ഹൗസ് ബോട്ടുകള്‍ വന്‍തുക ഈടാക്കുമ്പോള്‍ കുറഞ്ഞചെലവില്‍ കായല്‍കാഴ്ചകള്‍ കാണാനാകുമെന്നതാണ് പ്രത്യേകത
ആലപ്പുഴയിലെ സഞ്ചാരികള്‍ക്ക് പുതിയ യാത്രാനുഭവം നല്കാന്‍ ജലഗതാഗത വകുപ്പ് വീണ്ടും. പൊതുജനങ്ങള്‍ക്കും വിനോദ സഞ്ചാരികള്‍ക്കും ഒരേ പോലെ ഉപകാരപ്രദമാകുന്ന ടൂറിസം കം പാസഞ്ചര്‍ സര്‍വീസാണിത്. ആലപ്പുഴ ബോട്ട് ജെട്ടിയില്‍ നിന്നും പുറപ്പെട്ട് പുന്നമട, വേമ്പനാട് കായല്‍ വഴി കൈനകരി റോഡ് മുക്കില്‍ എത്തി തിരികെ മീനപ്പള്ളി കായല്‍, പള്ളാത്തുരുത്തി, പുഞ്ചിരി വഴി ആലപ്പുഴ ബോട്ട് ജെട്ടിയില്‍ തിരിച്ചെത്തും വിധമാണ് സര്‍വീസ്.
സീകുട്ടനാട് മാതൃകയില്‍ നേരത്തേയുണ്ടായിരുന്ന സര്‍വിസ് അത്യാധുനികരീതിയില്‍ സജ്ജീകരിച്ചാണ് നീറ്റിലിറക്കുന്നത്. ഇരുനില മാതൃകയിലുള്ള സീ കുട്ടനാട് ബോട്ടില്‍ ഒരേ സമയം 90 പേര്‍ക്ക് ഇരുന്ന് യാത്ര ചെയ്യാം. 30 സീറ്റുകളാണ് മുകളിലെ നിലയിലുള്ളത്.താഴത്തെ നിലയില്‍ 60 സീറ്റുണ്ട്. അപ്പര്‍ഡെക്കിന് 120 രൂപയും താഴത്തെ നിലയില്‍ 46 രൂപയുമാണ് നിരക്ക്. അപ്പര്‍ഡെക്കിന് ഒരുവശത്തേക്ക് 60 രൂപയും താഴത്തെ നിലയില്‍ ഒരുവശത്തേക്ക് 23 രൂപയുമാണ് നിരക്ക്.
രാവിലെ 5.30 മുതല്‍ സര്‍വിസ് തുടങ്ങും. ആലപ്പുഴ ബോട്ട് ജെട്ടിയില്‍നിന്ന് രാവിലെ 8.30, 10.45, ഉച്ചതിരിഞ്ഞ് 1.30, 4.45 എന്നിങ്ങനെയാണ് സര്‍വീസുള്ളത്. എട്ട് നോട്ടിക്കല്‍ മൈല്‍ (15-16 കിലോമീറ്റര്‍) വേഗത്തിലാകും സർവീസ്.ഏകദേശം രണ്ടര മണിക്കൂറാണ് യാത്രാ സമയം.
1.90 കോടി രൂപ ചെലവില്‍ ആധുനിക സൗകര്യങ്ങളും സുരക്ഷ സംവിധാനങ്ങളും ഉള്‍പ്പെടുത്തി ഐ.ആര്‍.എസ്. ക്ലാസില്‍ സ്റ്റീലിലാണ് ബോട്ട് നിര്‍മിച്ചിട്ടുള്ളത്. ജലഗതാഗത വകുപ്പ് നീറ്റിലിറക്കിയ ബോട്ട് മന്ത്രി ആന്റണി രാജു ഉദ്ഘാടനം ചെയ്തു. ആലപ്പുഴ ജലഗതാഗത വകുപ്പ് ഓഫീസില്‍ നടന്ന ചടങ്ങില്‍ എച്ച്. സലാം എം.എല്‍.എ അധ്യക്ഷത വഹിച്ചു . പി.പി. ചിത്തരഞ്ജന്‍ എം.എല്‍.എ, കളക്ടര്‍ വി.ആര്‍. കൃഷ്ണ തേജ, ജലഗതാഗത വകുപ്പ് ഡയറക്ടര്‍ ഷാജി വി. നായര്‍, സൂപ്രണ്ട് സുജിത്ത്, വാർഡ് കൗൺസിലർ സതീദേവി എന്നിവര്‍ പങ്കെടുത്തു.
ഈ മാസം അവസാന ആഴ്ചയോടെ സര്‍വീസ് ആരംഭിക്കും.ഹൗസ് ബോട്ടുകള്‍ വന്‍തുക ഈടാക്കുമ്പോള്‍ കുറഞ്ഞചെലവില്‍ കായല്‍കാഴ്ചകള്‍ കാണാനാകുമെന്നതാണ് പ്രത്യേകത.