മുക്കിയെടുക്കും തോറും നിറഞ്ഞു വരും; നൂറ്റാണ്ടുകളായി വറ്റാതെ തെളിനീര് ചുരത്തുന്ന പാക്കം കേണി……

ഇടതൂര്‍ന്ന വനത്തിന് നടുവിലൂടെ വളഞ്ഞും പുളഞ്ഞും നീണ്ടുപോകുന്ന പാത അവസാനിക്കുന്നത് വയല്‍ പുഴയോട് ചേരുന്ന പാക്കം എന്ന ഗ്രാമത്തിലാണ്.വയനാടിന്റെ തനിമയാര്‍ന്ന ഗ്രാമവിശുദ്ധിയെ ഇന്നും താലോലിക്കുന്ന ഒരു പറ്റം ഗോത്ര കുടുംബങ്ങളുടെ സ്വന്തം നാടായി ഈ ഗ്രാമത്തെ വിശേഷിപ്പിക്കാം.വലിയ കെട്ടിടങ്ങളോ ആഢംബരത്തിന്റെ അടയാളങ്ങളോ എവിടെയുമില്ല. പകരം പുല്ലുമേഞ്ഞ ചെറിയ കുടിലുകളും ചായക്കടകളും എല്ലാമുള്ള ഒരു ഉള്‍പ്രദേശം. ഒരിക്കല്‍ വയനാടെന്ന നാട്ടുരാജ്യത്തിന്റെ തലസ്ഥാനമായിരുന്നു ഇതെന്നു പറഞ്ഞാല്‍ ആരും വിശ്വസിക്കില്ല. പുരാതനമായ പാക്കം കോട്ടയുടെ കവാടത്തില്‍ നിന്നും ചരിത്രത്തിലേക്ക് വിരലോടിച്ചാല്‍ ഇതിഹാസ തുല്യമായ ഇന്നലെകള്‍ കണ്‍മുന്നിലേക്ക് തെളിയും. ഉത്തരവാദിത്ത വിനോദ സഞ്ചാരത്തിന്റെ ഇടവഴിയായ ഈ ഗ്രാമത്തിലൂടെ സഞ്ചരിക്കുമ്പോള്‍ ഗോത്ര ജനതയുടെ ഒരു കാലത്തെ പോരാട്ടവും പ്രതിരോധവും കീഴടങ്ങലുമെല്ലാം ഒരു 
പാഠപുസ്തകത്തിലെന്ന പോലെ ഗ്രാമവാസികളില്‍ നിന്നും വായിച്ചെടുക്കാം. തുമ്പയും കയ്യുന്നിയുമെല്ലാം ഇപ്പോഴുമുള്ള വകതിരിവില്ലാത്ത വരമ്പുകളിലൂടെ നടന്ന് പാക്കം കോട്ടയിലേക്കുള്ള കാട്ടുവഴിയിലെത്താം. കാട്ടുചോലകള്‍ ധാരാളമുള്ള പുഴവക്കില്‍ നിന്നും കുത്തനെയുള്ള കയറ്റം കയറി കാടിന്റെ അകത്തളത്തില്‍ കാലത്തതോല്‍പ്പിക്കുന്ന കോട്ട കാണാം.

വയനാടിന്റെ ഗോത്ര സംസ്‌കൃതിയില്‍ പ്രൗഢമാണ് വേടരാജാക്കന്‍മാരുടെ ആധിപത്യം. കാടിന്റെ തണലില്‍ ഇവര്‍ വളര്‍ത്തിയ രാജവംശത്തിന്ആഡംബരത്തിന്റെ വലിയ കോട്ടകളും കൊത്തളങ്ങളുമില്ല. കാട്ടുകല്ലുകളാല്‍ അടിത്തറ പാകിയ ദേവതകളുടെ അമ്പലങ്ങള്‍ മാത്രമാണ് ഇവരുടെ നിര്‍മ്മിതി.പ്രകൃതി നിര്‍മ്മിച്ച കാട്ടുചോലകള്‍ ഇവരുടെ കൊട്ടാരമായി. ഇതിനുള്ളിലെ സാമൃാജ്യം ആചാരനിഷ്ഠകള്‍ പാലിച്ച് ഗോത്രകുല പാരമ്പര്യത്തെ തലമുറകള്‍ക്ക് കൈമാറി.പരിസ്ഥിതിയെ നോവിക്കാതെയുള്ള ജീവിതത്തിന് ഈ രാജവംശം സ്വീകരിച്ചതും വേറിട്ട രീതികളായിരുന്നു.വരേണ്യ വര്‍ഗ്ഗത്തിന്റെ ആഗമനം ഈ കാടിന്റെ ഉള്ളറകളിലേക്കുണ്ടായപ്പോഴും ഇവര്‍ നിശ്ബദം ഈ നാടിന്റെ അധിപന്‍മാരായി തന്നെ കഴിഞ്ഞുകൂടി.കാലം കുറച്ചുകൂടി പിന്നിട്ടപ്പോള്‍ വയനാട്ടിലെ പുരാതനമായ വേടസംസ്‌കൃതിയുടെ ഇടയിലേക്ക് ജന്മിമാരുടെ പതിനെട്ട് തറവാടുകള്‍ വന്നു.അപ്പോഴും കാടിനുള്ളില്‍ തലയുയര്‍ത്തി നില്‍ക്കുകയായിരുന്നു വേടരാജാക്കന്‍മാരുടെ ആസ്ഥാനമായ പാക്കം കോട്ട.ആയിരക്കണക്കിന് പറ നെല്ല് കൊയ്‌തെടുക്കുന്ന കബനിയുടെ തീരത്തെ വയലുകളില്‍ വേടരാജാക്കന്‍മാരുടെ പിന്‍തലമുറക്കാരായ കുറുമ സമുദായക്കാര്‍ അധ്വാന ശീലരായി. സുഭിക്ഷം കഴിയാനുള്ളതെല്ലാം ഇവര്‍ ഇവിടെ നിന്ന് തന്നെ കൊയ്‌തെടുത്തു. തലമുതിര്‍ന്ന ഗോത്ര കാരണവരെ ഓരോ കാലത്തും രാജാവായി വാഴിച്ചു. 

Verified by MonsterInsights