ലിഫ്റ്റിലെ കണ്ണാടി മുഖം നോക്കാന്‍ മാത്രമല്ല; അറിയാം ആരോഗ്യഗുണങ്ങള്‍

ഇന്നത്തെ കാലഘട്ടത്തില്‍ എല്ലാ ബഹുനില കെട്ടിടങ്ങളിലും ലിഫ്റ്റ് നിര്‍ബന്ധമായും ഉണ്ടാകും. ലിഫ്റ്റില്‍ കയറിയാല്‍ അതിലെ കണ്ണാടിയില്‍ മുഖസൗന്ദര്യം നോക്കാതെ പോകുന്ന ആരും തന്നെ ഉണ്ടാകില്ല. എന്തിനാണ് ലിഫ്റ്റില്‍ ഇത്തരത്തില്‍ കണ്ണാടി സ്ഥാപിക്കുന്നതെന്ന് ആലോചിച്ചിട്ടുണ്ടോ?. ജപ്പാനിലെ എലിവേറ്റര്‍ അസോസിയേഷന്‍ പുറത്തിറക്കിയ മാര്‍ഗനിര്‍ദേശത്തെ തുടര്‍ന്നാണ് ലിഫ്റ്റിനുള്ളില്‍ കണ്ണാടി നിര്‍ബന്ധമാക്കിയത്. ലിഫ്റ്റ് ഉപയോഗിക്കുന്ന ആളുകളുടെ മാനസികാരോഗ്യത്തെ മെച്ചപ്പെടുത്തുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നതെന്ന് വിദ്ഗധര്‍ പറയുന്നു.

ചിലര്‍ക്ക് ലിഫ്റ്റിനുള്ളില്‍ കയറുമ്പോള്‍ ക്ലോസ്‌ട്രോഫോബിക് അനുഭവപ്പെടാറുണ്ട്. ചെറുതും ഇടുങ്ങിയതുമായ സ്ഥലങ്ങളോടുള്ള ഭയമാണ് ക്ലോസ്‌ട്രോഫോബിക്. ഇത് ഉത്കണ്ഠ, ശ്വാസതടസം, കുടുങ്ങിയ പോലുള്ള തോന്നല്‍ എന്നിവ അനുഭവപ്പെടും. ചില ഗുരുതര സന്ദര്‍ഭങ്ങളില്‍ ഹൃദയാഘാതത്തിലേക്ക് വരെ ഇത് നയിക്കാം. ക്ലോസ്‌ട്രോഫോബിക് ഒരു പരിധി വരെ തടയാന്‍ കണ്ണാടി സഹായിക്കും. സാധാരണയായി കണ്ണാടികള്‍ ഒരു ചെറിയ സ്ഥലം വിശാലമാക്കി കാണിക്കും. ഇടുങ്ങിയ സ്ഥലത്ത് പെട്ടത്പോലുള്ള തോന്നൽ ഒഴിവാക്കാൻ ഇത് സഹായിക്കും.

ലിഫ്റ്റില്‍ കയറുന്നവരുടെ സുരക്ഷക്കും കണ്ണാടി വളരെ ഗുണം ചെയ്യും. ലിഫ്റ്റിനുള്ളില്‍ കുറ്റകൃത്യങ്ങള്‍ നടന്ന നിരവധി വിവരങ്ങൾ നമുക്ക് മുന്നിലുണ്ട്. ഇത്തരം കുറ്റകൃത്യങ്ങളിൽ നിന്ന് മുൻകരുതൽ എടുക്കാനും ലിഫ്റ്റിലെ കണ്ണാടികൾ സഹായകമാണ്. അടുത്ത് നില്‍ക്കുന്ന ആള്‍ എന്ത് ചെയ്യുന്നുവെന്ന് അറിയാന്‍ കണ്ണാടിയിലൂടെ നമുക്ക് കഴിയും. ഇത് അപകടങ്ങള്‍ തടയാനും സംശയാസ്പദമായ പ്രവര്‍ത്തനങ്ങളില്‍ ശ്രദ്ധ ചെലുത്താനും സഹായിക്കുന്നു.

കണ്ണാടിയെ ഒരു ശ്രദ്ധ തിരിക്കല്‍ ഉപകരണമായും ഉപയോഗിക്കാം. കണ്ണാടി കണ്ടാല്‍ ഒന്ന് നോക്കാത്തവര്‍ ഉണ്ടാകില്ല. ഇത് ശ്രദ്ധതിരിക്കാന്‍ സഹായിക്കും. ബഹുനില കെട്ടിടങ്ങളിലാണ് കൂടുതലായും ലിഫ്റ്റ് സ്ഥാപിക്കുന്നത്. ലിഫ്റ്റില്‍ കുറേ നേരം ചെലവഴിക്കേണ്ട അവസരങ്ങളില്‍ ശ്രദ്ധതിരിക്കാനും വിരസത അറിയാതിരിക്കാനും ഇത് സഹായിക്കും.

Verified by MonsterInsights