പഴങ്ങൾ കഴിക്കാൻ താല്പര്യമുള്ളവർ വളരെ ഇഷ്ടപ്പെടുന്ന പഴവർഗ്ഗമാണ് സ്ട്രോബെറി (Strawberry). മിക്ക സ്ഥലങ്ങളിലും കൃഷി ചെയ്യാൻ സാധിക്കുന്ന സ്ട്രോബെറി ചെറിയ നെല്ലിക്കയുടെ വലുപ്പത്തിൽ ചുവന്ന നിറത്തിലാണ് കാണപ്പെടുന്നത്. എന്നാൽ ഇസ്രായേലിൽ (Israel) നിന്നുള്ള ഒരു കൃഷിക്കാരന്റെ തോട്ടത്തിൽ ഉണ്ടായ സ്ട്രോബെറി എല്ലാവരെയും ഞെട്ടിച്ചിരിക്കുകയാണ്. 289 ഗ്രാം ഭാരമുള്ള ഈ സ്ട്രോബറി ഗിന്നസ് ബുക്കിലും (Guinness World Record) ഇടം പിടിച്ചുകഴിഞ്ഞു.
ഇസ്രായേലിലെ കദീമ-സോറനിൽ (Kadima-Zoran) നിന്നുള്ള ഏരിയൽ ചാഹി (Ariel Chahi) എന്ന കൃഷിക്കാരനാണ് ഭീമൻ സ്ട്രോബെറി വിളയിച്ചത്. 2021 ഫെബ്രുവരി 12ന് നട്ട സ്ട്രോബെറി വളർന്ന് 290 ഗ്രാം ഭാരമുള്ളതായി മാറുകയായിരുന്നു. 18 സെന്റിമീറ്റർ നീളവും 4 സെന്റിമീറ്റർ കനവും 34 സെന്റിമീറ്റർ ചുറ്റളവുമുള്ള ഈ പഴം ഏറ്റവും ഭാരം കൂടിയ സ്ട്രോബറിക്കുള്ള ഗിന്നസ് വേൾഡ് റെക്കോർഡാണ് സ്വന്തമാക്കിയത്.
4.6 ദശലക്ഷത്തിലധികം ഫോളോവേഴ്സുള്ള ഗിന്നസ് വേൾഡ് റെക്കോർഡ്‌സിന്റെ ഔദ്യോഗിക ഇൻസ്റ്റാഗ്രാം അക്കൗണ്ടിലൂടെയാണ് ഭീമൻ സ്ട്രോബെറിയെക്കുറിച്ചുള്ള വിവരം ലോകമറിഞ്ഞത്. “ഏരിയൽ ചാഹി വളർത്തിയ, ലോകത്തെ ഏറ്റവും ഭാരമേറിയ സ്ട്രോബെറി. ഭാരം 289 ഗ്രാം (10.19 ഓസ്)” എന്ന അടിക്കുറിപ്പോടുകൂടി സ്‌ട്രോബറിയുടെ വീഡിയോ ഗിന്നസ് റെക്കോർഡ് അധികൃതർ പങ്കുവെച്ചു. വീഡിയോ ഇതുവരെ 12 ലക്ഷത്തിലധികം ആളുകൾ കാണുകയും ഒരു ലക്ഷത്തിലധികം ലൈക്കുകൾ നേടുകയും ചെയ്തു.
ഇലാൻ എന്ന ഇനത്തിൽപ്പെട്ട സ്ട്രോബെറിയാണിത്. യഥാർത്ഥത്തിൽ ഈ ഇനം ആദ്യമായി വളർത്തിയത് ഇസ്രായേലിന്റെ കാർഷിക ഗവേഷണ സംഘടനയിലെ ഗവേഷകനായ ഡോ. നിർ ദായിയാണ്. ഇലാൻ എന്ന ഇനം പൊതുവെ വലിപ്പം കൂടിയ സ്ട്രോബറികളാണ്.സ്ട്രോബെറി കൃഷി ചെയ്യുമ്പോൾ സാധാരണയായി ഒന്നിലധികം ബെറികൾ കൂടി ചേർന്ന് ഭീമൻ സ്ട്രോബെറി രൂപപ്പെടാറുണ്ട്. എന്നാൽ ഒരെണ്ണം തന്നെ ഇത്ര വലുപ്പത്തിൽ വളരുന്നത് ഇതാദ്യമായാണ്. ലോകത്തിലെ ഏറ്റവും ഭാരമേറിയ സ്ട്രോബെറിയ്ക്കുള്ള മുമ്പത്തെ റെക്കോർഡ് 250 ഗ്രാം ഭാരമുള്ളതിനായിരുന്നു.