ഇടുക്കി: ഏലത്തോട്ടത്തിൽ കൃഷി നശിപ്പിക്കുന്ന കുരങ്ങുകളെ തുരത്താൻ ചൈനീസ് പാമ്പുകളെ കാവൽനിർത്തി തോട്ടം ഉടമ. ഇടുക്കി ഉടുമ്പന്‍ചോലയില്‍ സ്വകാര്യ തോട്ടത്തിലെ ജീവനക്കാരനായ ബിജു എന്നയാളാണ് കുരങ്ങ് ശല്യം അകറ്റാൻ പാമ്പുകളെ രംഗത്തിറക്കിയത്. എന്നാൽ ഇത് ഒറിജിനൽ പാമ്പുകളല്ലെന്ന് മാത്രം. വിപണിയിൽ വാങ്ങാൻ കിട്ടുന്ന ചൈനീസ് റബർ പാമ്പുകളാണിവ. ഇരുന്നൂറോളം പാമ്പുകളെയാണ് തോട്ടത്തിലെ വിവിധ ഭാഗങ്ങളിലും ഏലച്ചെടികളിലുമായി ബിജു കെട്ടിത്തൂക്കിയിട്ടത്. ഏതായാലും ചൈനീസ് പാമ്പുകളെ രംഗത്തിറക്കിയതോടെ, കഴിഞ്ഞ ഒരു വർഷമായി തോട്ടത്തിൽ കുരങ്ങുകളുടെ ശല്യമില്ലെന്നും ബിജു പറയുന്നു.കുരങ്ങ് ശല്യം രൂക്ഷമായതോടെ എന്ത് ചെയ്യണമെന്ന് അറിയാതെ വലഞ്ഞ സമയത്താണ് ബിജു ഒരു കാഴ്ച കണ്ടത്. തോട്ടത്തിൽ ചത്ത് കിടന്ന പാമ്പിനെ കണ്ട് കുരങ്ങ് ഭയപ്പാടോടെ ഓടിമറയുന്നത്. ഇതോടെയാണ് കടയിൽ വാങ്ങാൻ കിട്ടുന്ന റബർ പാമ്പിനെ വാങ്ങി പരീക്ഷിക്കാൻ ബിജു തയ്യാറായത്. പരീക്ഷണം വിജയമാതോടെയാണ് ഇരുന്നൂറോളം ചൈനീസ് പാമ്പുകളെ ബിജു വാങ്ങിയത്. ഏതായാലും ബിജുവിന്‍റെ ആശയം ഫലവത്തായി. ചൈനീസ് പാമ്പുകൾ വന്നതോടെ കുരങ്ങുകൾ ഏലത്തോട്ടത്തിന്‍റെ പരിസരത്തുപോലും വരാതെയായി.ചെറിയ കാറ്റിൽപ്പോലും ഇളകിയാടുന്ന തരത്തിലുള്ളവയാണ് ചൈനീസ് റബർ പാമ്പുകൾ. അതുകൊണ്ടുതന്നെ കാഴ്ചയിൽ യഥാർഥ പാമ്പാണെന്ന് തോന്നുകയും ചെയ്യും. ഒരിക്കൽ തോട്ടത്തിൽ ആദ്യമായി ജോലിക്ക് എത്തിയ അന്യസംസ്ഥാന തൊഴിലാളികൾ ഒറിജിനൽ പാമ്പാണെന്ന് കരുതി ഏലച്ചെടിയിൽ കെട്ടിത്തൂക്കിയിട്ട ചൈനീസ് പാമ്പിനെ അടിച്ചുവീഴ്ത്തുകയും ചെയ്തു.