മനുഷ്യ ശരീരത്തിലെത്തുന്നത് 3600ൽ പരം മാരക രാസവസ്തുക്കൾ; പാക്ക്ഡ് ഭക്ഷണങ്ങൾ വില്ലന്മാർ !

പാക്ക്ഡ് ഭക്ഷണങ്ങൾ അധികമായി ഉപയോഗിക്കുന്നവരാകുമല്ലോ നമ്മൾ എല്ലാവരും. ഇന്നത്തെ കാലത്തെ വേഗതയേറിയ ജീവിതത്തിൽ അവ നമുക്ക് ഒഴിച്ചുകൂടാനാകാത്തതാണ്. പച്ചക്കറി മുതൽ പലഹാരം വരെ, കറി മസാല മുതൽ റെഡിമെയ്ഡ് ഭക്ഷണം വരെ എല്ലാം നമ്മൾ പാക്ക്ഡ് ആയി വാങ്ങുന്നവരാണ്. എന്നാൽ അതെത്ര ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാക്കുന്നുവെന്ന് നമ്മൾ അറിയുന്നുണ്ടോ?

സമീപകാലത്ത് നടന്ന ഒരു പഠനം പാക്ക്ഡ് ഭക്ഷണങ്ങളും ഭക്ഷണ പദാർത്ഥങ്ങളും കൂടുതലായി ഉപയോഗിക്കുന്നവരെ സംബന്ധിച്ച് വളരെ പ്രധാനമാണ്. ഇത്തരം പാക്ക്ഡ് ഭക്ഷണങ്ങളിലെ പ്ലാസ്റ്റിക്കിലും മറ്റുമായി കാണപ്പെടുന്ന 3600ൽ പരം മാരക രാസവസ്തുക്കളെ മനുഷ്യശരീരങ്ങളിലും കണ്ടെത്തിയിരിക്കുകയാണത്രെ. സംഖ്യ വായിച്ചല്ലോ; നൂറോ ആയിരമോ അല്ല, 3600ൽ പരം ! ഇവയിൽ നിരവധി രാസവസ്തുക്കൾ നമ്മുടെ ശരീരത്തിനും ആരോഗ്യത്തിനും അത്യന്തം ഹാനികരമായവയാണ് !

ഫുഡ് പാക്കേജിങ് ഫൗണ്ടേഷൻ എന്ന എൻജിഒയാണ് ഈ പഠനം നടത്തിയിരിക്കുന്നത്. ഇവർ കണ്ടെത്തിയിരിക്കുന്ന രാസവസ്തുക്കളിൽ പലതും മുൻപേതന്നെ മനുഷ്യ ശരീരങ്ങളിൽ ഉള്ളവയാണെന്നതാണ് ഞെട്ടിക്കുന്ന മറ്റൊരു കാര്യം. ഇത്തരത്തിൽ നിരവധി രാസവസ്തുക്കളെ കണ്ടെത്തി ഈ എൻജിഒ മുൻപെത്തന്നെ ക്രോഡീകരിച്ചിട്ടുമുണ്ടായിരുന്നു. എന്നാൽ എങ്ങനെയാണ് പാക്കേജുകളിൽ നിന്ന് ഇവ മനുഷ്യ ശരീരത്തിലേക്കെത്തുന്നതെന്ന് കണ്ടെത്താനായിട്ടില്ല.

ബിസ്‌ഫെനോൾ എ, താലേറ്റ്സ്, ഒളിഗോമേഴ്‌സ് തുടങ്ങിയ രാസവസ്തുക്കളാണ് ഈ എൻജിഒ കണ്ടെത്തിയതിൽ ഏറ്റവും മാരകമായവ. ബിസ്‌ഫെനോൾ എ, താലേറ്റ്സ് തുടങ്ങിയവ ഹോർമോണുകളെ ബാധിക്കുന്ന രാസവസ്തുക്കളാണ്. ഇവയെല്ലാം ചില രാജ്യങ്ങളിൽ നിരോധിക്കപ്പെട്ടിട്ടുള്ളവയുമാണ്. എന്നാൽ ഇവ മനുഷ്യശരീരത്തിൽ പാക്ക്ഡ് ഭക്ഷണങ്ങളിൽ കൂടെ മാത്രമല്ല എത്തുന്നതെന്നും മറ്റ് പല വഴികളിലൂടെയും കയറിപ്പറ്റുന്നുണ്ടെന്നും പഠനം സൂചിപ്പിക്കുന്നുണ്ട്.

Verified by MonsterInsights