നന്നായി ‘തള്ളുമോ?’; കൈ നിറയെ ശമ്പളം.

ദിവസവും ബസിലും ട്രെയിനിലും ഇടിച്ചുകയറി നിൽക്കാൻ ഒരിടം കണ്ടെത്താൻ പാടുപെടുന്നവർക്കൊരു സന്തോഷവാർത്ത. സ്ഥിരമായി ഈ പരാക്രമം കാട്ടേണ്ടി വന്നിട്ടുണ്ടെങ്കിൽ അതാണ് നിങ്ങളുടെ ‘എക്സ്പീരിയൻസ്’. ഇത് വച്ചു നിങ്ങൾക്കൊരു ജോലി കിട്ടിയേക്കും. ആ ജോലിയാണ് ട്രെയിൻ പുഷർ!. കേട്ടിട്ട് ട്രെയിൻ തള്ളുന്ന പണിയാണെന്നു കരുതേണ്ട. പല വിദേശ രാജ്യങ്ങളിലും ട്രെയിനിൽ കയറുന്ന ആളുകളെ തള്ളുന്ന പണിയാണിത്.
തിരക്കോടു തിരക്ക്
തിരക്കുള്ള റെയിൽവേ സ്റ്റേഷനുകളിൽ രാവിലെയും വൈകിട്ടുമാണു ട്രെയിൻ പുഷർമാരുടെ ‘ഡ്യൂട്ടി’. നമ്മുടെ നാട്ടിലെ ട്രെയിനുകളും സ്റ്റേഷനുകളും മനസ്സിലേക്കു കൊണ്ടുവരരുത്. വികസിത രാജ്യങ്ങളിലെ നഗര സ്റ്റേഷനുകൾ നമ്മുടെ മെട്രോ സ്റ്റേഷനുകൾ പോലെയാണ്. ഓട്ടമാറ്റിക് ആയി തുറക്കുകയും അടയുകയും ചെയ്യുന്ന വാതിലുകൾക്കിടയിൽപോലും ആളുകൾ നിറയുമ്പോൾ, ട്രെയിൻ ഓടാതെ അവിടെ നിൽക്കും. ഇത്തരം സാഹചര്യങ്ങളിൽ ആളുകളെ തള്ളി അകത്തു കയറ്റുകയാണ് പുഷർമാരുടെ പ്രധാന ജോലി. ആരെങ്കിലും പുറത്തേക്ക് ഇറങ്ങാൻ നിൽക്കുകയാണെങ്കിൽ അവരുടെ കാര്യം പോക്കാ.

വെറും തള്ളു പോരാ
വെറുതെ തള്ളിക്കയറ്റുക മാത്രമല്ല, യാത്രക്കാരുടെ സുരക്ഷയും ട്രെയിൻ പുഷർ നോക്കണം. ഏതൊക്കെ പ്ലാറ്റ്ഫോമിൽ, എപ്പോഴൊക്കെ ട്രെയിൻ വരും എന്നതിനെക്കുറിച്ചു ധാരണയും വേണം. ജപ്പാനിലെ ചില തിരക്കുള്ള സ്റ്റേഷനുകളിൽ 2 മിനിറ്റ് കൂടുമ്പോൾ ഒരേ പ്ലാറ്റ്ഫോമിൽ ട്രെയിനുകൾ വന്നുകൊണ്ടിരിക്കും. ഒരു ‘തള്ളു’ കഴിഞ്ഞ് ഒന്നിരിക്കാൻപോലും പുഷർമാർക്കു സമയം കിട്ടില്ലെന്നർഥം.

ജപ്പാനിൽ ഒഷിയ

ട്രെയിൻ പുഷർമാർ ജപ്പാനിൽ അറിയപ്പെടുന്നത് ഒഷിയ എന്നാണ്. ചൈനയിലെ 3 റെയിൽവേ സ്റ്റേഷനുകളിൽ പുഷർമാരുണ്ട്. 2017 ൽ സ്പെയിനിലെ മഡ്രിഡ് മെട്രോയും പുഷർമാർക്കായി അപേക്ഷ ക്ഷണിച്ചിരുന്നു. അമേരിക്കയിൽ ന്യൂയോർക്ക് സിറ്റി സബ്വേയിലും ജർമനിയിൽ ഫ്രാങ്ക്ഫർട്ടിലും ഈ വിഭാഗം ജോലിക്കാരുണ്ട്. പേരുകൾ പലതാണെങ്കിലും പണി ഒന്നുതന്നെ; ആളുകളെ തള്ളുക.

Leave a Reply

Your email address will not be published. Required fields are marked *

Verified by MonsterInsights