ലതാ മങ്കേഷ്‌കറിന്റെ ശബ്ദമെന്ന് കരുതിയോ? പത്മഭൂഷൺ നേടിയ ഗായിക സുമൻ കല്യാൺപൂർ

മുംതാസും ഷമ്മി കപൂറും തകർത്തഭിനയിച്ച ഗാനമാണ് ” ആജ് കൽ തേരേ മേരേ പ്യാർ കെ ചർച്ചേ’. കണ്ണുകൾക്കും കാതിനും വിരുന്നൊരുക്കുന്ന ബ്രഹ്മചാരി (1968) എന്ന ചിത്രത്തിലെ ഈ ഗാനം ലതാ മങ്കേഷ്‌കറും മുഹമ്മദ് റാഫിയും ഒരുമിച്ച് ആലാപിച്ചതാണെന്നാകും പലരും കരുതിയിട്ടുണ്ടാകുക. എന്നാൽ ഈ ഗാനം ആലപിച്ചിരിക്കുന്നത് ലതാ മങ്കേഷ്കറല്ല. സുമൻ കല്യാൺപൂരും മുഹമ്മദ് റാഫിയും ചേർന്നാണ്.

സുമൻ കല്യാൺപൂരിന്റെയും ലതാ മങ്കേഷ്കറിന്റെയും ശബ്ദം വളരെ സാമ്യമുള്ളതാണ്. ചിലപ്പോൾ ഇത് വേർതിരിച്ചറിയാൻ പോലും വളരെ ബുദ്ധിമുട്ടാണ്. മുൻകാലങ്ങളിൽ, നിരവധി റെക്കോർഡുകളിലും റേഡിയോ സ്റ്റേഷനുകളിലും (റേഡിയോ സിലോൺ ഉൾപ്പെടെ) പിന്നണി ഗായികയുടെ പേര് ഇത്തരത്തിൽ മാറിപ്പോയിട്ടുണ്ട്. എന്നാൽ അവരെ കുറ്റപ്പെടുത്താൻ കഴിയില്ല. കാരണം ഇരുവരുടെയും ശബ്ദം അത്ര സമാനമായിരുന്നു. റോയൽറ്റി പ്രശ്‌നങ്ങളുടെ പേരിൽ 1960-കളുടെ തുടക്കത്തിൽ മുഹമ്മദ് റാഫിക്കൊപ്പം പാടാൻ ലത വിസമ്മതിച്ചപ്പോൾ, സംഗീത സംവിധായകർ ലതാ മങ്കേഷ്കർക്ക് പകരം തിരഞ്ഞെടുത്തിരുന്നത് സുമൻ കല്യാൺപൂറിനെയായിരുന്നു.

റാഫിയും സുമൻ കല്യാൺപൂരും 140-ഓളം ഗാനങ്ങൾ ഒരുമിച്ച് ആലപിച്ചു, ‘ആജ് കൽ തേരേ മേരേ’ ഇതിൽ ഏറ്റവും മികച്ച ഗാനമാണ്. ‘പർബത്തോൺ കേ പെഡോൺ പർ’ (ഷാഗുൻ, 1964), ‘തുംനേ പുകാര ഔർ ഹം ചലേ ആയേ’ (രാജ്കുമാർ, 1964), ‘ ബാദ് മുദ്ദത് കെ യേ ഘാഡി ആയേ’ (ജഹാൻ അരാ, 1964), ‘രഹേ നാ രഹേ ഹം’ (മംമ്ത, 1966), ‘തെഹ്‌രിയേ ഹോഷ് മേ ആ ലൂൺ’ (മൊഹബത് ഇസ്‌കോ കെഹ്‌തേ ഹേ, 1965) തുടങ്ങിയവയും ഇരുവരും ഒരുമിച്ച് ആലപിച്ച ഗാനങ്ങളാണ്.

തലത് മെഹ്മൂദുമായി സുമൻ കല്യാണിന് വളരെ അടുത്ത ബന്ധമാണുണ്ടായിരുന്നത്. അതിന് ശക്തമായ ഒരു കാരണവും ഉണ്ടായിരുന്നു. കോളേജിലെ സംഗീത പരിപാടിക്കിടയിൽ നിന്ന് സുമന്റെ കഴിവുകൾ കണ്ടെത്തിയതും അവർക്ക് സിനിമാ ഗാനരംഗത്തേയ്ക്ക് വഴികാട്ടിയതും തലത് ആയിരുന്നു. സുമൻ കല്യാൺപൂരിനൊപ്പം ദർവാസ എന്ന ചിത്രത്തിൽ (1954). ‘ഏക് ദിൽ ദോ ഹേ തലബ്ഗർ’ എന്ന ഗാനം അദ്ദേഹം ആലപിച്ചിരുന്നു.

1953ൽ മംഗു എന്ന ചിത്രത്തിന് വേണ്ടി ‘കോയി പുകരെ ധീരേ സേ തുജെ’ എന്ന ഗാനമാണ് സുമൻ കല്യാൺപൂർ ആദ്യമായി ആലപിച്ച ഹിന്ദി പിന്നണി ഗാനം. 1952-ൽ, ഓൾ ഇന്ത്യ റേഡിയോയിലും (AIR) അവർക്ക് അവസരം ലഭിച്ചിരുന്നു. സർ ജെ ജെ സ്കൂൾ ഓഫ് ആർട്‌സിൽ പെയിന്റിംഗ് പഠിച്ചിരുന്നെങ്കിലും, സുമൻ കല്യാൺപൂർ പിന്നീട് സംഗീതത്തിൽ തന്റെ വഴി കണ്ടെത്തുകയും ക്ലാസിക്കൽ സംഗീതത്തിൽ പരിശീലനം നേടുകയുമായിരുന്നു.

Verified by MonsterInsights