കോഴിക്കോടിന്റെ മീശപ്പുലിമലയെന്നാണ് ജൈവവൈവിധ്യങ്ങളുടെ കലവറയായ പൊന്‍കുന്ന് മലയുടെ വിശേഷണം. പൂക്കുന്ന് മല എന്ന് പൊതുവേ അറിയപ്പെടുന്ന പൊന്‍കുന്ന് മല ഹരിതഭംഗിയാലും നീരുറവകളാലും അപൂര്‍വ സസ്യജീവജാലങ്ങളാലും സമ്പന്നമാണ്. കാക്കൂര്‍, നന്മണ്ട, തലക്കുളത്തൂര്‍ എന്നീ പഞ്ചായത്തുകളിലായി ഏക്കറുകളോളം വ്യാപിച്ചുകിടക്കുന്ന മലയുടെ ഏറ്റവും ഉയര്‍ന്ന പ്രദേശങ്ങളിലും ജലസ്രോതസ്സുകള്‍ കാണാന്‍ സാധിക്കും. സമുദ്രനിരപ്പില്‍നിന്ന് 1500 അടി ഉയരത്തിലാണീ മലനിര. ചെങ്കുത്തായ മലമുകളില്‍നിന്ന് അറബിക്കടലും പശ്ചിമഘട്ട മലകളും കാണാം. സൂര്യാസ്തമയവും പ്രകൃതിസുന്ദരമായ കാഴ്ചകളും കാണാനും ശാന്തമായ അന്തരീക്ഷം ആസ്വദിക്കുവാനും ആളുകള്‍ മലകയറി എത്തുന്നുണ്ട്. വന്‍പാറകളും ചെങ്കുത്തായ ഉയര്‍ന്ന പ്രദേശങ്ങളും ട്രക്കിങ് ഉള്‍പ്പെടെയുള്ള സാഹസിക ടൂറിസത്തിന് അനുയോജ്യമാണ്.