മികച്ച വിനോദ സഞ്ചാര കേന്ദ്രമാകാനൊരുങ്ങി ഇന്ത്യ

ജി 20 അധ്യക്ഷസ്ഥാനത്തിരിക്കുമ്പോള്‍ ഇന്ത്യ ഒരു പ്രധാന ടൂറിസം കേന്ദ്രമായി മാറാന്‍ പദ്ധതിയിടുന്നതായി കേന്ദ്ര ടൂറിസം സെക്രട്ടറി അരവിന്ദ് സിംഗ് പറഞ്ഞു.

ജി20 രാജ്യങ്ങളുടെ അധ്യക്ഷസ്ഥാനം (G20 presidency) ഏറ്റെടുക്കുന്ന ഒരു വർഷ കാലയളവില്‍ ഇന്ത്യ (india) ലോകത്തിലെ മികച്ച വിനോദ സഞ്ചാര കേന്ദ്രമായി (major tourism destination) മാറുമെന്ന് കേന്ദ്രം. ഇതിനോടനുബന്ധിച്ച് വിനോദസഞ്ചാര കേന്ദ്രങ്ങളില്‍ സര്‍ക്കാര്‍ ദേശീയ പതാക (national flag) ഉയര്‍ത്തുമെന്ന് കേന്ദ്ര സാംസ്‌കാരിക മന്ത്രി ജി കിഷന്‍ റെഡ്ഡി പറഞ്ഞു. ഹിമാചല്‍ പ്രദേശിലെ ധര്‍മശാലയില്‍ നടക്കുന്ന സംസ്ഥാന ടൂറിസം മന്ത്രിമാരുടെ ത്രിദിന ദേശീയ സമ്മേളനത്തിന്റെ അവസാന ദിനത്തിലാണ് മന്ത്രി ഇക്കാര്യം അറിയിച്ചത്. എല്ലാ സംസ്ഥാനങ്ങളിലും പതാക ഉയര്‍ത്തണമെന്ന് അദ്ദേഹം അഭ്യര്‍ത്ഥിച്ചു.

സെപ്റ്റംബര്‍ 18-20 തീയതികളിലായിരുന്നു സമ്മേളനം നടന്നത്. ടൂറിസം മന്ത്രാലയമാണ് പരിപാടി സംഘടിപ്പിച്ചത്. ടൂറിസം മേഖലയുമായി ബന്ധപ്പെട്ട് ജി20 ഉച്ചകോടിയില്‍ പങ്കുവെച്ച കാര്യങ്ങളും സമ്മേളനത്തില്‍ ചര്‍ച്ച ചെയ്തു. അടുത്ത വര്‍ഷം സെപ്റ്റംബര്‍ 9,10 തീയതികളാണ് ജി20 ഉച്ചകോടി നടക്കുന്നത്. ജി20 രാജ്യങ്ങളുടെ അധ്യക്ഷ സ്ഥാനം ഏറ്റെടുക്കുന്നതോടെ ഇന്ത്യ 200ഓളം ജി20 യോഗങ്ങള്‍ സംഘടിപ്പിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. 2022 ഡിസംബര്‍ 1 മുതല്‍ 2023 നവംബര്‍ 30 വരെയുള്ള ഒരു വര്‍ഷത്തേക്ക് ഇന്ത്യ ജി20 യുടെ അധ്യക്ഷസ്ഥാനം ഏറ്റെടുക്കും.

ജി 20 അധ്യക്ഷസ്ഥാനത്തിരിക്കുമ്പോള്‍ ഇന്ത്യ ഒരു പ്രധാന ടൂറിസം കേന്ദ്രമായി മാറാന്‍ പദ്ധതിയിടുന്നതായി കേന്ദ്ര ടൂറിസം സെക്രട്ടറി അരവിന്ദ് സിംഗ് പറഞ്ഞു. ‘വിസ പരിഷ്‌കാരങ്ങള്‍, യാത്രാ സൗകര്യങ്ങൾ എളുപ്പമാക്കൽ, വിമാനത്താവളങ്ങളിലെ ട്രാവലര്‍-ഫ്രണ്ട്‌ലി ഇമിഗ്രേഷന്‍ സൗകര്യങ്ങള്‍ എന്നിവ ഉള്‍പ്പെടെ ആവശ്യമായ മാറ്റങ്ങൾ വരുത്താൻ ഞങ്ങള്‍ പദ്ധതിയിടുന്നുണ്ട്,” ടൂറിസം മന്ത്രാലയം പ്രസ്താവനയില്‍ പറഞ്ഞു. 

മധ്യപ്രദേശ്, അരുണാചല്‍ പ്രദേശ്, അസം, ഗോവ, ഹരിയാന, മിസോറാം, ഒഡീഷ, തമിഴ്നാട്, ഉത്തര്‍പ്രദേശ്, പഞ്ചാബ്, മഹാരാഷ്ട്ര, ഹിമാചല്‍ പ്രദേശ് എന്നീ 12 സംസ്ഥാനങ്ങളിലെ ടൂറിസം മന്ത്രിമാര്‍ സമ്മേളനത്തില്‍ പങ്കെടുത്തു. ജി20 അംഗം അമിതാഭ് കാന്ത്, നീതി ആയോഗ് അംഗം വി കെ പോള്‍ എന്നിവരുള്‍പ്പെടെ കേന്ദ്ര സര്‍ക്കാരിന്റെ നിരവധി മുതിര്‍ന്ന ഉദ്യോഗസ്ഥരും ചടങ്ങില്‍ പങ്കെടുത്തു.

സംസ്ഥാനങ്ങള്‍ പരസ്പരം മനസ്സിലാക്കുന്നതിനും പഠിക്കുന്നതിനുമായി ഇത്തരം സമ്മേളനങ്ങള്‍ സംഘടിപ്പിക്കുമെന്നും ഇത് വളരെ പെട്ടെന്ന് തന്നെ ഫലം നല്‍കുമെന്ന് പ്രതീക്ഷിക്കുന്നതായും റെഡ്ഡി പറഞ്ഞു. വിനോദസഞ്ചാര കേന്ദ്രങ്ങള്‍ മെച്ചപ്പെടുത്തുന്നതിനും പ്രോത്സാഹിപ്പിക്കുന്നതിനുമായി സംസ്ഥാനങ്ങളും ജില്ലാ ഓഫീസര്‍മാരുമായും ബന്ധപ്പെട്ടവരുമായും സഹകരിച്ച് ഇത്തരം സമ്മേളനങ്ങള്‍ സംഘടിപ്പിക്കണമെന്നും അദ്ദേഹം പറഞ്ഞു.

യുവ ടൂറിസം ക്ലബ്ബുകള്‍ക്ക് ഈ മേഖലയെ മാറ്റിമറിക്കാന്‍ കഴിയും. കോവിഡ് മഹാമാരിക്ക് ശേഷം എല്ലാ പ്രധാന ടൂറിസം മേഖലകളും തിരിച്ചുവരവിന്റെ ഘട്ടത്തിലാണെന്നും അദ്ദേഹം വ്യക്തമാക്കി. ഇന്ത്യയുടെ ടൂറിസം മേഖലയെ പുനരുജ്ജീവിപ്പിക്കാനുള്ള സമഗ്രമായ കാഴ്ചപ്പാടും തന്ത്രവും മുന്നില്‍ കണ്ടും, 2047-ല്‍ ഈ മേഖല 1 ട്രില്യണ്‍ ഡോളര്‍ നേടുകയെന്ന ലക്ഷ്യത്തോടെയുമാണ് ദേശീയ ടൂറിസം നയം തയ്യാറാക്കിയിരിക്കുന്നതെന്ന് ഔദ്യോഗിക പ്രസ്താവനയില്‍ പറയുന്നു. ഈ പശ്ചാത്തലത്തില്‍ എംഎസ്എംഇകളെ സര്‍ക്കാര്‍ പിന്തുണയ്ക്കുന്നത് തുടരുമെന്നും വിവിധ ടൂറിസം പദ്ധതികള്‍ ശക്തിപ്പെടുത്തുമെന്നും പ്രസ്താവനയില്‍ പറഞ്ഞു. സമ്മേളനത്തിന്റെ അവസാനം, ടൂറിസം മേഖലയില്‍ രാജ്യത്തിന് ദീര്‍ഘകാലവും ഹ്രസ്വകാലവുമായ ലക്ഷ്യങ്ങള്‍ നിശ്ചയിക്കുന്ന ‘ധര്‍മശാല പ്രഖ്യാപനം’ നേതാക്കള്‍ അംഗീകരിച്ചു.

Verified by MonsterInsights