കുട്ടികൾക്കിടയിൽ വ്യാപകമായി തക്കാളിപ്പനി, ലക്ഷണങ്ങൾ നിസ്സാരമാക്കരുത്.

കേരളത്തിലുൾപ്പെടെ നാല് സംസ്ഥാനങ്ങളിൽ തക്കാളിപ്പനി പടരുന്ന സാഹചര്യത്തിൽ ജാ​ഗ്രതാ നിർദേശവുമായി കേന്ദ്രആരോ​ഗ്യ മന്ത്രാലയം. നൂറോളം കേസുകളാണ് നിലവിൽ കേരളം, തമിഴ്നാട്, ഒഡീഷ, ഹരിയാന എന്നീ സംസ്ഥാനങ്ങളിലായി റിപ്പോർട്ട് ചെയ്യപ്പെട്ടിരിക്കുന്നത്. മേയ് ആറിനും ജൂലായ് 26-നുമിടയിൽ 82 കേസുകളാണ് കൊല്ലം ജില്ലയിലെ സർക്കാർ ആശുപത്രികളിൽ റിപ്പോർട്ട് ചെയ്തത്. ഒഡിഷയിലും 26 പേരിൽ രോഗം കണ്ടെത്തിയിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് ചൊവ്വാഴ്ച്ച കേന്ദ്രം ജാ​ഗ്രതാ നിർദേശം പുറത്തിറക്കിയത്ഒരുവയസ്സിനും പത്തുവയസ്സിനും ഇടയിൽ പ്രായമുള്ള കുട്ടികളെ ബാധിക്കുന്ന തക്കാളിപ്പനിക്ക് സാർസ് കോവ്-2 വൈറസ്, മങ്കിപോക്സ്, ഡെങ്കി, ചിക്കുൻ​ഗുനിയ എന്നിവയുമായി യാതൊരു ബന്ധവുമില്ലെന്ന് കേന്ദ്രം പുറത്തിറക്കിയ നിർദേശങ്ങളിൽ വ്യക്തമാക്കുന്നു. എന്നാൽ മറ്റ് വൈറൽ രോ​ഗങ്ങളിൽ കാണപ്പെടുന്ന പനി, ക്ഷീണം, ശരീരവേദന, ചർമത്തിലെ പാടുകൾ തുടങ്ങിയവ കാണപ്പെടാം. ശരീരശുചിത്വവും വൃത്തിയുമാണ് രോ​ഗത്തെപ്രതിരോധിക്കാനുള്ള പ്രധാന മാർ​ഗമെന്നും വ്യക്തമാക്കുന്നുണ്ട്. രോ​ഗലക്ഷണങ്ങൾ കണ്ടുതുടങ്ങിയാൽ അവ മറ്റുള്ളവരിൽ പടരാതിരിക്കാൻ അഞ്ചുമുതൽ ഏഴുദിവസത്തോളം ഐസൊലേഷനിലിരിക്കാനും നിർദേശമുണ്ട്.

koottan villa

 കുട്ടികളുടെ കൈവെള്ളയിലും, പാദത്തിലും, വായിലും ചുണ്ടിലുമെല്ലാം കണ്ടുവരുന്ന ഒരിനം വൈറസ് രോഗമാണ് ഹാൻഡ്-ഫൂട്ട്-മൗത്ത് ഡിസീസ്. ഈ രോഗം തക്കാളിപ്പനി എന്ന പേരിലും അറിയപ്പെടാറുണ്ട്. പൊതുവിൽ അഞ്ചുവയസിൽ താഴെയുള്ള കുട്ടികളെയാണ് ഈ രോഗം ബാധിക്കുന്നത്. അപൂർവമായി ഈ രോഗം മുതിർന്നവരിലും കാണാറുണ്ട്.പനി, ക്ഷീണം, സന്ധിവേദന, കൈവെള്ളയിലും കാൽവെള്ളയിലും വായ്ക്കകത്തും പൃഷ്ഠഭാഗത്തും കൈകാൽമുട്ടുകളുടെ ഭാഗത്തും ചുവന്ന കുരുക്കളും തടിപ്പുകളും എന്നിവയാണ് പ്രധാന രോഗ ലക്ഷണങ്ങൾ. വയറുവേദന, ഓക്കാനം, ഛർദ്ദി, വയറിളക്കം എന്നിവയും ഉണ്ടാകാം. ശക്തമായ തുടർച്ചയായ പനി, കഠിനമായ ക്ഷീണം, അസ്വസ്ഥത, കൈകാലുകളിലെ രക്തചംക്രമണത്തിനു തടസം എന്നീ ലക്ഷണങ്ങൾ കാണിച്ചാൽ ഉടൻ ഡോക്ടറുടെ സേവനം ലഭ്യമാക്കുക

 രോഗപ്പകർച്ച

രോഗബാധിതരിൽ നിന്നും നേരിട്ടാണ് രോഗം മറ്റുള്ളവരിലേക്ക് പകരുന്നത്. രോഗം ബാധിച്ച കുഞ്ഞുങ്ങളിൽ നിന്ന് മൂക്കിലേയും തൊണ്ടയിലെയും സ്രവം വഴിയോ, ഉമിനീർ, തൊലിപ്പുറമെയുള്ള കുമിളകളിൽ നിന്നുള്ള സ്രവം, രോഗിയുടെ മലം തുടങ്ങിയവ വഴിയുള്ള സമ്പർക്കം വഴിയോ മറ്റൊരാളിലേക്ക് പകരുന്നു. രോഗികളായ കുഞ്ഞുങ്ങൾ തൊട്ട കളിപ്പാട്ടങ്ങളും വസ്ത്രങ്ങളും മറ്റും തൊടുന്നത് വഴി പോലും രോഗം പകരാം.

ചികിത്സ

സാധാരണഗതിയിൽ ഒരാഴ്ച മുതൽ പത്ത് ദിവസം കൊണ്ട് രോഗം പൂർണമായും മാറും. രോഗം വന്ന് കഴിഞ്ഞാൽ ലക്ഷണങ്ങൾക്കനുസരിച്ചാണ് ചികിത്സിക്കുന്നത്. കുഞ്ഞിന്റെ അസ്വസ്ഥത കുറയ്ക്കുന്നതിനും രോഗലക്ഷണങ്ങൾ നിയന്ത്രിക്കുന്നതിനും ഇത് സഹായിക്കും.

പരിചരണം

രോഗം വന്ന കുഞ്ഞുങ്ങളുടെ ശരീരം എപ്പോഴും വൃത്തിയായും ശുചിയായും സൂക്ഷിക്കണം. കുളിപ്പിക്കുമ്പോൾ തേച്ചുരച്ച് കുമിള പൊട്ടിക്കരുത്. വായ്ക്കകത്തെ ബുദ്ധിമുട്ട് കുറയ്ക്കാൻ വൃത്തിയുള്ള തണുപ്പുള്ള ഭക്ഷണമെന്തെങ്കിലും കൊടുക്കാം. നിർജലീകരണം ഉണ്ടാകാതിരിക്കാൻ ധാരാളം വെള്ളം കുടിക്കണം. ദേഹത്തു വരുന്ന കുരുക്കൾ ചൊറിഞ്ഞുപൊട്ടാതിരിക്കാൻ ശ്രദ്ധിക്കണം. വസ്ത്രങ്ങൾ, കളിപ്പാട്ടങ്ങൾ തുടങ്ങിയവ മറ്റു കുട്ടികൾ ഉപയോഗിക്കാൻ അനുവദിക്കരുത്.

പ്രതിരോധം

മലമൂത്ര വിസർജനത്തിനു ശേഷവും ഭക്ഷണം കഴിക്കുന്നതിന് മുമ്പും കൈകൾ നന്നായി സോപ്പുപയോഗിച്ച് കഴുകാൻ കുട്ടികളെ പഠിപ്പിക്കണം. ചുമയ്ക്കുകയോ തുമ്മുകയോ ചെയ്യുമ്പോൾ, വൈറസ് പടരാതിരിക്കാൻ മൂക്കും വായും മൂടുകയും ഉടൻ കൈ കഴുകഴുകയും വേണം. കുഞ്ഞിനെ ശുശ്രൂഷിക്കുന്നവർ തൊടുന്നതിന് മുൻപും ശേഷവും കൈ സോപ്പിട്ട് കഴുകുക. ഇത് മറ്റുള്ളവരിലേക്ക് രോഗം പടരുന്നത് തടയും. രോഗബാധിതരായ കുട്ടികളെ അങ്കണവാടികളിലും സ്കൂളുകളിലും വിടരുത്. വീട്ടിലെ മറ്റ് കുട്ടികളുമായുള്ള ഇടപെടൽ ഈ കാലയളവിൽ ഒഴിവാക്കുക

.

Leave a Reply

Your email address will not be published. Required fields are marked *

Verified by MonsterInsights