കെ.എസ്.എഫ്.ഇ: വസ്തു ജാമ്യം വെച്ചാൽ ഒന്നിലധികം ചിട്ടികൾ ഒരേ സമയം എടുക്കാനാവുമോ?

ഏത് നിക്ഷേപ പദ്ധതിയുടെ ഭാഗമായാലും കൃത്യമായ സാമ്പത്തിക പ്ലാനിംഗ് ഉണ്ടാവേണ്ടത് അത്യാവശ്യമാണ്. എത്ര രൂപയാണ് നിങ്ങൾക്ക് നിക്ഷേപിക്കാൻ സാധിക്കുക എന്ന് പരിശോധിച്ച ശേഷമാണ് ഇത്തരം സ്കീമുകളുടെ ഭാഗമാവേണ്ടത്. ചിട്ടികൾ എടുക്കുമ്പോഴും ഇതെല്ലാം ശ്രദ്ധിക്കണം. പെട്ടെന്നുള്ള സാമ്പത്തിക ആവശ്യങ്ങൾ ഉണ്ടെങ്കിൽ അതിനനുസരിച്ചുള്ള ചിട്ടികളുടെ ഭാഗമാവുക. കെ.എസ്.എഫ്.ഇ ചിട്ടികൾ വിവിധ ചിട്ടികൾ പരിചയപ്പെടുത്തുന്നുണ്ട്. ലാഭകരമായ സാമ്പത്തിക നേട്ടങ്ങൾക്ക് കെ.എസ്.എഫ്.ഇ എന്നും ഉത്തമ ഉദാഹരണമാണ്.

 എപ്പോഴും നിങ്ങളുടെ ആവശ്യങ്ങൾ നിറവേറ്റുന്ന ചിട്ടികളിൽ മാത്രം നിക്ഷേപിക്കുക. എത്ര മാസത്തോളം തിരിച്ചടവ് വരുമെന്നും എത്ര തുകയാണ് ആവശ്യമെന്നും ചിന്തിച്ചതിനു ശേഷം നല്ല ചിട്ടി സ്കീം തിരഞ്ഞെടുക്കുക. ആദ്യം നിങ്ങളുടെ തൊട്ടടുത്തുള്ള കെ.എസ്.എഫ്.ഇ ബ്രാഞ്ചിൽ പോയി ചിട്ടികളെ കുറിച്ച് വിശദമായി മനസിലാക്കിയ ശേഷം ചിട്ടിയിൽ ചേരാം.
ചിട്ടിയിൽ ചേരുമ്പോൾ ജാമ്യ വ്യവസ്ഥകൾ ശ്രദ്ധിക്കണം. ഏത് ചിട്ടിക്കും ജാമ്യം അനിവാര്യമാണ്. അത് നിങ്ങളുടെ ചിട്ടിത്തുകയ്ക്ക് അനുസരിച്ചാണ് കണക്കാക്കുന്നത്. വിവിധ ജാമ്യ വ്യവസ്ഥകളുണ്ട്. വസ്തു, സ്വർണം, സാലറി സർട്ടിഫിക്കേറ്റ് അങ്ങനെ ലിസ്റ്റ് ഒരുപാടുണ്ട്. ഏതെല്ലാം ജാമ്യ വ്യവസ്ഥകളാണ് നിലനിൽക്കുന്നതെന്ന് പരിശോധിക്കാം.

വിവിധ ജാമ്യങ്ങൾ…

1. സംസ്ഥാന ജീവനക്കാരുടേയും കേന്ദ്ര പൊതു മേഖല സ്ഥാപനങ്ങളിൽ പ്രവർത്തിക്കുന്നവരുടേയും സാലറി സർട്ടിഫിക്കേറ്റ്
2. എൽ.ഐ.സി സറണ്ടർ വാല്യൂ
3. സ്വർണം
4. എഫ്.ഡി
5. ബാങ്ക് ഗ്യാരണ്ടി
6. കെ.എസ്.എഫ്.ഇയിലെ വിളിക്കാത്ത ചിട്ടിയുടെ പാസ്ബുക്ക്
7. പോസ്റ്റ് ഓഫീസ് നിക്ഷേപങ്ങൾ
8. വസ്തു.
ഇത്രയും ജാമ്യങ്ങളാണ് കെ.എസ്.എഫ്.ഇ സ്വീകരിക്കുന്നത്. ഇതിൽ വസ്തു ജാമ്യം എല്ലാവരും ഒരുപോലെ തിരഞ്ഞെടുക്കുന്ന മാർഗമാണ്. നിരവധി ഗുണങ്ങളും ഇതിലുണ്ട്. വലിയ ചിട്ടികളിൽ ചേരുമ്പോൾ വസ്തു ജാമ്യം തന്നെ സമർപ്പിക്കേണ്ടി വരും. ഇത്തരം വലിയ ചിട്ടികൾക്ക് ജാമ്യം വെക്കുന്ന വസ്തുവിന്റെ വിവരങ്ങൾ ആദ്യ തന്നെ കെ.എസ്.എഫ്.ഇയിലെ മാനേജറെ കാണിച്ച് ഉറപ്പ് വരുത്തണം.

വസ്തു ജാമ്യത്തിന്റെ ഗുണങ്ങൾ…

വസ്തു ജാമ്യങ്ങൾ കെ.എസ്.എഫ്.ഇയിൽ ഏറെ പ്രധാനപ്പെട്ടതാണ്. ഒരു ബാങ്കിലൂടെ വായ്പ എടുക്കുമ്പോൾ വസ്തു ജാമ്യം വെച്ചാൽ ആ വസ്തുവിന്റെ വാല്യൂ നോക്കി തുക നൽകും. എന്നാൽ അതിനു അപകട സാധ്യത ഉണ്ടായേക്കാം. പക്ഷേ കെ.എസ്.എഫ്.ഇയിൽ വസ്തു ജാമ്യം വെക്കുമ്പോൾ മോർട്ടേജായിട്ട് നൽകുന്നു. അതിനാൽ രജിസ്ട്രർ ചെയ്യേണ്ട. നിങ്ങളുടെ പേരിൽ തന്നെയായിരിക്കും വസ്തു.

ഉദാഹരണത്തിന് നിങ്ങൾ വസ്തു ജാമ്യത്തിലൂടെ കെ.എസ്.എഫ്.ഇയിൽ ഒരു ചിട്ടി തുടങ്ങിയെന്ന് കരുതുക. അതേ ജാമ്യത്തിൽ നിങ്ങളുടെ കുടുംബത്തിലെ മറ്റ് അംഗങ്ങൾക്കും അവരുടെ കെ.എസ്.എഫ്.ഇ ചിട്ടി ചേർക്കാൻ സാധിക്കും. കെ.എസ്.എഫ്.ഇ എപ്പോഴും ചിട്ടിത്തുകയുടെ മൂല്യത്തിനുള്ള ജാമ്യം മാത്രമാണ് എടുക്കുന്നത്. നിങ്ങൾ വസ്തുവായി നൽകിയ ജാമ്യം നിങ്ങളുടെ ചിട്ടിത്തുകയേക്കാൾ മൂല്യമുള്ളതാണെങ്കിൽ മറ്റു ചിട്ടികളും അതേ വസ്തു ജാമ്യത്തിൽ ചേർക്കാം എന്നാണ് കെ.എസ്.എഫ്.ഇ ഉറപ്പ് നൽകുന്നത്.

ലളിതമായി പറഞ്ഞാൽ വസ്തുവിന്റെ വാല്യു അനുസരിച്ച് മറ്റു ചിട്ടികളും ചേർക്കാം. അതിനായി നിങ്ങൾ ചിട്ടി വിവരങ്ങൾ അടങ്ങിയ ഒരു ഫോം പൂരിപ്പിച്ചു കൊടുക്കുക. ശേഷം 50 രൂപയുടെ സ്റ്റാമ്പ് പേപ്പറിൽ ഒരു സത്യവാങ്മൂലം നൽകാം. അതിൽ സ്ഥലത്തിന്റെ ഉടമസ്ഥ/ഉടമസ്ഥൻ അവരുടെ ഫോട്ടോ സത്യവാങ്മൂലത്തിൽ ഒട്ടിക്കുക. എന്നിട്ട് ഒരു വക്കീൽ മുഖാന്തിരം അത് വാല്യൂ ചെയ്യിക്കുക.

പൊതുവേ എല്ലാവരുടേയും തെറ്റിദ്ധാരണ വസ്തു ജാമ്യം വെച്ചാൽ ആ ചിട്ടിക്കാലാവധി അവസാനിച്ചതിനു ശേഷം മാത്രമേ അടുത്ത ചിട്ടി വെക്കാൻ സാധിക്കൂ എന്നാണ്. വസ്തുവിന്റെ വാല്യൂ അനുസരിച്ച് നിങ്ങൾക്ക് എത്ര ചിട്ടി വേണമെങ്കിലും വെക്കാം.

Verified by MonsterInsights