നീറ്റ് പി.ജി പരീക്ഷ മാറ്റണമെന്ന ഹർജി സുപ്രീം കോടതി തള്ളി

നീറ്റ് പി.ജി പരീക്ഷ മാറ്റി വെക്കണമെന്ന ഹർജി സുപ്രീം കോടതി തള്ളി. മാർച്ച് അഞ്ചിനാണ് പരീക്ഷ നടത്താൻ നിശ്ചയിച്ചിരിക്കുന്നത്. നീറ്റ് പ്രവേശന പരീക്ഷ ഏപ്രില്‍, മെയ് മാസത്തിലേക്ക് മാറ്റണമെന്നായിരുന്നു ഹര്‍ജിക്കാരുടെ ആവശ്യം. ഹര്‍ജിയില്‍ കഴിഞ്ഞ വെള്ളിയാഴ്ച നാഷണല്‍ ബോര്‍ഡ് ഓഫ് എക്‌സാമിനേഷന്‍സിനോട് സുപ്രീംകോടതി വിശദീകരണം തേടിയിരുന്നു. പരീക്ഷ തീയതി ആറു മുതൽ എട്ട് ആഴ്ച വരെ മാറ്റണമെന്നാണ് ഹർജിക്കാരൻ ആവശ്യപ്പെട്ടത്. ജസ്റ്റിസുമാരായ എസ് ആർ ഭട്ടും ദീപാങ്കർ ദത്തയും അടങ്ങുന്ന ബെഞ്ചാണ് കേസിൽ വാദം കേട്ടത്.

67,000 ഉദ്യോഗാർഥികൾ പുതുമുഖങ്ങളാണെങ്കിൽ 1,20,000 വിദ്യാർഥികൾക്ക് അവരുടെ ഇന്റേൺഷിപ്പ് എങ്ങനെ പൂർത്തിയാക്കാൻ കഴിയും എന്നായിരുന്നു ഹർജിക്കാരൻ കോടതിയിൽ വാദിച്ചത്. ജനുവരി 7 ന് നീറ്റ് പിജി പരീക്ഷയ്ക്ക് ആദ്യമായി വിജ്ഞാപനം പുറപ്പെടുവിച്ചപ്പോള്‍, ഇന്റേണ്‍ഷിപ്പ് പൂര്‍ത്തിയാക്കുന്നതിനുള്ള കട്ട്-ഓഫ് തീയതി മാര്‍ച്ച് 31, 2023 ആയി നിശ്ചയിച്ചിരുന്നുവെന്ന് ഹര്‍ജിക്കാര്‍ ചൂണ്ടിക്കാട്ടി. പിന്നീട് കട്ട് ഓഫ് തീയതി വീണ്ടും രണ്ടു തവണ നീട്ടി.

കട്ട് ഓഫ് തീയതി നീട്ടിയെങ്കിലും, പരീക്ഷകള്‍ ആദ്യം പ്രഖ്യാപിച്ച തീയതിയിലാണ് നടത്തുന്നത്. ഇതുമൂലം പുതുതായി യോഗ്യത നേടിയ ഉദ്യോഗാര്‍ത്ഥികള്‍ക്ക് തയ്യാറെടുക്കാന്‍ മതിയായ സമയം ലഭിക്കുന്നില്ലെന്നും ഹര്‍ജിക്കാര്‍ വാദിച്ചു.

നീറ്റ്-പിജി പരീക്ഷയ്ക്ക് ഏകദേശം 2.09 ലക്ഷം ഉദ്യോഗാർത്ഥികൾ രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നും അത് മാറ്റിവെച്ചാൽ പരീക്ഷ നടത്തുന്നതിനുള്ള മറ്റൊരു തീയതിയും ഉടനെ ലഭ്യമല്ലെന്നും എൻബിഇ സുപ്രീം കോടതിയെ നേരത്തെ അറിയിച്ചിരുന്നു.

Verified by MonsterInsights