പ്രായമാകുമ്പോള്‍ മക്കള്‍ തങ്ങളെ നന്നായി നോക്കുമെന്ന് വിശ്വസിച്ച്, സ്വന്തം പേരിലുള്ള സ്വത്ത് മക്കള്‍ക്കു നല്‍കുന്ന മാതാപിതാക്കളുണ്ട്. എന്നാല്‍, സ്വത്തും സമ്പാദ്യങ്ങളും കിട്ടിയശേഷം വയോധികരായ മാതാപിതാക്കളെ സംരക്ഷിക്കാതിരിക്കുകയും അവഗണിക്കുകയും ചെയ്യുന്നവരുടെ എണ്ണം കൂടിവരുകയാണ്. ഇത്തരം മക്കളിൽനിന്ന് സ്വത്ത് വയോജനങ്ങൾക്കുതന്നെ തിരികെ ലഭിക്കുന്നതിന് സഹായിക്കുന്ന നിയമമാണ് ‘മാ താപിതാക്കളുടെയും മുതിർന്ന പൗരന്മാരുടെയും സംരക്ഷണത്തിനും ക്ഷേമത്തിനുമുള്ള നിയമം-2007സംരക്ഷിച്ചുകൊള്ളാം എന്ന വ്യവസ്ഥയിൽ ഇഷ്ടദാന പ്രകാരവും മറ്റും സ്വത്ത് കൈവശപ്പെടുത്തിയശേഷം മുതിർന്ന പൗരന്മാരെ സംരക്ഷിക്കുന്നില്ലെങ്കിൽ ആ സ്വത്തുകൈമാറ്റം റദ്ദുചെയ്യുന്നതിനും ആധാരം അസാധുവായി പ്രഖ്യാപിക്കുന്നതിനും മെയ്ന്റനൻസ് ട്രൈബ്യൂണലിന് അധികാരമുണ്ട്. എന്നുവെച്ചാല്‍, സംരക്ഷിക്കാത്ത മക്കള്‍ക്ക് നല്‍കിയ സ്വത്ത് രക്ഷിതാക്കള്‍ക്ക് തിരിച്ചുകിട്ടുമെന്നര്‍ഥം!
വയോജനങ്ങളുടെ അവകാശങ്ങൾ സംരക്ഷിക്കുക, അവരെ പീഡനങ്ങളിൽനിന്നും ചൂഷണങ്ങളിൽനിന്നും അവഗണനയിൽനിന്നും രക്ഷിക്കുക തുടങ്ങിയ ലക്ഷ്യങ്ങളുമായി നമ്മുടെ രാജ്യത്ത് 2007ൽ പ്രാബല്യത്തിൽ വന്ന നിയമമാണിത്. 60 വയസ്സ് കഴിഞ്ഞവരെയാണ് നിയമപ്രകാരം മുതിർന്ന പൗരന്മായി കണക്കാക്കുന്നത്. എന്നാൽ, ഈ നിയമത്തിന്റെ ആനുകൂല്യം ലഭിക്കാൻ മാതാപിതാക്കൾക്ക് 60 വയസ്സ് പൂർത്തിയാകണം എന്നില്ല. സ്വന്തം അച്ഛനും അമ്മയും മാത്രമല്ല, കുട്ടികളെ ദത്തെടുക്കുന്നവർ, രണ്ടാനച്ഛൻ, രണ്ടാനമ്മ എന്നിവരും മാതാപിതാക്കളുടെ നിർവചനത്തിൽപെടും. നിയമപ്രകാരം മാതാപിതാക്കളുടെ സംരക്ഷണം മക്കളുടെയും മുതിർന്ന പൗരന്മാരുടെ സംരക്ഷണം ബന്ധുക്കളുടെയും ഉത്തരവാദിത്തമാണ്. സ്വന്തം വരുമാനത്തിൽനിന്നോ ഉടമസ്ഥതയിലുള്ള സ്വത്തിൽനിന്നോ സ്വയം സംരക്ഷണ ചെലവ് കണ്ടെത്താൻ സാധിക്കാത്ത അവസ്ഥയിലുള്ള മാതാപിതാക്കൾക്ക് മക്കളിൽനിന്നും മക്കളില്ലാത്ത മുതിർന്ന പൗരന്മാർക്ക് ബന്ധുക്കളിൽനിന്നും സംരക്ഷണ ചെലവ് ലഭിക്കാൻ അവകാശമുണ്ട്.
പണം മാത്രമല്ല സംരക്ഷണം
സംരക്ഷണം എന്നതുകൊണ്ട് അര്‍ഥമാക്കുന്നത്, പണം മാത്രമല്ല മറിച്ച് ആഹാരം, വസ്ത്രം, താമസം, ചികിത്സ തുടങ്ങി വാര്‍ധക്യകാലത്ത് ഒരു വ്യക്തിക്ക് അത്യാവശ്യം വേണ്ട എല്ലാ സൗകര്യങ്ങളുമാണ്. ശരിയായ പരിപാലനം, വിനോദം, വിശ്രമം തുടങ്ങിയവ ‘ക്ഷേമം’ എന്ന നിര്‍വചനത്തില്‍ ഉള്‍പ്പെടും. മക്കൾ എന്ന നിർവചനത്തിൽ മകനും മകളും മാത്രമല്ല, പേരക്കുട്ടികളും ഉൾപ്പെടും. എന്നാൽ, പ്രായപൂർത്തിയാവാത്ത കുട്ടികൾ പെടില്ല. മക്കളോ പേരക്കുട്ടികളോ ഇല്ലാത്ത മുതിർന്നവർ ആണെങ്കിൽ ബന്ധുവിൽനിന്ന് സംരക്ഷണ ചെലവ് ലഭിക്കാൻ അവകാശമുണ്ട്. ബന്ധു എന്നാൽ മക്കളില്ലാത്ത മുതിർന്ന പൗരന്മാരുടെ സ്വത്ത് കൈവശംവെച്ച് ഉപയോഗിക്കുന്നവരോ അല്ലെങ്കിൽ ഇവരുടെ സ്വത്തിൽ പിന്തുടർച്ചാവകാശം ലഭിക്കുന്നവരോ ആയ പ്രായപൂർത്തിയായ വ്യക്തിയാണ്.മെയ്ന്റനന്‍സ് ട്രൈബ്യൂണൽ
മാതാപിതാക്കളെ മക്കളോ മുതിര്‍ന്ന പൗരന്മാരെ ബന്ധുക്കളോ സംരക്ഷിക്കുന്നില്ലെങ്കിൽ അവര്‍ക്ക് മെയ്ന്റനന്‍സ് ട്രൈബ്യൂണലിൽ പരാതി നല്‍കാവുന്നതാണ്. മെയ്ന്റനന്‍സ് ട്രൈബ്യൂണലുകളുടെ ചുമതല റവന്യൂ ഡിവിഷനൽ ഓഫിസർ(ആര്‍.ഡി.ഒ)മാര്‍ക്കാണ്. മാതാപിതാക്കൾക്കോ മുതിർന്ന പൗരനോ ട്രൈബ്യൂണലിൽ നേരിട്ട് പരാതി നൽകാം. നേരിട്ട് പരാതി നൽകാനുള്ള കഴിവില്ലെങ്കിൽ അവർ അധികാരപ്പെടുത്തിയ ഏതെങ്കിലും വ്യക്തിക്കോ സംഘടനക്കോ പരാതി നൽകാം. ട്രൈബ്യൂണലുകൾക്ക് സ്വമേധയാ കേസെടുക്കാനുള്ള അധികാരവുമുണ്ട്. പരാതി ലഭിച്ചാല്‍ എതിര്‍കക്ഷികള്‍ക്ക് നോട്ടീസ് അയക്കുകയും അവരുടെ ഭാഗം വിശദീകരിക്കാന്‍ ട്രൈബ്യൂണല്‍ അവസരം നല്‍കുകയും ചെയ്യും.
പരാതി ശരിയാണെന്ന് ട്രൈബ്യൂണലിന് ബോധ്യമാകുന്ന പക്ഷം, അവരോട് സംരക്ഷണ ചെലവ് നല്‍കുന്നതിന് ട്രൈബ്യൂണല്‍ ഉത്തരവിടും. പരാതി ലഭിച്ചുകഴിഞ്ഞാൽ പരമാവധി 90 ദിവസത്തിനുള്ളിൽ തീർപ്പാക്കേണ്ടതാണ്. സംരക്ഷണത്തുകയായി ഒരു മാസം പരമാവധി 10,000 രൂപ വിധിക്കാൻ ട്രൈബ്യൂണലിന് അധികാരമുണ്ട്. കേസ് വിധിയായശേഷവും എതിർകക്ഷികൾ സംരക്ഷണ ചെലവ് നൽകുന്നില്ലെങ്കിൽ അക്കാര്യം മൂന്നു മാസത്തിനകം അപേക്ഷകൻ/അപേക്ഷക ട്രൈബ്യൂണലിനെ അറിയിക്കണം. തുക ഈടാക്കാൻ ട്രൈബ്യൂണൽ എതിർകക്ഷികൾക്ക് വാറന്റ് പുറപ്പെടുവിക്കും. എന്നിട്ടും തുക നൽകുന്നില്ലെങ്കിൽ എതിർകക്ഷിക്ക് ഒരു മാസമോ അല്ലെങ്കിൽ സംരക്ഷണ ചെലവ് കൊടുക്കുന്നതുവരെയോ ഏതാണോ ഇതിൽ കുറവ് അത്രയും കാലത്തേക്ക് ജയിൽശിക്ഷ നൽകുന്നതിന് നിയമത്തിൽ വ്യവസ്ഥയുണ്ട്. തെളിവെുപ്പിനും രേഖകൾ വരുത്തി പരിശോധിക്കുന്നതിനും ട്രൈബ്യൂണലിന് ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റിന്റെയും സിവിൽ കോടതിയുടെയും അധികാരങ്ങളുണ്ടായിരിക്കും. ട്രൈബ്യൂണൽ വിധിക്കെതിരെ ജില്ല കലക്ടർക്ക് 60 ദിവസത്തിനകം അപ്പീൽ നൽകാം. ഇരുകൂട്ടർക്കും സ്വീകാര്യമാണെങ്കിൽ പരാതി ചർച്ചചെയ്‌തു പരിഹരിക്കുന്നതിനായി ഒരു കൺസിലിയേഷൻ ഓഫിസർക്ക് കൈമാറാനും നിയമത്തിൽ വ്യവസ്ഥയുണ്ട്. നിയമപ്രകാരം മെയ്ൻറനൻസ് ഓഫിസറുടെ സേവനം ലഭ്യമാണ്. ജില്ലാ സാമൂഹ്യനീതി ഓഫിസറാണ് മെയ്ൻറനൻസ് ഓഫിസർ. ഹരജിക്കാർ ആഗ്രഹിക്കുന്നപക്ഷം അവരെ ട്രൈബ്യൂണലിലും അപ്പലേറ്റ് ട്രൈബ്യൂണലിലും മെയ്ൻറനൻസ് ഓഫിസർ പ്രതിനിധാനം ചെയ്യും.
കേരള സര്‍ക്കാര്‍ രൂപവത്കരിച്ച ചട്ടങ്ങള്‍പ്രകാരം ഓരോ ജില്ലയിലും പൊലീസ് മേധാവികള്‍ മുതിര്‍ന്ന പൗരന്മാരുടെ സ്വത്തിനും ജീവനും സംരക്ഷണം നല്‍കുന്നതിന് നടപടികള്‍ സ്വീകരിക്കണം. ഓരോ പൊലീസ് സ്റ്റേഷനിലും മുതിര്‍ന്ന പൗരന്മാരുടെ, പ്രത്യേകിച്ച് ഒറ്റക്കു താമസിക്കുന്നവരുടെ പട്ടിക സൂക്ഷിക്കണം. മാസത്തിലൊരിക്കലെങ്കിലും പൊലീസ് സ്‌റ്റേഷനിലെ ഒരു പ്രതിനിധി ഒരു സാമൂഹികപ്രവര്‍ത്തകനോടൊപ്പം അവരെ സന്ദര്‍ശിക്കണമെന്നും മുതിര്‍ന്ന പൗരന്മാരുടെ പ്രശ്‌നങ്ങളും പരാതികളും പൊലീസ് അടിയന്തര പ്രാധാന്യത്തോടെ ശ്രദ്ധിക്കണമെന്നും വയോജന സംരക്ഷണ ചട്ടങ്ങളിൽ നിർദേശമുണ്ട്.
വയോജനങ്ങളെ ഉപേക്ഷിച്ചാൽ ശിക്ഷ
ബസ് സ്റ്റാൻഡിലും റെയിൽവേ സ്റ്റേഷനിലും തെരുവിലും മറ്റും ഉപേക്ഷിക്കപ്പെടുന്ന വയോജനങ്ങളുടെ എണ്ണം ഇന്ന് കൂടുകയാണ്. ഇങ്ങനെ വയോജനങ്ങളെ ഉപേക്ഷിക്കുന്നവർക്ക് ശിക്ഷ നൽകാൻ നിയമത്തിൽ വ്യവസ്ഥയുണ്ട്. മുതിര്‍ന്ന പൗരന്മാരെ ഉപേക്ഷിക്കുകയോ നാടുകടത്തുകയോ ചെയ്യുന്നത് മൂന്നു മാസം തടവോ 5000 രൂപ പിഴയോ രണ്ടുംകൂടിയോ ശിക്ഷ ലഭിക്കാവുന്ന കുറ്റകൃത്യമാണ്. സര്‍ക്കാര്‍ ആശുപത്രികളിലും സര്‍ക്കാര്‍ സഹായം ലഭിക്കുന്ന ആശുപത്രികളിലും മുതിര്‍ന്ന പൗരന്മാര്‍ക്ക് പ്രത്യേക ക്യൂ അടക്കമുള്ള പരിഗണന നല്‍കണമെന്നും വാര്‍ധക്യകാല രോഗങ്ങളെക്കുറിച്ച് പഠിക്കാന്‍ പ്രത്യേക സംവിധാനമുണ്ടാക്കണമെന്നും നിയമം നിഷ്‌കര്‍ഷിക്കുന്നു.