മാലിന്യ സംസ്കരണത്തിന്റെ പ്രാധാന്യം ജനങ്ങളെ ബോധവൽക്കരിക്കുന്നതിനായി ജില്ലാ കളക്ടർ ഡോ. ദിവ്യ എസ്.അയ്യറിന്റെ നേതൃത്വത്തിൽ ഹരിതകർമ സേനാംഗങ്ങൾക്കൊപ്പം മൈലപ്ര ആറാം വാർഡിലെ വീടുകളിൽ സന്ദർശനം നടത്തി. തങ്ങളുടെ കൂട്ടത്തിൽ ജില്ലാ കളക്ടർ നേരിട്ടെത്തിയപ്പോൾ ഹരിതകർമ സേനാംഗങ്ങൾക്കും ആവേശമായി.
മാലിന്യസംസ്കരണം സർക്കാരിന്റെയും പൊതുജനങ്ങളുടെയും മുൻഗണന വിഷയമാണെന്ന് കലക്ടർ ഡോ. ദിവ്യ എസ് അയ്യർ പറഞ്ഞു.
നമ്മുടെ ജീവിതത്തെയും സമൂഹത്തെയും മാലിന്യമുക്തമാക്കുന്ന പരിപാവനമായ കർമമാണു സേന ചെയ്യുന്നത്. ഈ പ്രവർത്തനങ്ങളെ കാര്യക്ഷമമാക്കാൻ എല്ലാ കുടുംബങ്ങളും സഹകരിക്കണമെന്നും കലക്ടർ പറഞ്ഞു.
മൈലപ്ര പഞ്ചായത്തിലെ ആറാം വാർഡിനു പുറമേ പത്തനംതിട്ട നഗരസഭ 8-ാം വാർഡിലെ കടകളിലും സേനാംഗങ്ങൾക്കൊപ്പം കലക്ടർ സന്ദർശനം നടത്തുകയും അവരുടെ കൂടെ പ്രവര്‍ത്തിക്കുകയും ചെയ്തു.
മൈലപ്ര പഞ്ചായത്ത് അംഗങ്ങളായ ശോശാമ്മ, സാജു മണിദാസ്, ശുചിത്വമിഷൻ ജില്ലാ കോഓർഡിനേറ്റർ നിസ റഹ്മാൻ, ജില്ലാ ഡപ്യൂട്ടി കോഓർഡിനേറ്റർ അതുൽ സുന്ദർ, സോഷ്യൽ എക്സ്പേർട്ട് എം.ബി.ശ്രീവിദ്യ, മോണിറ്ററിങ് എക്സ്പർട്ട് ലക്ഷ്മി പ്രിയദർശിനി, എൻവയൺമെന്റൽ എൻജിനീയർ ആതിര വിജയൻ തുടങ്ങിയവർ കലക്ടർക്ക് ഒപ്പമുണ്ടായിരുന്നു.