ലയണൽ മെസി PSG വിടുന്നു; കരാർ പുതുക്കില്ലെന്ന് ക്ലബിനെ അറിയിച്ചു

ക്ലബിന്റെ അധികൃതരുടെ സസ്പെൻഷന് പിന്നാലെ ലയണല്‍ മെസി പിഎസ്ജി(പാരീസ് സെയ്‌ന്റ് ജർമ്മൻ ക്ലബ്) വിടാനൊരുങ്ങുന്നതായി റിപ്പോർട്ട്. ഈ സീസൺ അവസാനിക്കുന്നതോടെ താരം ക്ലബ് വിടുമെന്നാണ് സൂചനകൾ. ക്ലബിന്റെ അനുമതിയില്ലാതെ സൗദി സന്ദർശിച്ചതിനാണ് താരത്തെ സസ്പെൻഡ് ചെയ്തത്.

രണ്ടാഴ്ചത്തേക്കാണ് സസ്പെന്‍ഷന്‍. സസ്പെന്‍ഷന്‍ കാലത്ത് മെസിക്ക് കളിക്കാനും പരിശീലിക്കാനും അനുമതിയില്ല. സസ്പെന്‍ഷന്‍ കഴിഞ്ഞ് തിരിച്ചെത്തുന്ന മെസിക്ക് ഈ സീസണില്‍ ഇനി കളിക്കാനാകുക മൂന്നു മത്സരങ്ങള്‍ മാത്രമാകും.

സൗദി ടൂറിസം അംബാസഡർ എന്ന നിലയിലാണ് സൗദി സന്ദർശനത്തിനായി മെസിയും കുടുംബവും എത്തിയത്. 2022 മേയിലാണ് സൗദി ടൂറിസം അതോറിറ്റി (എസ്ടിഎ) മെസിയെ ഔദ്യോഗിക ടൂറിസം ബ്രാൻഡ് അംബാസഡറായി പ്രഖ്യാപിച്ചത്.

ജൂണിൽ അവസാനിക്കുന്ന കരാർ പുതുക്കില്ലെന്ന് മെസി ക്ലബിനെ അറിയിച്ചിരിക്കുന്നതായണ് റിപ്പോര്‍ട്ടുകൾ പറയുന്നത്. വരുന്ന ട്രാൻസ്ഫർ ജാലകത്തിൽ മെസ്സി ബാഴ്സലോണയിലേക്ക് തന്നെ മടങ്ങുമെന്നാണ് പ്രതീക്ഷിക്കുന്നത്.

2021ലാണ് മെസ്സി ബാർസിലോന വിട്ട് പിഎസ്ജിയിൽ ചേർന്നത്. പിഎസ്ജി വിടുന്ന മെസ്സി സ്പാനിഷ് ക്ലബ് ബാര്‍സിലോനയിൽ ചേർന്നേക്കുമെന്നു നേരത്തേ റിപ്പോർട്ടുകളുണ്ടായിരുന്നു. മെസ്സിക്കു മുൻപിൽ സൗദി അറേബ്യൻ ക്ലബ് അൽ ഹിലാൽ വമ്പൻ ഓഫർ വച്ചിരുന്നു.

മെസ്സിയെ സ്വീകരിക്കാൻ തയാറാണെന്ന നിലപാടിലാണു ബാർസയെങ്കിലും, താരത്തിന്റെ വൻ വരുമാനമാണ് തലവേദന. ബാർസിലോനയുടെ ഇപ്പോഴത്തെ പരിശീലകൻ ചാവിയും മെസ്സിയും സ്പാനിഷ് ക്ലബിൽ സഹതാരങ്ങളായിരുന്നു. മെസ്സിയെ ബാർസയിൽ വേണമെന്നാണ് ചാവിയുടേയും നിലപാട്.

 
Verified by MonsterInsights