കണ്ണൂർ • പഠനത്തോടൊപ്പം കുട്ടികൾക്ക് സ്കൂളിൽത്തന്നെ ജോലിയും ജോലിക്കു മികച്ച വേതനവും ഏർപ്പെടുത്തുകയാണ് കുറ്റ്യാട്ടൂർ കെഎകെഎൻഎസ്എ യുപി സ്കൂൾ. കേരളത്തിലാദ്യമായാണ് ഇത്തരത്തിൽ ഒരു പദ്ധതിയുമായി ഒരു യുപി സ്കൂൾ മുന്നോട്ടു വരുന്നത്. പിഎസ്സി മാതൃകയിൽ ജോലിക്കുള്ള വിജ്ഞാപനം ഇന്നലെ സ്കൂൾ നോട്ടിസ് ബോർഡിൽ പ്രദർശിപ്പിച്ചു.
അടുത്ത ദിവസം ഒഎംആർ ഷീറ്റിൽ എഴുത്തു പരീക്ഷയും തുടർന്നു തിരഞ്ഞെടുക്കപ്പെടുന്നവർക്കായി അഭിമുഖവുമുണ്ടാകും. ഒക്ടോബർ 10നു ദേശീയ തപാൽ ദിനത്തോടനുബന്ധിച്ചു സ്കൂളിൽ ആരംഭിക്കുന്ന പോസ്റ്റ് ഓഫിസിലേക്കാണു നിയമനം നടത്തുന്നത്. പോസ്റ്റ് ഗേൾ, പോസ്റ്റ് ബോയ് എന്നീ തസ്തികകളിലേക്കാണ് ഇപ്പോൾ കുട്ടികളിൽ നിന്ന് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്.
സ്റ്റാഫ് ഫണ്ടിൽ നിന്നാണു കുട്ടി ജീവനക്കാർക്കു ശമ്പളം നൽകുക. കുട്ടികൾക്കു പഠനാവശ്യങ്ങൾക്കുള്ള തുകയാണു ശമ്പളമായി നൽകുക. മാസംതോറും 10 രൂപയുടെ ശമ്പള വർധനയുമുണ്ടാകും. ആഴ്ചയിൽ 2 ദിവസമാണു ജോലി. അധ്യാപകരും കുട്ടികളും സ്കൂളിലെ പോസ്റ്റ് ബോക്സിൽ നിക്ഷേപിക്കുന്ന കത്തുകൾ തരംതിരിച്ച് വിദ്യാർഥികളുടെ കൈയിലെത്തുകയാണു ജോലി. ജോലിയുള്ള സമയങ്ങളിൽ പ്രത്യേക യൂണിഫോമും തൊപ്പിയുമുണ്ടാകും.
3 മുതൽ 7 വരെ ക്ലാസിലെ കുട്ടികൾക്കാണ് അവസരം നൽകുന്നത്. അടുത്ത വർഷം വീണ്ടും വിജ്ഞാപനമിറക്കി നിയമനം നടത്തും. കുട്ടികളുടെ കത്തെഴുതൽ പ്രോത്സാഹിപ്പിക്കുകയെന്ന ലക്ഷ്യം കൂടി പദ്ധതിയുടെ പിന്നിലുണ്ട്. അധ്യാപകർക്കും സഹപാഠികൾക്കും കത്തെഴുതാം. കുട്ടികളുടെ മാതാപിതാക്കൾക്കുള്ള അറിയിപ്പുകൾ അധ്യാപകർക്കും കത്തുകളായി അയയ്ക്കാം. സ്കൂളിലേക്കു വരുന്ന എല്ലാ കത്തിടപാടുകളും ഇനി മുതൽ സ്കൂൾ പോസ്റ്റ് ഓഫിസ് വഴിയാണു കൈമാറുക. പണമയയ്ക്കാനുള്ള സൗകര്യവുമുണ്ട്.
കുട്ടികൾ പിറന്നാളിനും മറ്റും നൽകുന്ന സമ്മാനങ്ങൾ സ്കൂൾ പോസ്റ്റ് ഓഫിസ് കൊറിയർ സംവിധാനം വഴി വിതരണത്തിനുള്ള സൗകര്യവും ഒരുക്കും. കത്തയയ്ക്കുമ്പോൾ ഉപയോഗിക്കുന്ന സ്റ്റാംപ് ഒക്ടോബർ 10ന് കുട്ടികൾക്ക് വിതരണം ചെയ്യും. സ്റ്റാംപ് ഇല്ലാതെ അയയ്ക്കുന്ന കത്തുകൾ സ്വീകർത്താവിന് നൽകില്ല. ഹെഡ്മാസ്റ്റർ കെ.കെ.അനിത, അധ്യാപകരായ ഒ.ദാമോദരൻ, സി.ഹബീബ്, എം.ആർ.നിയാസ് എന്നിവരാണ് നേതൃത്വം നൽകുന്നത്.