കുറഞ്ഞ ചെലവിൽ ഒരു ട്രിപ്പ് പോയാലോ.., ഇനി സ്കൂളുകളിൽ നിന്ന് പഠനയാത്ര കെഎസ്ആർടിസിയിലും പോകാം.

ഒരു വിദ്യാർഥിപോലും പഠനയാത്രകളിൽനിന്ന് ഒഴിവായിപ്പോകരുതെന്ന ലക്ഷ്യത്തോടെ വിദ്യാലയങ്ങൾക്കായി ‘ട്രാവൽ ടു ടെക്നോളജി’ പദ്ധതിയുമായി കെ.എസ്.ആർ.ടി.സി. മിതമായ നിരക്കിൽ കുട്ടികൾക്ക് സുരക്ഷിതമായ പഠന ഉല്ലാസയാത്രകൾ ഒരുക്കുന്നതിനായി വയനാട് ജില്ലാ ബജറ്റ് ടൂറിസം സെല്ലാണ് പദ്ധതി ജില്ലയിൽ നടപ്പാക്കുന്നത്.

ബത്തേരി, കല്പറ്റ, മാനന്തവാടി ഡിപ്പോകൾ കേന്ദ്രീകരിച്ചാണ് യാത്രയൊരുക്കുന്നത്. ബസ് നിരക്ക്, ഉച്ചഭക്ഷണം, ചായ തുടങ്ങിയവയടങ്ങുന്നതാണ് പാക്കേജ്. കാണേണ്ട സ്ഥലങ്ങളും മറ്റും സ്കൂളുകളുടെ താത്പര്യപ്രകാരം നിശ്ചയിക്കും. യാത്രയ്ക്ക് വേണ്ട മറ്റ് സൗകര്യങ്ങളും സഹായങ്ങളും കെ.എസ്.ആർ.ടി.സി. നൽകും. പഠനത്തിനും ഉല്ലാസത്തിനുമൊപ്പം കെ.എസ്.ആർ.ടി.സി. യുടെ യാത്രാനുഭവം കുട്ടികൾക്ക് പകരാനും ലക്ഷ്യമിടുന്നു.

ശനിയാഴ്ച രാവിലെ ഏഴിന് പദ്ധതിയിലെ ആദ്യയാത്ര കോഴിക്കോട്ടേക്ക് നടത്തി. മാനന്തവാടി ഡിപ്പോയുടെ കീഴിൽ കബനിഗിരി നിർമല ഹൈസ്കൂളാണ് ആദ്യയാത്രയ്ക്ക് കെ.എസ്.ആർ.ടി.സി. യുമായി കൈകോർത്തത്. കോഴിക്കോട് പ്ലാനറ്റേറിയം, മ്യൂസിയം, ബീച്ച്, മിഠായിത്തെരുവ് തുടങ്ങിയ സ്ഥലങ്ങളാണ് സന്ദർശിച്ചത്. സ്കൂൾ കുട്ടികളായതിനാൽ പ്രവേശനഫീസ് ഇല്ലാതെ സന്ദർശിക്കാനാകും. കുട്ടികൾക്ക് തീവണ്ടി പരിചയപ്പെടാനും അവസരമൊരുക്കി. കുട്ടികളും അധ്യാപകരുമായി 49 പേരാണ് ആദ്യയാത്രയിലുണ്ടായത്.

Verified by MonsterInsights