വെളുപ്പിനെ ഉണര്‍ന്നെഴുന്നേറ്റ് ആ തണുപ്പിലും ശാന്തതയിലും പുറത്തിറങ്ങി അരമണിക്കൂറെങ്കിലും നടക്കണം. നടത്തം കഴിഞ്ഞെത്തുമ്പോഴേക്കും ഒന്ന് ഉഷാറാകും അല്ലേ. എന്നാല്‍ ഒരുകാര്യം ചോദിക്കട്ടേ. രാവിലെ ട്രാക്ക്‌സ്യൂട്ടും വോക്കിംഗ് ഷൂവും ധരിച്ച് നടക്കാനിറങ്ങുമ്പോള്‍ നിങ്ങള്‍ ചെവിയില്‍ ഇയര്‍ പോഡുകളും കൂടി വയ്ക്കാറുണ്ടോ?. പാട്ടുകേട്ടും വാര്‍ത്തകളും അതുപോലുള്ള എന്തെങ്കിലുമൊക്കെ കേട്ടുകൊണ്ടാണോ നിങ്ങളുടെ നടത്തം. എന്നാല്‍ ഒരു നിമിഷം ശ്രദ്ധിക്കൂ. ചെവിയില്‍ ഇയര്‍പോഡ് തിരുകിയുളള നടത്തത്തേക്കാള്‍ അവ ഉപേക്ഷിച്ചുകൊണ്ട് നടക്കുന്നതാണ് ഉത്തമമെന്ന് ആരോഗ്യ വിദഗ്ധര്‍ പറയുന്നു.
എന്താണ് silent walking അല്ലെങ്കില്‍ നിശബ്ദ നടത്തം
ശ്രദ്ധതിരിക്കുവാന്‍ സംഗീതമോ സംസാരമോ ഇല്ലാതെ, കിളികളുടെ ശബ്ദം കേട്ട് ഇലകളുടെ മര്‍മരംകേട്ടുകൊണ്ട് കാറ്റിന്റെ തലോടല്‍ അനുഭവിച്ചുകൊണ്ട് എന്തിന് നിങ്ങളുടെ കാല്‍പ്പാദങ്ങളുടെ താളം ശ്രവിച്ചുകൊണ്ട് ഒന്ന് നടന്നുനോക്കൂ. അതാണ് ഏറ്റവും ആരോഗ്യകരവും ഫലപ്രദവുമായ നടത്തം. ഈ നിശബ്ദ നടത്തം ഇന്ന് ട്രെന്‍ഡായി മാറിക്കൊണ്ടിരിക്കുകയാണ്. ഇത്തരത്തില്‍ നടക്കാനിറങ്ങുമ്പോള്‍ അത് നിങ്ങളുടെ മാത്രം സമയമാണ്. നിങ്ങളുടെ ചിന്തകളും വികാരങ്ങളും സ്വയം മനസിലാക്കാനും ക്രിയാത്മകമായി എന്തെങ്കിലുമൊക്കെ ആലോചിക്കാനും അവസരം ലഭിക്കുകയും ചെയ്യും. ഇയര്‍പോഡ് പോലുള്ള ഡിജിറ്റല്‍ ഉപകരണങ്ങളില്‍നിന്ന് ഇടവേളയെടുക്കുന്നത് ഏകാഗ്രത വര്‍ദ്ധിപ്പിക്കാന്‍ സഹായിക്കുമെന്ന് ഗവേഷണങ്ങള്‍ തെളിയിച്ചിട്ടുണ്ട്. നിശബ്ദമായ നടത്തം പ്രത്യേകിച്ച് വൈകുന്നേരങ്ങളില്‍ ശരീരത്തെ കൂടുതല്‍ റിലാക്‌സ് ചെയ്യാന്‍ സഹായിക്കും. പതിവായി ഇത്തരത്തിലുള്ള നടത്തം ഹൃദയാരോഗ്യം, രക്തചംക്രമണം, ഫിറ്റ്‌നെസ് എന്നിവ മെച്ചപ്പെടുത്താന്‍ സഹായിക്കുന്നു.
നിശബ്ദമായ നടത്തം എങ്ങനെ പരിശീലിക്കാം
- നടക്കുന്നതിനായി ആദ്യം തന്നെ ഒരുപാട് ദൂരം തിരഞ്ഞെടുക്കാതെ 10 അല്ലെങ്കില്‍15 മിനിറ്റ് ദൂരം തിരഞ്ഞെടുക്കുക. നടത്തം സുഖകരമായിത്തുടങ്ങുമ്പോള്‍ ദൈര്‍ഘ്യം വര്‍ദ്ധിപ്പിക്കാം.
- ദിവസവും നടക്കാന്‍ പരിചിതമായ വഴി തിരഞ്ഞെടുക്കുക.
- ഫോണ്‍ വീട്ടില്‍ത്തന്നെ സൂക്ഷിക്കുക. ഇനി ഫോണ്‍ വീട്ടില്‍വച്ച് പോകാന്‍ മടിയുള്ളവരാണെങ്കില്‍ ഫോണ്‍ സൈലന്റ് മോഡിലിട്ട് പോക്കറ്റിലോ മറ്റോ സൂക്ഷിക്കാം.
- നടക്കാന്‍ രാവിലെയോ വൈകുന്നേരമോ ഇഷ്ടമുള്ള സമയം തിരഞ്ഞെടുക്കാവുന്നതാണ്.