തെരഞ്ഞെടുക്കപ്പെട്ട ആശുപത്രികളിൽ സൗരോർജ്ജ പ്ലാന്റുകൾ ഈ വർഷം തന്നെ

*സംസ്ഥാനത്തെ പ്രഥമ ട്രാൻസ്‌ക്രാനിയൽ മാഗ്‌നെറ്റിക് സ്റ്റിമുലേഷൻ ഐകോൺസിൽ സ്ഥാപിക്കും

സംസ്ഥാനത്തെ തെരഞ്ഞെടുക്കപ്പെട്ട ആശുപത്രികളിൽ ഈ വർഷം തന്നെ സൗരോർജ്ജ പ്ലാന്റുകൾ സ്ഥാപിക്കുമെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ്. ആശുപത്രികളെ സംബന്ധിച്ച് ഏറ്റവും വലിയ ചെലവുകളിൽ ഒന്ന് വൈദ്യുതി ചാർജാണ്. വൈദ്യുതി ചാർജ് കുറയ്ക്കാനും ഹരിതചട്ടത്തിലേക്ക് ആശുപത്രികളെ മാറ്റാനുമുദ്ദേശിച്ചാണ് സൗരോർജ്ജ പ്ലാന്റുകൾ സ്ഥാപിക്കുന്നത്. അടുത്ത രണ്ടു വർഷത്തിനുള്ളിൽ സംസ്ഥാനത്തെ 10 സർക്കാർ മെഡിക്കൽ കോളജ് ആശുപത്രികളിൽ സമയബന്ധിതമായി സൗരോർജ പ്ലാന്റുകൾ സ്ഥാപിക്കും,” മന്ത്രി പറഞ്ഞു.

തിരുവനന്തപുരം പുലയനാർകോട്ടയിലെ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ കമ്മ്യൂണിക്കേറ്റീവ് ആന്റ് കോഗ്‌നിറ്റീവ് ന്യൂറോസയൻസിൽ (ഐകോൺസ്) സമ്പൂർണ്ണ സൗരോർജ പ്ലാന്റിന്റേയും രജതജൂബിലി കവാടത്തിന്റേയും ഉദ്ഘാടനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. ആരോഗ്യവകുപ്പിന്റെ  കീഴിലുള്ള സ്ഥാപനങ്ങളിൽ സമ്പൂർണമായി സൗരോർജ്ജ പ്ലാന്റ് സ്ഥാപിക്കുന്ന ആദ്യ സ്ഥാപനമാണ് ഐകോൺസ്.

പ്രതിമാസം 1.5 ലക്ഷം രൂപയാണ് വൈദ്യുതി ഇനത്തിൽ ഐകോൺസിൽ ചെലവ് വരുന്നത്. സൗരോർജ്ജ പ്ലാന്റ് വഴി ദിവസം 125 കിലോവാട്ട് വൈദ്യുതി ഉത്പാദിപ്പിക്കുന്നതോടെ വൈദ്യുതി ബില്ലിൽ വലിയ കുറവാണ് പ്രതീക്ഷിക്കുന്നത്.

ഐകോൺസിന്റെ തന്നെ ഷൊർണൂരിൽ ഉള്ള സ്ഥാപനത്തിലും സൗരോർജ്ജ പ്ലാന്റ് കമ്മീഷൻ ചെയ്യുന്നതോടെ രണ്ട് സ്ഥാപനങ്ങളിലും കൂടി ഒരു വർഷം സർക്കാറിന് വൈദ്യുതി ബിൽ ഇനത്തിൽ 25 ലക്ഷം രൂപ ലാഭിക്കാൻ കഴിയുമെന്ന് ആരോഗ്യമന്ത്രി ചൂണ്ടിക്കാട്ടി. സംസ്ഥാന സർക്കാരിന്റെ ആശുപത്രികളിൽ ഊർജ്ജ ഓഡിറ്റ് നടത്തുമെന്ന് അവർ പറഞ്ഞു.

കേരളത്തിൽ ആദ്യത്തെ ട്രാൻസ്‌ക്രാനിയൽ മാഗ്‌നെറ്റിക് സ്റ്റിമുലേഷൻ (ടി.എം.സി) ഐകോൺസിൽ സ്ഥാപിക്കാൻ ഉദ്ദേശിക്കുന്നതായും മന്ത്രി അറിയിച്ചു. ഐകോൺസിൽ 4000 ചതുരശ്ര അടി വിസ്തൃതിയുള്ള കെട്ടിടനിർമ്മാണം പൂർത്തിയായി. ഈ കെട്ടിടത്തിൽ ഭിന്നശേഷിക്കാരായ കുട്ടികൾക്കുള്ള കോഴ്‌സുകൾ തുടങ്ങും.

ഐകോൺസ് ക്യാമ്പസിന്റെ അതിർത്തി തർക്കങ്ങൾ പരിഹരിച്ച്ചുറ്റുമതിൽ നിർമ്മിച്ച്,  അടിസ്ഥാനസൗകര്യങ്ങളും മറ്റു ഉപകരണങ്ങളും ലഭ്യമാക്കി സർക്കാർ ഉദ്ദേശിച്ച രീതിയിലുള്ള വളർച്ചയിലേക്ക് സ്ഥാപനത്തെ കൊണ്ടുവരികയാണെന്നും മന്ത്രി പറഞ്ഞു.

 പരിപാടിയിൽ വാർഡ് കൗൺസിലർ എസ് സുരേഷ് കുമാർ അധ്യക്ഷത വഹിച്ചു. ഐകോൺസ് ഡയറക്ടർ ഡോ. സഞ്ജീവ് വി തോമസ് സംസാരിച്ചു.

Verified by MonsterInsights