കൊച്ചി: ഹെലികോപ്ടർ തകർന്നുവീണതിനെ തുടർന്ന് താൽക്കാലികമായി അടച്ച നെടുമ്പാശേരി വിമാനത്താവളത്തിലെ റൺവേ തുറന്നു. ഡൽഹിയിൽ നിന്നുള്ള എയർ ഇന്ത്യ വിമാനം നെടുമ്പാശേരിയിൽ ഇറങ്ങി. നേരത്തെ തിരുവനന്തപുരത്തേക്ക് തിരിച്ചുവിട്ട മസ്ക്കറ്റിൽനിന്നുള്ള ഒമാൻ എയർ, മാലിയിൽ നിന്നുള്ള ഇൻഡിഗോ വിമാനങ്ങളും കൊച്ചിയിലേക്ക് തിരിക്കും.
കൊച്ചിയിലേക്കുള്ള കൂടുതൽ വിമാനങ്ങൾ തിരിച്ചുവിടുകയാണെങ്കിൽ സ്വീകരിക്കാൻ തയ്യാറാണെന്ന് തിരുവനന്തപുരം വിമാനത്താവള അധികൃതർ വ്യക്തമാക്കിയിരുന്നു. അതിന് പിന്നാലെയാണ് നെടുമ്പാശേരിയിലെ റൺവേ തുറന്നത്
നെടുമ്പാശേരി വിമാനത്താവളത്തിൽ ഇന്ന് ഉച്ചയോടെയാണ് ഹെലികോപ്റ്റർ തകർന്നുവീണത്. കോസ്റ്റ് ഗാർഡിന്റെ ഹെലികോപ്റ്ററാണ് തകർന്നു വീണത്. പരിശീലന പറക്കലിനിടെയാണ് അപകടം സംഭവിച്ചതെന്നാണ് വിവരം. അപകടത്തിൽ ആളപായമില്ല.
അപകടസമയത്ത് മൂന്നു പേരാണ് ഹെലികോപ്റ്ററിനുള്ളിൽ ഉണ്ടായിരുന്നത്. ഇതിൽ ഒരാൾക്ക് പരുക്കേറ്റതായാണ് വിവരം. അപകടത്തെ തുടർന്ന് റൺവേ അടച്ചിട്ടിരിക്കുകയാണ്. ഇതേത്തുടർന്നാണ് അന്താരാഷ്ട്ര വിമാന സർവീസകൾ ഉൾപ്പടെ തിരുവനന്തപുരത്തേക്ക് തിരിച്ചുവിട്ടത്.