ലയണൽ മെസി വീണ്ടും ലോക ഫുട്ബോളിന്റെ രാജാവ്

പാരീസിലെ വർണാഭമായ ചടങ്ങിൽ റോബർട്ട് ലെവൻഡോവ്സ്കിയുടെ അടുത്തിരിക്കുകയായിരുന്ന മെസ്സിയുടെ കണ്ണുകളിൽ ഭയമോ ആകാംക്ഷയോ ഒന്നും ഇല്ലായിരുന്നു. ശാന്തമായിരുന്നു ആ മുഖം. പുരസ്കാര വേദിയിൽ നിന്ന് ഫുട്ബോൾ താരം ദിദിയർ ദ്രോഗ്ബ ലയണൽ മെസ്സിയെന്ന് ഉറക്കെ പ്രഖ്യാപിച്ചപ്പോൾ വേദിയൊന്നടങ്കം കൈയടികളാൽ നിറഞ്ഞു. ഏഴാം തവണയും ബാലൺദ്യോർ പുരസ്കാരം മെസ്സി സ്വന്തമാക്കിയതിൽ ലോകം ആർത്തിരമ്പി.

പക്ഷേ ഞെട്ടലോ സന്തോഷമോ ഒന്നും മുഖത്തുപ്രകടിപ്പിക്കാതെ ആ കുറിയ മനുഷ്യൻ തിളങ്ങുന്ന കുപ്പായവുമിട്ട് വേദിയിലേക്ക് നടന്നുകയറി. ഈ സമയം മെസ്സിയുടെ ഭാര്യ ആന്റൊണെല്ല റൊക്കുസോയുടെ കണ്ണുകൾ ഈറനണിഞ്ഞിരുന്നു. വേദിയിലെത്തിയ മെസ്സിയുടെ മുഖം പ്രസന്നമായി. അദ്ദേഹം ഇങ്ങനെ പറഞ്ഞു.’ ലെവൻഡോവ്സ്കി, നിങ്ങളുടെ എതിരാളിയായതിൽ എനിക്കേറെ അഭിമാനമുണ്ട്. കഴിഞ്ഞ വർഷത്തെ പുരസ്കാരത്തിന് നിങ്ങളായിരുന്നു അർഹൻ’- മെസ്സി പറഞ്ഞു.

കോവിഡ് മൂലം 2020-ലെ ബാലൺദ്യോർ പുരസ്കാരങ്ങൾ പ്രഖ്യാപിച്ചിരുന്നില്ല. 2019-ൽ മെസ്സി തന്നെയാണ് പുരസ്കാരം സ്വന്തമാക്കിയത്. 2009, 2010, 2011, 2012, 2015 വർഷങ്ങളിലും മെസ്സി ബാലൺദ്യോർ പുരസ്കാരത്തിൽ മുത്തമിട്ടു. ഇത്തവണ 613 പോയന്റ് നേടിയാണ് മെസ്സി ഒന്നാം സ്ഥാനത്തെത്തിയത്. ലെവൻഡോവ്സ്കിയ്ക്ക് 580 പോയന്റാണ് ലഭിച്ചത്. പി.എസ്.ജിയ്ക്കും ബാഴ്സലോണയ്ക്കും അർജന്റീനയ്ക്കും വേണ്ടി മികച്ച പ്രകടനം പുറത്തെടുത്തതാണ് മെസ്സിയെ തുണച്ചത്. സീസണിന്റെ തുടക്കത്തിൽ മെസ്സിയുടെ ഫോമില്ലായ്മയിൽ സന്തോഷിച്ചവർക്കുള്ള ചുട്ട മറുപടിയാണ് താരത്തിന്റെ ഈ പുരസ്കാര നേട്ടം. അർജന്റീനയ്ക്ക് വേണ്ടി കോപ്പ അമേരിക്ക കിരീടവും ബാഴ്സലോണയ്ക്ക് വേണ്ടി കോപ്പ ഡെൽ ഫേ കിരീടവും നേടാൻ മെസ്സിയ്ക്ക് സാധിച്ചു. കഴിഞ്ഞ സീസണിൽ 30 ഗോളുകൾ അടിച്ചുകൊണ്ട് ലാ ലിഗയിലെ ടോപ്സ്കോറർ പദവിയും താരം സ്വന്തമാക്കി.

ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും.
എല്ലാവരും മാസ്‌ക് ധരിച്ചും
സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും
വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന്  അഭ്യര്‍ത്ഥിക്കുന്നു.
Verified by MonsterInsights