സ്‌കൂള്‍ പ്രവേശനത്തിന് ഓണ്‍ലൈന്‍ സംവിധാനവുമായി ആന്ധ്രപ്രദേശ് സർക്കാർ

സ്വകാര്യ സ്‌കൂളുകളിലെ 25 ശതമാനം സംവരണ സീറ്റുകളിലേക്കുള്ള പ്രവേശനം ഏകീകരിക്കുന്നതിനായി ഓണ്‍ലൈന്‍ സംവിധാനമൊരുക്കി ആന്ധ്രപ്രദേശ് സര്‍ക്കാര്‍. സാമൂഹിക, സാമ്പത്തിക പശ്ചാത്തലം മാനദണ്ഡമാകാതെ എല്ലാ കുട്ടികള്‍ക്കും പ്രവേശനം സാധ്യമാക്കുന്നതിന് പുതിയ സംവിധാനം ഉപകരിക്കുമെന്നാണ് സര്‍ക്കാര്‍ കണക്കുകൂട്ടല്‍. മാര്‍ച്ച് 22 മുതല്‍ ഏപ്രില്‍ 10 വരെ പ്രവേശനത്തിനായി അപേക്ഷ സമര്‍പ്പിക്കാം.

വിദ്യാഭ്യാസ അവകാശ നിയമം സെക്ഷന്‍ 12(1) (c) പ്രകാരം സ്വകാര്യ സ്‌കൂളുകളിലെ (അണ്‍എയ്ഡഡ്/ഐ.ബി/ഐ.സി.എസ്.ഇ, സി.ബി.എസ്.ഇ, സ്‌റ്റേറ്റ് സിലബസ്) 25 ശതമാനം സീറ്റുകള്‍ സാമ്പത്തികമായും സാമൂഹികമായും പിന്നാക്കം നില്‍ക്കുന്ന കുട്ടികള്‍ക്കായി സംവരണം ചെയ്യണം. ഈ സീറ്റുകളിലേക്കുള്ള പ്രവേശനമാണ് ഓണ്‍ലൈന്‍ പ്രവേശന സംവിധാനം വഴി സര്‍ക്കാര്‍ നടപ്പാക്കാനൊരുങ്ങുന്നത്. സംവരണം നടപ്പാക്കി രണ്ടാം വര്‍ഷത്തിലാണ് സര്‍ക്കാര്‍ വിദ്യാര്‍ഥികള്‍ക്കായി ഓണ്‍ലൈന്‍ സംവിധാനവും ഒരുക്കിയിരിക്കുന്നത്.

കഴിഞ്ഞ അധ്യയന വര്‍ഷമാണ് സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന വിദ്യാര്‍ഥികള്‍ക്കായി സ്വകാര്യ സ്‌കൂളുകളില്‍ ആന്ധ്രസര്‍ക്കാര്‍ സംവരണം നടപ്പാക്കിയത്. രാജ്യത്ത് നിരവധി സംസ്ഥാനങ്ങളില്‍ ഇതിനോടകം പദ്ധതി നടപ്പാക്കുകയും പ്രവേശനം ഓണ്‍ലൈന്‍ സംവിധാനം വഴി ഏകീകരിക്കുകയും ചെയ്തിട്ടുണ്ട്. അപേക്ഷാസംബന്ധിയായ സംശയങ്ങള്‍ ദൂരീകരിക്കുന്നതിനായി 14417 എന്ന ഹെല്‍പ് ലൈന്‍ നമ്പറിലേക്ക് വിളിക്കാം. വിശദവിവരങ്ങള്‍ക്കായയി cse.ap.gov.in. പരിശോധിക്കാം.