ലോകമെമ്പാടും മങ്കിപോക്‌സ് പടരുന്ന സാഹചര്യത്തില്‍ രാജ്യത്ത് ജാഗ്രതാ നിര്‍ദേശം. എംപോക്‌സിനെ ആഗോള പൊതുജനാരോഗ്യ അടിയന്തരവസ്ഥയായി പ്രഖ്യാപിച്ചതിന് പിന്നാലെ മുന്‍കരുതല്‍ നടപടികള്‍ സ്വീകരിച്ചെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയ വൃത്തങ്ങൾ അറിയിച്ചു. അടിയന്തര വാര്‍ഡുകള്‍ സജ്ജമാക്കുക, വിമാനത്താവളങ്ങളില്‍ മുന്നറിയിപ്പ് നല്‍കുക തുടങ്ങിയ മുന്‍കരുതല്‍ ആരോഗ്യ മന്ത്രാലയം സ്വീകരിച്ചിട്ടുണ്ട്.
ശരീരത്തില്‍ തിണര്‍പ്പുകളുള്ള രോഗികളെ തിരിച്ചറിയണമെന്നും അവര്‍ക്ക് ഐസൊലേഷന്‍ വാര്‍ഡുകള്‍ സജ്ജമാക്കണമെന്നും ആശുപത്രികൾക്ക് ആരോഗ്യമന്ത്രാലയം നിർദ്ദേശം നൽകിയിട്ടുണ്ട്. അറിയിച്ചിട്ടുണ്ട്. ഡല്‍ഹിയിലെ നോഡല്‍ ആശുപത്രികളായ സഫ്ദര്‍ജുങ്, ലേഡി ഹാര്‍ഡിങ് മെഡിക്കല്‍ കോളേജ്, റാം മനോഹര്‍ ലോഹിയ ആശുപത്രി എന്നിവിടങ്ങളില്‍ വാര്‍ഡുകള്‍ സജ്ജമാക്കിയിട്ടുണ്ട്.
സംശയമുള്ള രോഗികളില്‍ ആര്‍ടി- പിസിആര്‍, നാസല്‍ സ്വാബ് എന്നീ പരിശോധനകള്‍ നടത്തണം. ആവശ്യമായ മുന്‍കരുതലുകള്‍ സ്വീകരിക്കണമെന്ന് വിമാനത്താവളങ്ങളോടും ആവശ്യപ്പെട്ടിട്ടുണ്ട്. ഈയടുത്താണ് ലോകാരോഗ്യ സംഘടന എംപോക്‌സിനെ ആഗോള പൊതുജനാരോഗ്യ അടിയന്തരാവസ്ഥയായി പ്രഖ്യാപിച്ചത്. രണ്ട് വര്‍ഷത്തിനിടയില്‍ രണ്ടാം തവണയാണ് എംപോക്‌സിനെ ഇത്തരത്തില്‍ ആഗോള അടിയന്തരാവസ്ഥയായി പ്രഖ്യാപിക്കുന്നത്. ലൈംഗിക സമ്പര്‍ക്കമുള്‍പ്പെടെയുള്ള ഇടപെടലുകളിലൂടെ പെട്ടെന്ന് പടരുന്ന രീതിയില്‍ വൈറസിന്റെ പുതിയ വകഭേദങ്ങള്‍ ശക്തിപ്പെട്ടിട്ടുണ്ട്.
എംപോക്‌സിന്റെ പുതിയ വകഭേദം ഇതുവരെ ഇന്ത്യയില്‍ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. അതേസമയം പാകിസ്താനില്‍ ഗള്‍ഫില്‍ നിന്നും വന്ന മൂന്ന് പേര്‍ക്ക് പുതിയ വകഭേദം റിപ്പോര്‍ട്ട് ചെയ്തിരുന്നു. ആഫ്രിക്കയ്ക്ക് പുറമേ ആദ്യമായി എംപോക്‌സ് റിപ്പോര്‍ട്ട് ചെയ്തത് സ്വീഡനിലായിരുന്നു. കഴിഞ്ഞ ജനുവരിയില്‍ കോങ്കോയില്‍ രോഗം കണ്ടെത്തിയത് മുതല്‍ ഇതുവരെ 27,000 പേര്‍ക്ക് രോഗം ബാധിക്കുകയും 1,100 പേര്‍ മരിക്കുകയും ചെയ്തിട്ടുണ്ട്.
കഴിഞ്ഞ വര്‍ഷം ജൂണ്‍ മുതല്‍ ഈ വര്‍ഷം മെയ് വരെ 30 എംപോക്‌സ് കേസുകളാണ് ഇന്ത്യയില്‍ റിപ്പോര്‍ട്ട് ചെയ്തത്. ഇതില്‍ കൂടുതല്‍ പേരും വിദേശികളാണെന്നാണ് ആരോഗ്യ മന്ത്രാലയം വ്യക്തമാക്കുന്നത്. എന്നാല്‍ പുതിയ വകഭേദത്തിന് മരണസാധ്യത കൂടുതലാണെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. വസൂരി വാക്‌സിന്‍ സ്വീകരിച്ചവര്‍ക്ക് ഇതു ബാധിക്കില്ലെന്നും നിലവില്‍ വാക്‌സിന്‍ ആവശ്യമില്ലെന്നുമാണ് ആരോഗ്യമന്ത്രാലയം അറിയിക്കുന്നത്.