമത്സ്യകൃഷി, കടൽപായൽ കൃഷി തുടങ്ങിയ മാരികൾച്ചർ സംരംഭങ്ങൾ അധികവരുമാനത്തിനുള്ള മികച്ച അവസരമാണ് മത്സ്യത്തൊഴിലാളികൾക്ക് നൽകുന്നത്.
ഒരു കൂടുകൃഷി യൂണിറ്റിൽ നിന്ന് മാത്രം എട്ട് മാസംവരെ നീണ്ടുനിൽക്കുന്ന ഒരു സീസണിൽ 3 ലക്ഷം രൂപവരെ തീരദേശവാസികൾക്ക് അധികവരുമാനം നേടാം. മീനും കടൽപായലും കക്കവർഗങ്ങളും സംയോജിതമായി കൃഷിചെയ്യുന്ന രീതിയായ ഇംറ്റയുടെ ഒരു യൂണിറ്റിൽ നിന്നും ഇതിൽ കൂടുതൽ വരുമാനമുണ്ടാക്കാമെന്നും പഠനം വ്യക്തമാക്കുന്നു.
കേരളത്തിലെ മൂന്ന് ജില്ലകളിൽ നിന്നുൾപ്പെടെ ഇന്ത്യയിലെ ആറ് തീരദേശ സംസ്ഥാനങ്ങളിലെ 159 മാരികൾച്ചർ സംരംഭങ്ങളുടെ സാമൂഹിക-സാമ്പത്തിക-പാരിസ്ഥിതിക ഘടകങ്ങൾ പരിശോധിച്ചുനടത്തിയ പഠനമാണിത്.
സിഎംഎഫ്ആർഐയിലെ സീനിയർ സയന്റിസ്റ്റ് ഡോ ഷിനോജ് പാറപ്പുറത്തിന്റെ നേതൃത്വത്തിൽ നടത്തിയ പഠനം ഫ്രണ്ടിയർ ഇൻ സസ്റ്റയിനബിൾ ഫുഡ് സിസ്റ്റം എന്ന അന്തർദേശീയ ജേണലിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്.