നാഷനൽ കെഡറ്റ് കോറിൽ (എൻസിസി) 3 ലക്ഷം അംഗങ്ങളെക്കൂടി ഉൾപ്പെടുത്താനുള്ള ശുപാർശയ്ക്കു പ്രതിരോധ മന്ത്രി രാജ്നാഥ് സിങ് അംഗീകാരം നൽകി. കെഡറ്റുകളുടെ എണ്ണം വർധിപ്പിക്കാൻ അനുവദിക്കണമെന്ന വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ നിന്നുള്ള അഭ്യർഥന പരിഗണിച്ചാണു തീരുമാനം.
ഇതോടെ എൻസിസി കെഡറ്റുകളുടെ അംഗബലം 20 ലക്ഷമാകും.
യുവജനങ്ങളുടെ ലോകത്തെ ഏറ്റവും വലിയ യൂണിഫോം വിഭാഗമായി എൻസിസി മാറും. 1948 ൽ 20,000 കെഡറ്റുകളുമായിട്ടായിരുന്നു തുടക്കം. രാജ്യത്താകെ നിലവിൽ 814 എൻസിസി യൂണിറ്റുകളുണ്ട്. സ്കൂളുകളും കോളജുകളുമായി 16,597 സ്ഥാപനങ്ങൾ ഇവരുടെ കീഴിലുണ്ട്. അംഗബലം വർധിപ്പിക്കുന്നതിന്റെ ഭാഗമായി 2 പുതിയ എൻസിസി യൂണിറ്റുകളും 4 ഗ്രൂപ്പ് ഹെഡ്ക്വാർട്ടേഴ്സുകളും അനുവദിച്ചിട്ടുണ്ട്. ഇതോടെ വിമുക്ത ഭടന്മാർക്കും അവസരങ്ങൾ വർധിക്കും. കൂടുതൽ വിദ്യാർഥികൾ എൻസിസിയിൽ ചേരുന്നതു സായുധസേനാ വിഭാഗത്തിലേക്കു യുവാക്കളെ ആകർഷിക്കാനും സഹായിക്കുമെന്നു മന്ത്രാലയം വിലയിരുത്തുന്നു.