മാസ്‌ക് ധരിക്കാത്തവര്‍ക്ക് ഒരുലക്ഷം റിയാല്‍ വരെ പിഴ

കൊറോണ വൈറസ് വ്യാപനം തടയുന്നതിനുള്ള മുൻകരുതൽ നടപടികളും പ്രതിരോധ പ്രോട്ടോക്കോളുകളും ആവർത്തിച്ച് ലംഘിക്കുന്നവർക്ക് കനത്ത പിഴ ചുമത്തുമെന്ന് സൗദി ആഭ്യന്തര മന്ത്രാലയം മുന്നറിയിപ്പ് നൽകി. മൂക്കും വായയും മൂടുന്ന വിധത്തിൽ മെഡിക്കൽ മാസ്ക്കോ തുണികൊണ്ടുള്ള മാസ്ക്കോ ധരിക്കാതിരിക്കുന്നത് കൊറോണ വൈറസിനെതിരായ പ്രതിരോധ നടപടികളുടെ ലംഘനമാണെന്ന് മന്ത്രാലയം പ്രസ്താവനയിൽ പറഞ്ഞു. മാസ്ക് ധരിക്കാത്തതിന് ആദ്യം പിടികൂടിയാൽ 1000 റിയാലാണ് പിഴ ഈടാക്കുക.

പ്രതിരോധ നടപടികളുടെ ലംഘനം ആവർത്തിക്കുന്നതോടെ പിഴ ഇരട്ടിയാക്കും. ആവർത്തിച്ചുള്ള ലംഘനങ്ങൾ ഉണ്ടായാൽ പരമാവധി പിഴ തുക 1,00000 (ഒരുലക്ഷം) റിയാൽ വരെ എത്തിയേക്കാം. വ്യക്തികളുടെ സുരക്ഷ മുൻനിർത്തി കോവിഡ് അണുബാധ തടയുന്നതിനും വ്യാപനം പരിമിതപ്പെടുത്തുന്നതിനുമാണ് ഇത്തരമൊരു പിഴ ഏർപ്പെടുത്തുന്നതെന്ന് മന്ത്രാലയം പറഞ്ഞു.കൊറോണ കേസുകളുടെ വർദ്ധനവിനെ തുടർന്നാണ് മാസ്ക് ധരിക്കുക, സാമൂഹിക അകലം പാലിക്കുക തുടങ്ങിയ പ്രതിരോധ നടപടികൾ സൗദി വീണ്ടും ഏർപ്പെടുത്തിയിരുന്നത്. പ്രത്യേകിച്ച് കൊവിഡ് വൈറസ് വകഭേദമായ ഒമിക്രോൺ റിപ്പോർട്ട് ചെയ്ത സാഹചര്യത്തിൽ.

വാണിജ്യ കേന്ദ്രങ്ങൾ, മാർക്കറ്റുകൾ (സൂക്കുകൾ), മാളുകൾ, റെസ്റ്റോറന്റുകൾ, കഫേകൾ എന്നിവയ്ക്കായുള്ള ആരോഗ്യ പ്രോട്ടോക്കോളുകൾ പബ്ലിക് ഹെൽത്ത് അതോറിറ്റി (വെഖായ) വ്യാഴാഴ്ച മുതൽ പ്രാബല്യത്തിൽ വരുത്തിയിരുന്നു. ഉപഭോക്താക്കൾ വാണിജ്യ സ്ഥാപനങ്ങളിലും മറ്റും പ്രവേശിക്കുന്നതിന് മുമ്പ് തങ്ങളുടെ പ്രതിരോധ കുത്തിവയ്പ്പ് നില സ്വമേധയാ പരിശോധിക്കുന്നതിന് തവക്കൽന ആപ്ളിക്കേഷൻ വഴി ബാർകോഡ് സ്കാൻ ചെയ്യേണ്ടതുണ്ട്. വാക്സിനേഷൻ പൂർത്തിയാക്കിയ വ്യക്തികൾക്ക് മാത്രമെ പ്രവേശനം അനുവദിക്കുകയുള്ളൂ.

ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും.
എല്ലാവരും മാസ്‌ക് ധരിച്ചും
സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും
വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന്  അഭ്യര്‍ത്ഥിക്കുന്നു.
Verified by MonsterInsights