ശമ്പളം വാങ്ങുന്നവർ നിർബന്ധമായും അറിഞ്ഞിരിക്കേണ്ട അഞ്ച് നിയമങ്ങൾ

തൊഴിലാളികളും ജീവനക്കാരും അവരുടെ ന്യായമായ അവകാശങ്ങൾക്കും ആനുകൂല്യങ്ങൾക്കും വേണ്ടി വമ്പൻ കോർപറേറ്റുകളെ പോലും കോടതികളിൽ എത്തിക്കുന്ന സംഭവങ്ങൾ നമ്മൾ അടുത്ത കാലത്ത് കണ്ടിരുന്നു. കഴിഞ്ഞ വർഷം ഐടി കമ്പനിയായ ഇൻഫോസിസിന് അവരുടെ തൊഴിൽ കരാറിലെ ഒരു വ്യവസ്ഥയുടെ പേരിൽ കേന്ദ്ര ലേബർ കമ്മീഷണറും പിന്നീട് കർണാടക തൊഴിൽ വകുപ്പും സമൻസ് അയച്ചിരുന്നു. ഇൻഫോസിസിൽ നിന്ന് പിരിഞ്ഞ് പോയ ശേഷം ജീവനക്കാരൻ ഒരു നിശ്ചിത കാലത്തേയ്ക്ക് ഇൻഫോസിസിന്റെ എതിരാളികളായ കമ്പനികളിൽ ജോലി ചെയ്യാനോ, സമാന സ്വഭാവമുള്ള കമ്പനി ആരംഭിക്കാനോ പാടില്ല എന്നായിരുന്നു ആ വ്യവസ്ഥ.

അതുപോലെ ടാറ്റ കൺസൾട്ടൻസി സർവീസസ് 2015ൽ പിരിച്ചുവിട്ട ജീവനക്കാരനെ തിരിച്ചെടുക്കാനും ഏഴു വർഷത്തെ ശമ്പളവും ആനുകൂല്യങ്ങളും പൂർണമായി നൽകാനും ചെന്നൈയിലെ കോടതി ഉത്തരവിട്ടു. ഇങ്ങനെ നിരവധി കേസുകൾ ജീവനക്കാർക്ക് അനുകൂലമായി കോടതി വിധി വരുന്ന സംഭവങ്ങൾ സമീപകാലത്ത് ഉണ്ടായിട്ടുണ്ട്. ചില നിയമങ്ങളെക്കുറിച്ചുള്ള അവബോധം ഉണ്ടാകുന്നത് കോർപ്പറേറ്റ് രംഗത്തെ പ്രൊഫഷണലുകൾക്ക് നീതി ലഭിക്കാൻ മാത്രമല്ല, കമ്പനികളുടെ ഭീഷണിപ്പെടുത്തലുകളിൽ നിന്ന് സംരക്ഷണം ലഭിക്കാനും സഹായിക്കും. ഓരോ ജീവനക്കാരനും അറിഞ്ഞിരിക്കേണ്ട പ്രധാന നിയമങ്ങൾ എന്തൊക്കെയെന്ന് നോക്കാം.

പിരിച്ചുവിടൽ

ഇന്ത്യൻ തൊഴിൽ നിയമങ്ങൾ ശമ്പളമുള്ള ജീവനക്കാരെ വ്യക്തമായി നിർവചിക്കുന്നില്ല. എന്നിരുന്നാലും, 1947-ലെ വ്യാവസായിക തർക്ക നിയമം “തൊഴിലാളി” എന്ന് പരാമർശിക്കുന്നു. “മാനുവൽ, അവിദഗ്ധ, വൈദഗ്ധ്യം, സാങ്കേതിക, പ്രവർത്തന, ക്ലറിക്കൽ അല്ലെങ്കിൽ സൂപ്പർവൈസറി ജോലി” ചെയ്യാൻ നിയോഗിക്കപ്പെടുന്ന അപ്രന്റീസ് ഉൾപ്പെടെയുള്ള ഏതൊരു വ്യക്തിയും എന്നാണ് നിർവചനം. മാനേജീരിയൽ അല്ലെങ്കിൽ അഡ്മിനിസ്ട്രേറ്റീവ് ശേഷിയിലുള്ളവരെ നിയമം ഒഴിവാക്കുന്നു എന്നത് പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്.

തൊഴിലാളി’ വിഭാഗത്തിലുള്ള ആളുകൾക്ക് സെക്ഷൻ 25 വളരെ നിർണായകമാണ്, കാരണം ഇത് ചില വ്യവസ്ഥകൾക്ക് വിധേയമായി പിരിച്ചുവിടലിൽ നിന്ന് ജീവനക്കാരെ സംരക്ഷിക്കുന്നു. കഴിഞ്ഞ് പോയ 12 മാസങ്ങളിൽ ഒരു സ്ഥാപനം ഒരു പ്രവൃത്തി ദിവസത്തിൽ ശരാശരി 100-ഓ അതിലധികമോ തൊഴിലാളികളെ നിയമിച്ചിട്ടുണ്ടെങ്കിൽ ഏതെങ്കിലും ജീവനക്കാരനെ പിരിച്ചുവിടുന്നതിന് മുമ്പ് തൊഴിലുടമ ആദ്യം ഒരു സർക്കാർ അതോറിറ്റിയിൽ നിന്ന് അനുമതി വാങ്ങണം. കൂടാതെ, പിരിച്ചുവിട്ട ജീവനക്കാർക്ക് കമ്പനി നോട്ടീസും നഷ്ടപരിഹാരവും നൽകണം.

ലൈംഗിക അതിക്രമം

ജോലിസ്ഥലത്ത് സ്ത്രീകൾക്ക് നേരെയുള്ള ലൈംഗികാതിക്രമം (തടയൽ, നിരോധനം, പരിഹാരം) (The Sexual Harassment of Women at Workplace (Prevention, Prohibition and Redressal) Act ) തടയുന്നതിനുള്ള നിയമം വനിതാ ജീവനക്കാരെ ലൈംഗികാതിക്രമങ്ങളിൽ നിന്ന് സംരക്ഷിക്കുകയും ലൈംഗിക പീഡന പരാതികൾ പരിഹരിക്കുന്നതിന് വ്യവസ്ഥ ചെയ്യുകയും ചെയ്യുന്നു. ശാരീരിക സമ്പർക്കം, ലൈംഗിക പ്രീണനങ്ങൾ എന്നിവയ്‌ക്ക് പുറമെ, ലൈംഗിക ചുവയുള്ള പരാമർശങ്ങൾ നടത്തുക, അശ്ലീലസാഹിത്യം കാണിക്കുക, ശാരീരികമോ വാക്കാലുള്ളതോ ആയ ലൈംഗികത പ്രകടമാക്കുന്ന പെരുമാറ്റം എന്നിവ ഉൾപ്പെടുന്നുവെന്ന് നിയമം പറയുന്നു.

ഈ നിയമപ്രകാരം, തൊഴിലിടത്ത് ഏതെങ്കിലും വ്യക്തിയിൽ നിന്ന് ലൈംഗിക പീഡനം അനുഭവിക്കുന്ന ഏതൊരു സ്ത്രീക്കും അത്തരം വ്യക്തിക്കെതിരെ പരാതിപ്പെടാൻ കഴിയുന്ന ഒരു ആഭ്യന്തര കമ്മിറ്റി തൊഴിലുടമ നിർബന്ധമായും രൂപീകരിക്കണമെന്ന് ഡൽഹി ഹൈക്കോടതിയിലെ അഭിഭാഷകനായ ശശാങ്ക് അഗർവാൾ പറയുന്നു. വനിതാ ജീവനക്കാർ അവരുടെ അവകാശങ്ങൾ അറിയേണ്ടതുണ്ടെങ്കിലും, ലൈംഗിക ചുവയുള്ള പരാമർശങ്ങളോ ലൈംഗികമായ പ്രലോഭനങ്ങളോ നടത്തി ജോലിസ്ഥലത്ത് സഹപ്രവർത്തകരെ അസ്വസ്ഥരാക്കാതിരിക്കാനുള്ള തങ്ങളുടെ കടമയെക്കുറിച്ച് പുരുഷന്മാർ ബോധവാന്മാരാകണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഗ്രാറ്റുവിറ്റി

പേയ്‌മെന്റ് ഓഫ് ഗ്രാറ്റുവിറ്റി ആക്‌ട് 1972 പ്രകാരം ഒരു ജീവനക്കാരൻ അഞ്ച് വർഷത്തിൽ കുറയാത്ത കാലയളവിൽ തുടർച്ചയായി സേവനമനുഷ്ഠിച്ചാൽ ജോലി അവസാനിപ്പിക്കുമ്പോൾ സൂപ്പർഅനുവേഷൻ, റിട്ടയർമെന്റ്, രാജി, രോഗം, അപകടം മൂലമുള്ള മരണം അല്ലെങ്കിൽ അംഗവൈകല്യം എന്നിവ സംഭവിച്ചാൽ ഒരു നിശ്ചിത തുക നൽകാൻ വ്യവസ്ഥ ചെയ്യുന്നു. മരണപ്പെട്ടാൽ, മരിച്ച ജീവനക്കാരന്റെ നോമിനി/അവകാശിക്ക് ഗ്രാറ്റുവിറ്റി നൽകണം.

നിയമപ്രകാരമുള്ള പേയ്‌മെന്റ് ഒഴിവാക്കുകയോ തൊഴിലുടമകൾ ഗ്രാറ്റുവിറ്റി നൽകാതിരിക്കുകയോ ചെയ്‌താൽ തടവും പിഴയും ലഭിക്കുന്നതിനുള്ള വ്യവസ്ഥയുണ്ടെന്ന് ടിഎഎസ് ലോയിലെ സീനിയർ അസോസിയേറ്റ് ശിവാനി ഭൂഷൺ പറഞ്ഞു. അതേസമയം ഏതെങ്കിലും ജോലികൾ മനഃപൂർവ്വം ചെയ്യാതിരിക്കുകയോ അല്ലെങ്കിൽ തൊഴിലുടമയുടെ വസ്തുവകകൾക്ക് നാശമുണ്ടാക്കുന്ന തരത്തിൽ അശ്രദ്ധ കാണിക്കുകയോ ചെയ്തത് കാരണം ജോലി അവസാനിപ്പിക്കുകയാണെങ്കിൽ ഗ്രാറ്റുവിറ്റി ഭാഗികമായോ പൂർണ്ണമായോ നഷ്‌ടപ്പെടുമെന്ന് ജീവനക്കാരും ഓർക്കണം.

പ്രസവാനുകൂല്യങ്ങൾ

1961-ലെ മെറ്റേണിറ്റി ബെനഫിറ്റ് ആക്‌ട് പ്രകാരം, പ്രസവമോ ഗർഭം അലസലോ സംഭവിച്ചാൽ ആറാഴ്ചത്തേക്ക് തൊഴിലുടമകൾക്ക് സ്ത്രീകളോട് ജോലിയിൽ പ്രവേശിക്കാൻ പറയാൻ സാധിക്കില്ല. പ്രസവിച്ച ദിവസവും തുടർന്നുള്ള ആറ് ആഴ്‌ചകളും തൊഴിലാളിയുടെ അഭാവത്തിൽ ശരാശരി പ്രതിദിന വേതനത്തിന്റെ നിരക്കിൽ പ്രസവാനുകൂല്യം നൽകാൻ തൊഴിലുടമ ബാധ്യസ്ഥരാണ്. പ്രസവ അവധിയിൽ ആയിരിക്കുമ്പോൾ ഒരു ജീവനക്കാരിയെ പിരിച്ച് വിടാൻ കഴിയില്ല.

പ്രസവാവധി സമയത്ത് ഏതെങ്കിലും തരത്തിലുള്ള ശിക്ഷാനടപടികളുടെ അറിയിപ്പ് പോലും നൽകാൻ തൊഴിലുടമയ്ക്ക് അവകാശമില്ല. അതേസമയം ആനുകൂല്യങ്ങൾ കിട്ടണമെങ്കിൽ പ്രതീക്ഷിക്കുന്ന പ്രസവ തീയതിക്ക് തൊട്ടുമുമ്പുള്ള 12 മാസങ്ങളിൽ ജീവനക്കാരി 160 ദിവസത്തിൽ കുറയാതെ സ്ഥാപനത്തിൽ ജോലി ചെയ്തിരിക്കണം. പ്രസവശേഷമുള്ള അവസ്ഥയെ സമാധാനപരമായും നിർഭയമായും മറികടക്കാൻ ഈ നിയമം ഒരു ജീവനക്കാരിയെ പ്രാപ്‌തമാക്കുന്നു.

ഇൻഷുറൻസും സാമ്പത്തിക സഹായവും

1948-ലെ എംപ്ലോയീസ് സ്റ്റേറ്റ് ഇൻഷുറൻസ് നിയമം ജീവനക്കാർക്ക് ഇൻഷുറൻസ് നൽകുകയും പരിക്ക് പറ്റിയാൽ സാമ്പത്തിക സഹായം നൽകുകയും ചെയ്യുന്നു. സർക്കാർ സ്ഥാപനമായ എംപ്ലോയീസ് സ്റ്റേറ്റ് ഇൻഷുറൻസ് കോർപ്പറേഷനാണ് എംപ്ലോയീസ് സ്റ്റേറ്റ് ഇൻഷുറൻസ് സ്കീം കൈകാര്യം ചെയ്യുന്നത്. ഇത് ജീവനക്കാർക്കും അവരുടെ കുടുംബങ്ങൾക്കും അടിസ്ഥാന മെഡിക്കൽ സഹായം, സാമ്പത്തിക സഹായം എന്നിവ നൽകുകയും അസുഖം, പരിക്കുകൾ അല്ലെങ്കിൽ പ്രസവ ആനുകൂല്യങ്ങൾ എന്നിവ ഉറപ്പാക്കുകയും ചെയ്യുന്നു.

അതിന് വേണ്ടി തൊഴിലുടമകളും ജീവനക്കാരും ഫണ്ടിലേക്ക് സംഭാവന നൽകണം. സർവീസിലിരിക്കെ മരിക്കുന്ന ജീവനക്കാരുടെ കുടുംബാംഗങ്ങൾക്കാണ് ആനുകൂല്യങ്ങൾ നൽകുന്നത്. വീട്ടിൽ നിന്ന് ജോലിസ്ഥലത്തേക്കുള്ള യാത്രയ്ക്കിടെ ഒരു ജീവനക്കാരൻ മരിച്ചാൽ ഭാര്യയും കുട്ടികളും മാതാപിതാക്കളും ഉൾപ്പെടെയുള്ള കുടുംബാംഗങ്ങൾക്ക് നഷ്ടപരിഹാരവും ഇൻഷുറൻസും നൽകും.