ലോകത്തിന് വയസാകുന്നു; ഇന്ത്യൻ യുവാക്കൾക്ക് വിദേശത്ത് ജോലി സാധ്യതയേറെ

വികസിത രാജ്യങ്ങളിൽ പലതിലും ജനങ്ങൾക്ക് വയസായിക്കൊണ്ടിരിക്കുകയാണ്. ഉൽപ്പാദനക്ഷമത ഏറ്റവും കൂടുതലുള്ള ചെറുപ്പക്കാരേക്കാൾ വയോധികരുടെ എണ്ണം കൂടുന്നതുകൊണ്ട് സമ്പദ് വ്യവസ്ഥയുടെ ഭാവിയെക്കുറിച്ചുള്ള ആശങ്കകൾ യൂറോപ്പിലും, അമേരിക്കയിലും ജപ്പാനിലും കൂടുന്നുണ്ട്.

കണക്കുകൾ പരിശോധിക്കുമ്പോൾ ആകെ ജനസംഖ്യയിൽ യുവജനതയുടെ അനുപാതം കൂടിയിരിക്കുന്നത് ഇന്ത്യൻ സമ്പദ് വ്യവസ്ഥയുടെ വിപണി വളർച്ചക്ക് വലിയൊരു അനുകൂല ഘടകമാണ്. അതുപോലെ ‘വയസായി തുടങ്ങുന്ന’ പല രാജ്യങ്ങളും കുടിയേറ്റം പ്രോത്സാഹിപ്പിക്കുന്നതും കൂടുതൽ ആളുകൾക്ക് ജോലി സാധ്യത നൽകും.

ഉൽപാദനം

ഉൽപ്പാദനപരമായ ജനസംഖ്യയുടെ എണ്ണം കുറയുന്നത് ഒരു രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥക്ക് വൻ ഭീഷണിയാണ്. റോബോട്ടുകളെകൊണ്ട് പല പണികളും ചെയ്യിച്ചു കാര്യങ്ങൾ നന്നായി കൊണ്ടുപോകാം എന്ന് തിയറികൾ പറയുന്നുണ്ടെങ്കിലും, അത് പല രീതിയിലും പ്രായോഗികമായി ഫലപ്രദമാകുന്നില്ല. കൂടിയാൽ മനുഷ്യരുടെ ജോലി സാധ്യത കുറയുകയല്ല, കൂടുകയാണ് എന്ന സാധ്യത കംപ്യൂട്ടറുകളുടെ വരവോടെ അനുഭവിച്ചറിഞ്ഞതാണ്. ഉള്ളവരും, ഇല്ലാത്തവരും തമ്മിലുള്ള അന്തരം കൂട്ടുമെന്ന വാദഗതികളുണ്ടെങ്കിലും റോബോട്ടിക് മേഖല ഇപ്പോഴും ശൈശവ ദിശയിലായതിനാൽ കൂടുതൽ തൊഴിലവസരങ്ങൾ ഇതിലും വരുമെന്ന് വിദഗ്ധർ പറയുന്നു.

ആരോഗ്യ പരിപാലന ചെലവുകൾ

ആരോഗ്യ പരിപാലന ചെലവുകളും, ആരോഗ്യ മേഖലയിലെ ജോലി സാധ്യതയും കുത്തനെ കൂടുന്ന ഒരു അവസ്ഥയും ഇപ്പോൾ പല വിദേശ രാജ്യങ്ങളിലുമുണ്ട്. നഴ്സിങ് കോഴ്സുകൾ പഠിച്ചിറങ്ങിയാൽ ആർക്കും ജോലി ലഭിക്കാതെയിരിക്കുന്ന ഒരു സ്ഥിതി വിശേഷം ഉണ്ടാകില്ലെന്ന് ചുരുക്കം.

സമ്പദ് വ്യവസ്ഥകളുടെ മൊത്തത്തിലുള്ള ആരോഗ്യത്തെ പിന്നോട്ട് വലിക്കുന്ന ഒരു പ്രധാന ഘടകമായി മാറുകയാണ് വയോധികരുടെ എണ്ണം കൂടുന്ന പ്രശ്നം. വികസിത രാജ്യങ്ങളിൽ വയസ്സാകുന്ന ജനസംഖ്യക്ക് ആനുപാതികമായി കുട്ടികൾ കൂടുതൽ ഉണ്ടാകുന്നുമില്ല. ചൈന പോലും ഒറ്റ കുട്ടി നയത്തിൽ നിന്നും മാറിയത് ഇത്തരമൊരു പ്രശ്നത്തെ മുൻകൂട്ടി കണ്ടുകൊണ്ടാണ്. മനുഷ്യ വിഭവ ശേഷി കൂടുതലുള്ളത് കൊണ്ടാണ് ഇന്ത്യ മറ്റു രാജ്യങ്ങളെ അഞ്ചോ പത്തോ വർഷത്തിൽ കടത്തിവെട്ടുമെന്നു പറയുന്നതിന്റെ യുക്തി നിൽക്കുന്നത്.

Verified by MonsterInsights