മോദി തികഞ്ഞ രാജ്യസ്നേഹി , സമീപഭാവി ഇന്ത്യയുടേത്’ : റഷ്യന്‍ പ്രസിഡന്‍റ് വ്ളാഡിമര്‍ പുടിന്‍

ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയെ പ്രശംസിച്ച് റഷ്യന്‍ പ്രസിഡന്‍റ്  വ്ളാഡിമര്‍ പുടിന്‍. മോദി തികഞ്ഞ രാജ്യസ്നേഹിയാണെന്നും രാജ്യത്തിനായി ഒരുപാട് കാര്യങ്ങള്‍ ചെയ്യാന്‍ മോദിക്ക് സാധിച്ചെന്നും പുടിന്‍ പറഞ്ഞു. നയവിശകലന ബോര്‍ഡായ വാള്‍ഡൈ ഡിസ്‌കഷന്‍ ക്ലബ്ബിന്റെ വാര്‍ഷികയോഗത്തില്‍ സംസാരിക്കവേയായിരുന്നു റഷ്യന്‍ പ്രസിഡന്‍റിന്‍റെ പരാമര്‍ശം.

ഏറ്റവും വലിയ ജനാധിപത്യരാജ്യമായി നിലനില്‍ക്കുന്നതില്‍ ഇന്ത്യക്ക് അഭിമാനിക്കാം. ‘മെയ്ക്ക് ഇന്‍ ഇന്ത്യ’ എന്ന ആശയം സാമ്പത്തികമായും ധാർമികമായും മികച്ചതാണെന്നും സമീപഭാവി ഇന്ത്യയുടേതാണെന്നും പുടിന്‍ പറഞ്ഞു.

ബ്രിട്ടന്റെ കോളനി എന്നതില്‍നിന്ന് ഇന്നത്തെ ഇന്ത്യയിലേക്കുള്ള വളര്‍ച്ച അതിശയിപ്പിക്കുന്നതാണ്. 150 കോടി ജനങ്ങളുള്ള രാജ്യം ഇത്തരത്തിലുള്ള വികസനം കൈവരിക്കുന്നത് മറ്റുള്ളവര്‍ക്ക് ഇന്ത്യയോടുള്ള ആദരവിനും ബഹുമാനത്തിനും കാരണമാകുന്നതായും പുടിന്‍ ചൂണ്ടിക്കാട്ടി.

പതിറ്റാണ്ടുകള്‍ നീണ്ട ബന്ധമാണ് ഇന്ത്യയും റഷ്യയും തമ്മിലുള്ളതെന്നും അത് ഭാവിയിലും തുടരുമെന്ന് തനിക്കുറപ്പുണ്ടെന്നും പുടിന്‍ പറഞ്ഞു. വളത്തിന്റെ ഇറക്കുമതി വര്‍ധിപ്പിക്കണമെന്ന് മോദി തന്നോട് ആവശ്യപ്പെട്ടിരുന്നു. അതിനുശേഷം ഇന്ത്യയിലേക്കുള്ള വളത്തിന്‍റെ കയറ്റുമതി 7.6 ഇരട്ടിയായി വര്‍ദ്ധിപ്പിച്ചതായും റഷ്യന്‍ പ്രസിഡന്‍റ് വ്യക്തമാക്കി.

ലോകത്തിന്റെ മേധാവിത്വം കൈയ്യടക്കുന്നതിന് പാശ്ചാത്യരാജ്യങ്ങള്‍ ചെയ്യുന്നത് വൃത്തികെട്ട കളികളാണെന്ന് പുടിന്‍ വിമര്‍ശിച്ചു. വ്യാപാരസംബന്ധമായ താത്പര്യങ്ങള്‍ മാത്രമാണ് അവര്‍ക്കുള്ളത്. സമീപഭാവിയില്‍ പുതിയ ശക്തികള്‍ ഉയര്‍ന്നുവരുമെന്നും അദ്ദേഹം താക്കീത് നല്‍കി.

Verified by MonsterInsights