കോഴിയാണോ മുട്ടയാണോ ആദ്യം ഉണ്ടായത്? ഒടുവില്‍ ഉത്തരം കണ്ടെത്തി ശാസ്ത്രം.

കോഴിയാണോ മുട്ടയാണോ ഏതാണ് ആദ്യം ഉണ്ടായത്? ദീര്‍ഘകാലം ആളുകളെ കുഴക്കിയിരുന്ന ചോദ്യത്തിന് ഉത്തരം കണ്ടെത്തി ശാസ്ത്രം. കോഴിയല്ല, മുട്ടയാണ് ആദ്യം ഉണ്ടായത്. അതെങ്ങനെ തീര്‍ത്ത് പറയാമെന്നല്ലേ.. ശാസ്ത്രീയ കാരണങ്ങള്‍ സഹിതമുള്ള വിശദീകരണവുമുണ്ട്. പരിണാമ സിദ്ധാന്തമനുസരിച്ചും കാരണഫല സിദ്ധാന്തമനുസരിച്ചും മുട്ട തന്നെയാണ് ആദ്യം ഉണ്ടായത്. പെണ്‍ പ്രത്യുല്‍പാദന കോശത്തെയാണ് അണ്ഡം അഥവാ മുട്ടയെന്ന് പറയുന്നത്. അത് കോഴി ഉണ്ടാകുന്നതിനും വളരെക്കാലം മുന്‍പ് ഭൂമുഖത്ത് നിലനിന്നിരുന്നു.

നിലവില്‍ ഭൂമിയില്‍ കാണപ്പെടുന്ന പുറന്തോടുള്ള മുട്ടയുടെ രൂപം 325 ദശലക്ഷം വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഉണ്ടായതാണെന്ന് ടെക്സസ് സര്‍വകലാശാലയിലെ ഗവേഷകര്‍ വിശദീകരിക്കുന്നത്. നട്ടെല്ലുള്ള ജീവികളെ ജലത്തിലുള്ള പ്രത്യുല്‍പാദനത്തില്‍ നിന്നും കരയിലേക്ക് സ്വതന്ത്രമാക്കുന്നതായിരുന്നു മുട്ടകളില്‍ വന്ന കട്ടിയുള്ള പുറന്തോടെന്ന ഈ രൂപാന്തരമെന്നും ഗവേഷകര്‍ വ്യക്തമാക്കുന്നു. കോഴികളടക്കമുള്ള പക്ഷി വര്‍ഗം ഭൂമുഖത്ത് പിന്നെയും കുറേക്കാലം കഴിഞ്ഞിട്ടാണ് രൂപമെടുത്തത്.

ജുറാസിക് കാലഘട്ടത്തില്‍ 150 ദശലക്ഷം വര്‍ഷങ്ങള്‍ക്ക് മുമ്പാണ് പക്ഷികള്‍ രൂപപ്പെട്ടതെന്നാണ് കരുതുന്നത്. നിലവില്‍ പക്ഷികളുടേതായി ലഭിച്ചിരിക്കുന്ന ഏറ്റവും പഴക്കമേറിയ ഫോസിലുകളും ഈ കാലത്തിലേത് തന്നെയാണ്. പക്ഷികള്‍ രൂപപ്പെടുന്നതിന് മുന്‍പ് ദിനോസറുകളടക്കമുള്ള കരയില്‍ ജീവിച്ചിരുന്ന നട്ടെല്ലുള്ള ജീവി വര്‍ഗങ്ങള്‍ കട്ടിയേറിയ പുറന്തോടുള്ള മുട്ടകള്‍ ഇട്ടിരുന്നതിന് തെളിവുകളുണ്ടെന്നും ശാസ്ത്രജ്ഞര്‍ ചൂണ്ടിക്കാട്ടുന്നു.

ചുവപ്പന്‍ കാട്ടുകോഴികളില്‍ നിന്ന് പരിണാമം സംഭവിച്ചാണ് ഇന്നത്തെ രൂപത്തിലും സ്വഭാവത്തിലുമുള്ള കോഴികള്‍ ഉണ്ടായതെന്നാണ് കരുതുന്നത്. ഇവയുടെ പരിണാമം സംഭവിച്ചത് 50 ദശലക്ഷം വര്‍ഷങ്ങള്‍ക്ക് മുന്‍പാണ്. കോഴികളെ വീട്ടില്‍ ഇണക്കി വളര്‍ത്താന്‍ ആരംഭിച്ചതാവട്ടെ 1650 ബിസിക്കും 1250 ബിസിക്കും ഇടയിലാണ്. ഇക്കാലത്തിനിടയിലെന്നോ കോഴിയുടെ ആദിമ രൂപം ഭ്രൂണമുള്‍ക്കൊള്ളുന്ന മുട്ടയിട്ടുവെന്നും അങ്ങനെയാണ് ശരിക്കുമുള്ള കോഴി ഉണ്ടായതെന്നുമാണ് ശാസ്ത്രജ്ഞര്‍ വിശദീകരിക്കുന്നത്. അങ്ങനെയാണ് കോഴിയെക്കാള്‍ വളരെക്കാലം മുന്‍പ് മുട്ടകള്‍ ഉണ്ടായിരുന്നുവെന്ന അനുമാനത്തിലേക്ക് എത്തിച്ചേര്‍ന്നത്.

Verified by MonsterInsights