മനുഷ്യമസ്തിഷ്‌കം ശാസ്ത്രലോത്തിന് മുമ്പിൽ ചുരളഴിയാത്ത ഒരു ലോകമാണ്. അതിനുള്ളിൽ അടങ്ങിയിരിക്കുന്ന രഹസ്യം എന്താണെന്ന് കണ്ടെത്താനായി നിരവധി ഗവേഷണങ്ങളാണ് ശാസ്ത്രലോകത്ത് നടക്കുന്നത്. ഒരു മനുഷ്യൻ മരിക്കുന്ന സമയം തലച്ചോറിന്റെ പ്രവർത്തനം എന്താണെന്ന് കണ്ടെത്താൻ ഗവേഷകർ പഠനം നടത്തിവരികയാണ്.
പരിപൂർണമായ ഉത്തരമല്ലെങ്കിലും ഈ സമസ്യക്ക് ഭാഗികമായ ഉത്തരം കണ്ടെത്താനും വിശദീകരണം നൽകാനും സാധ്യമായ പഠനം ഇപ്പോൾ വീണ്ടും ചർച്ചാ വിഷയം ആയിരിക്കുകയാണ്. ദ ഫ്രോണ്ടിയേഴ്‌സ് ഇൻ എയ്ജിങ് ന്യൂറോസയൻസ് ജേണലിലാണ് മരണത്തിന് മുമ്പുള്ള മസ്തിഷ്ക പ്രവർത്തനത്തെ പറ്റിയുള്ള പഠനം പ്രസിദ്ധീകരിച്ചിരിക്കുന്നത്.
“മരണസമയത്തുള്ള തലച്ചോറിന്റെ പ്രവർത്തനത്തെ പറ്റിയാണ് “എൻഹാൻസ്ഡ് ഇന്റർപ്ലേ ഓഫ് ന്യൂറോണൽ കോഹെറൻസ് ആൻഡ് കപ്ലിങ് ഇൻ ദ ഡൈയിങ് ഹ്യൂമൻ ബ്രെയിൻ” (Enhanced Interplay of Neuronal Coherence and Coupling in the Dying Human Brain) എന്ന പഠനത്തിൽ പ്രതിപാദിച്ചിരിക്കുന്നത്.
ഒരു ജീവതകാലത്തിന്റെ സയാഹ്നത്തില് ജീവന്റെ വെളിച്ചത്തിന്റെ തിരി അണയുന്നതിന് തൊട്ട്മുമ്പുള്ള നിമിഷത്തിൽ. ജീവതത്തിൽ വിലമതിക്കുന്ന ഓർമകൾ തിരശീലയിലെന്ന പോലെ കൺമുന്നിൽ തെളിയുമെന്നാണ് പഠനത്തിൽ പറയുന്നത്.

ഹൃദയസ്തംഭനമുണ്ടായ 87 വയസുകാരന്റെ തലച്ചോറിന്റെ പ്രവർത്തനങ്ങൾ രേഖപ്പെടുത്തിയാണ് പഠനം നടത്തിയത്. അപസ്മാര ചികിത്സക്കിടെയാണ് ഇയാളുടെ മരണം സംഭവിച്ചത്. മരണസമയത്തെ ഏകദേശം 900 സെക്കന്റ് നേരത്തെ മസ്തിഷ്‌ക പ്രവർത്തനം രേഖപ്പെടുത്തി. ഇവ വിശകലനം ചെയ്താണ് പഠനം നടത്തിയത്.
മരണത്തിന് കീഴടങ്ങിയ വ്യക്തിയുടെ ഹൃദയസ്തംഭനത്തിന് തൊട്ട് മുമ്പുള്ള 30 സെക്കന്റും ശേഷമുള്ള 30 സെക്കന്റ് നേരത്തേയും തലച്ചോറിന്റെ പ്രവർത്തനങ്ങൾ രേഖപ്പെടുത്താൻ ഗവേഷകർക്ക് സാധ്യമായി.
ജീവിച്ചിരിക്കുന്ന ഒരു വ്യക്തിയുടെ തലച്ചോറിൽ ക്രമാനുഗതമായി ഉണ്ടാകുന്ന വൈദ്യുതസ്പന്ദനങ്ങളായ ഗാമ, ഡെൽറ്റ, തീറ്റ, ആൽഫ, ബീറ്റ എന്നാ സ്പന്ദനങ്ങൾ മരണസമയത്തും കാണാൻ സാധ്യമായി. ഓർമ്മശക്തിയുൾപ്പെടെയുള്ള പ്രധാനപ്രവർത്തനങ്ങളുമായി ബന്ധപ്പെട്ടുള്ള ഗാമാസ്പന്ദനങ്ങളാണ് മരണസമയത്ത് കൂടുതലായി കാണപ്പെട്ടത്. മരണത്തിൽ നിന്ന് തിരികെ ജീവിതത്തിലേക്ക് എത്തിയവരുടെ അനുഭവങ്ങൾക്ക് സമാനമാണ് ഇവയെന്ന് പഠനത്തിൽ പങ്കാളിയായ കെന്റക്കിയിലെ ലൂയിവിൽ യൂണിവേഴ്‌സിറ്റി അധ്യാപകനായ ഡോ. അജ്മാൽ സെമ്മാർ പറഞ്ഞു.
2022 ൽ പ്രസിദ്ധീകരിച്ച ഈ പഠനം ശാസ്ത്രലോകം പുനരവലോകനം ചെയ്തതിലൂടെ ഇക്കാര്യം വീണ്ടും ശാസ്ത്രലോകത്ത് ചർച്ചാ വിഷയമായിരിക്കുകയാണ്.
