ഓടാൻ സമയം കണ്ടെത്തുന്നത് ആരോഗ്യത്തിന് എപ്പോഴും നല്ലതാണ്. ഓട്ടം ഒരു സമ്പൂർണ്ണ വ്യായാമമാണ്. ശരീരത്തിൻ്റെ മറ്റ് ഭാഗങ്ങൾ കൂടാതെ, കാൽ മുട്ടുകൾക്കും ഇത് ഗുണം ചെയ്യും. എന്നാൽ ചിലർ ഓടുന്ന സമയത്ത് അവരുടെ മുട്ടുകൾക്ക് വേദന ഉണ്ടാകാറുണ്ട്. ഓട്ടം മുട്ടുകളുടെ ആരോഗ്യത്തിന് ഗുണകരമാണോ അതോ ദോഷകരമാണോ എന്ന് അറിയേണ്ടത് പ്രധാനമാണ്.
രണ്ട് പതിറ്റാണ്ടുകളായി വ്യായാമത്തിൻ്റെ ഭാഗമായി സ്ഥിരം ഓടുന്നവരെയും ഓടാത്തവരെയും പങ്കെടുപ്പിച്ച് നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹെൽത്ത് നടത്തിയ ഗവേഷണ റിപ്പോർട്ടാണ് ഇപ്പോൾ ചർച്ചയാരുന്നത്. ഓടുന്നവരിൽ 20 ശതമാനം ഓസ്റ്റിയോആർത്രൈറ്റിസിൻ്റെ ലക്ഷണങ്ങൾ കാണിച്ചതായി കണ്ടെത്തി. അതേസമയം ഓടാത്തവരിൽ ഇത് 32 ശതമാനമാണ്. ഗവേഷണമനുസരിച്ച് ഓട്ടം കാൽമുട്ടുകളിൽ നടക്കുന്നതിനേക്കാൾ കൂടുതൽ സമ്മർദ്ദം ഉണ്ടാകുന്നുണ്ട്. അതെസമയം കാൽമുട്ടിൻ്റെ അസ്ഥികൾ ശക്തമാകാൻ ഓട്ടം സഹായിക്കും. മുട്ടുവേദനയും ഓട്ടവും തമ്മിൽ യാതൊരു ബന്ധവുമില്ല. നേരിയ തോതിൽ മുട്ടുവേദന ഉള്ളവർക്ക് ഓട്ടം ഗുണം ചെയ്യുമെന്നാണ് നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹെൽത്തിൻ്റെ ഗവേഷണ റിപ്പോർട്ടിൽ പറയുന്നത്.
ഓടുമ്പോൾ കാൽമുട്ടുകൾക്ക് ഉണ്ടാകുന്ന ഗുണങ്ങൾ
ആർത്രൈറ്റിസ് സാധ്യത കുറയുന്നു
നാഷണൽ ലൈബ്രറി ഓഫ് മെഡിസിൻ മാരത്തൺ ഓട്ടക്കാരിൽ നടത്തിയ ഗവേഷണത്തിൽ ഓട്ടം ആർത്രൈറ്റിസ് സാധ്യത വർദ്ധിപ്പിക്കില്ലെന്ന് കണ്ടെത്തി. ഓടുമ്പോൾ ശരീരത്തിന് പ്രവർത്തന ശക്തി കൂടുകയും ഒപ്പം കാലുകൾക്ക് ശക്തി വർദ്ധിക്കുകയും ചെയ്യും.
സന്ധികളിൽ ലൂബ്രിക്കേഷൻ വർദ്ധിപ്പിക്കുന്നു
കാൽമുട്ട് ജോയിൻ്റ് എല്ലാ വശങ്ങളിലും മൃദുവായ ടിഷ്യു കൊണ്ട് ചുറ്റപ്പെട്ടിരിക്കുന്നു. ഇതിനെ സിനോവിയൽ മെംബ്രൺ എന്നാണ് വിളിക്കുന്നത്. അതിൻ്റെ സഹായത്തോടെ, ഓടുമ്പോഴോ നടക്കുമ്പോഴോ അസ്ഥികൾ പരസ്പരം എളുപ്പത്തിൽ നീങ്ങുന്നു. പതിവ് വ്യായാമങ്ങളും ഓട്ടവും ശരീരത്തിലെ സിനോവിയൽ ദ്രാവകത്തിൻ്റെ ഉത്പാദനത്തെ വർദ്ധിപ്പിക്കും.
എല്ലുകളെ ബലപ്പെടുത്തും
പ്രായത്തിനനുസരിച്ച് എല്ലുകളുടെ ബലഹീനത വർദ്ധിക്കുന്നു. എന്നാൽ സ്ഥിരമായുള്ള ഓട്ടം കാലിലെ പേശികളുടെ മുറുക്കം കുറച്ചുകൊണ്ട് എല്ലുകളെ ബലപ്പെടുത്തുന്നു. അത്തരമൊരു സാഹചര്യത്തിൽ, ഓടുന്നതിന് മുമ്പ് ഒരു ചെറിയ വാം-അപ്പ് സെഷൻ നല്ലതാണ്. ഇത് പരിക്കുകൾ തടയാൻ സഹായിക്കും.
സന്ധികളിൽ രക്തയോട്ടം മെച്ചപ്പെടുത്തും
ഓട്ടം ഹൃദയമിടിപ്പ് വേഗത്തിലാക്കുകയും ശരീരത്തിലെ രക്തയോട്ടം വർദ്ധിപ്പിക്കുകയും ചെയ്യുന്നു. സിനോവിയൽ മെംബ്രണിലേക്ക് ഓക്സിജനും പോഷകങ്ങളും എത്തുക്കുന്നതിന് രക്തയോട്ടം സഹായിക്കും. ഇത് ആരോഗ്യം മെച്ചപ്പെടുത്തും.