കൊച്ചി: സംസ്ഥാന എക്സൈസ് വകുപ്പിന് കീഴിലെ വിമുക്തി ലഹരി വർജ്ജന മിഷൻ കോളജ് വിദ്യാർത്ഥികൾക്കായി നടത്തുന്ന ലഹരി വിരുദ്ധ പ്രചരണത്തിന്റെ ജില്ലാതല ഉദ്ഘാടനം നടൻ ജയകൃഷ്ണൻ നിർവഹിച്ചു. ബോധവൽക്കരണവും നിയമ നടപടികളും കാര്യക്ഷമമാക്കുകയാണ് ലഹരി മാഫിയയെ പിടിച്ചു കെട്ടാനുള്ള പോംവഴിയെന്ന് നടൻ ജയകൃഷ്ണൻ അഭിപ്രായപ്പെട്ടു. ലഹരി മാഫിയക്കെതിരെയുള്ള പ്രവർത്തനം കൂട്ടായ ജനകീയ മുന്നേറ്റമാക്കണം. ഇതിൻ്റെ ചങ്ങലകളെ പൊട്ടിക്കാൻ സർക്കാർ സംവിധാനത്തോടൊപ്പം ജനങ്ങളും കൈകോർക്കണം.ഇതോടൊപ്പം ലഹരിക്കടിമപ്പെട്ട് പോകുന്നവരെ ഒറ്റപ്പെടുത്താതെ സ്നേഹവും പരിചരണവും നൽകി ജീവിതത്തിലേക്ക് മടക്കി കൊണ്ട് വരണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ചടങ്ങിൽ വിമുക്തി മിഷൻ ജില്ലാ കോർഡിനേറ്റർ കെ.എ.ഫൈസൽ അധ്യക്ഷത വഹിച്ചു. എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ ജി.വിനോജ് മുഖ്യ പ്രഭാഷണം നടത്തി. എടത്തല എം.ഇ.എസ്.കോളേജ് ഓഫ് അഡ് വാൻസ്ഡ് സ്റ്റഡീസിലെ വിദ്യാർത്ഥികളാണ് ഉദ്ഘാടന ചടങ്ങിൽ പങ്കെടുത്തത്. ഇവർക്കായി വിമുക്തി സൈക്യാട്രിക് സോഷ്യൽ വർക്കർ ബിബിൻ ജോർജ് ക്ലാസ് നയിച്ചു. ബയോ ഇൻഫോമാറ്റിക് വിഭാഗം മേധാവി ടി.എ.ഷിഫ്നാ മോൾ സ്വാഗതവും എൻ.എസ്.എസ്. പ്രോഗ്രാം കോർഡിനേറ്റർ കെ.എസ്.സുനിത നന്ദിയും പറഞ്ഞു. ജില്ലയിലെ കോളജ് വിദ്യാർത്ഥികൾക്കിടയിൽ ലഹരി വിരുദ്ധ ബോധവൽക്കരണം സജീവമാക്കുന്നതിനാണ് പ്രചാരണം ലക്ഷ്യമിടുന്നത്. ആദ്യ ഘട്ടത്തിൽ ജില്ലയിലെ 14 കോളജുകളിലാണ് ബോധവൽക്കരണം.