ആര്‍ക്കിടെക്ചർ ബിരുദ കോഴ്സിനായി നാളെ നടക്കുന്ന ദേശീയ അഭിരുചി പരീക്ഷയുടെ ഹാൾ ടിക്കറ്റ് കിട്ടാതെ ആയിരത്തിലധികം വിദ്യാര്‍ത്ഥികള്‍ പ്രതിസന്ധിയില്‍. പരീക്ഷ നാളെ നടക്കാനിരിക്കെ ഹാൾ ടിക്കറ്റിന്റെ കാര്യത്തിലും പരീക്ഷ കേന്ദ്രങ്ങളിലെ അവ്യക്തതയിലും ആശങ്കയിലാണ് വിദ്യാര്‍ത്ഥികള്‍.
നാഷണല്‍ ആപ്റ്റിറ്റ്യൂഡ് ടെസ്റ്റ് ഇന്‍ ആര്‍ക്കിടെക്ചർ പരീക്ഷ എഴുതുന്ന വിദ്യാര്‍ത്ഥികളാണ് ദുരിതത്തിലായത്. പരീക്ഷയുടെ കാര്യത്തില്‍ സര്‍വ്വത്ര ആശയക്കുഴപ്പം തുടരുകയാണ്. സംസ്ഥാനത്തെ 20 കേന്ദ്രങ്ങളിലാണ് പരീക്ഷ. കോഴിക്കോട്, മലപ്പുറം ജില്ലകളിലെ കേന്ദ്രങ്ങളിലേക്ക് പരീക്ഷക്ക് അപേക്ഷിച്ച വിദ്യാര്‍ത്ഥികള്‍ക്ക് ഇതുവരെ ഹാൾ ടിക്കറ്റ് പോലും കിട്ടിയിട്ടില്ല. പരീക്ഷാത്തലേന്ന് പോലും പരീക്ഷാ കേന്ദ്രം എവിടെയെന്ന് അറിയാതെ വിദ്യാര്‍ത്ഥികള്‍ ആശങ്കയിലാണ്.
നാറ്റ പരീക്ഷയുടെ സൈറ്റിലുള്ള ടോള്‍ഫ്രീ നമ്പറില്‍ വിളിച്ചിട്ട് പ്രതികരണവും ഇല്ല. കൗണ്‍സില്‍ ഓഫ് ആര്‍ക്കിടെക്ചർ ആണ് പരീക്ഷയുടെ നടത്തിപ്പുകാര്‍. ഈ വര്‍ഷത്തെ രണ്ടാം സെഷന്‍ പരീക്ഷയാണ് നാളെ നിശ്ചയിച്ചിരിക്കുന്നത്. ദേശീയ പരീക്ഷയായതിനാല്‍ എന്ത് ചെയ്യണമെന്ന് അറിയാതെ ആശയക്കുഴപ്പത്തിലാണ് വിദ്യാര്‍ത്ഥികളും രക്ഷിതാക്കളും. സംസ്ഥാനത്ത് അയ്യായിരത്തോളം വിദ്യാര്‍ത്ഥികളാണ് പരീക്ഷ എഴുതാന്‍ അപേക്ഷിച്ചിരിക്കുന്നത്.