നെല്ലിക്ക ഗുണങ്ങളേറെ: ഭാരം കുറയ്ക്കാം, പ്രായം പിടിച്ചു കെട്ടാം….

ശരീരത്തിന്റെ പ്രതിരോധശേഷി വർധിപ്പിക്കുന്നതിൽ നെല്ലിക്കയുടെ കഴിവ് പ്രസിദ്ധമാണല്ലോ. വൈറ്റമിൻ സി അടങ്ങിയ നെല്ലിക്ക ശക്തമായ ഒരു ആന്റിഓക്സിഡന്റ് ആയതിനാൽ പലതരം വ്യാധികൾക്കും മികച്ച മരുന്നാണ്. ജലദോഷം, ചുമ, വായ്പോട്ടൽ തുടങ്ങിയ പല രോഗങ്ങൾക്കും വീട്ടിൽ തന്നെ തയാറാക്കാവുന്ന മരുന്നുകളുടെ ഒരു പ്രധാന ചേരുവയുമാണ് നെല്ലിക്ക. ചയാപചയം മെച്ചപ്പെടുത്താനും ദഹനം വേഗത്തിലാക്കാനും നെല്ലിക്ക സഹായിക്കുന്നു. ധാരാളം ഫൈബർ അടങ്ങിയതിനാൽ നെല്ലിക്ക കഴിച്ചശേഷം വയർ നിറഞ്ഞ പ്രതീതിയുണ്ടാവുകയും ഇതിനാൽ അമിതമായി ഭക്ഷണം കഴിക്കുന്നത് ഒഴിവാക്കാനും സാധിക്കുന്നു.

കാലറി കുറഞ്ഞ ഈ പച്ചക്കറി ഭാരം കുറച്ച് ഫിറ്റ് ആകാൻ ആഗ്രഹിക്കുന്നവരുടെ പ്രിയപ്പെട്ട ഭക്ഷണവിഭവമാണ്. നെല്ലിക്കയിൽ അടങ്ങിയിരിക്കുന്ന ക്രോമിയം ശരീരത്തിലെ ചീത്ത കൊളസ്ട്രോളിനെ കുറയ്ക്കാൻ സഹായിക്കുമെന്ന് ഡൽഹിയിലെ ന്യൂട്രീഷനിസ്റ്റ് ഗാർഗി ശർമ എൻഡിടിവി ഫുഡ്സിന് നൽകിയ അഭിമുഖത്തിൽ പറയുന്നു. പ്രായമാകും തോറും ശരീരത്തിൽ ചുളിവുകൾ വീഴുന്നതിനെ തടുക്കാനും നെല്ലിക്ക സഹായിക്കും. പ്രായത്തിന്റെ പ്രകടമായ ലക്ഷണങ്ങൾ അധികമില്ലാതെ ചെറുപ്പമായി ഇരിക്കാൻ ആഗ്രഹിക്കുന്നവർക്ക് ദിവസവും നെല്ലിക്ക ജ്യൂസ് കഴിക്കാവുന്നതാണ്.

ദിവസവും നെല്ലിക്ക കഴിക്കുന്നത് ചർമത്തിന് തിളക്കം ലഭിക്കാനും നല്ലതാണ്. നെല്ലിക്ക ഉപയോഗിച്ച് തയാറാക്കുന്ന ഫെയ്സ് മാസ്ക് മൃതകോശങ്ങളെ നീക്കാനാവുന്നു. ശരീരത്തിൽ കൊളസ്ട്രോൾ അടിഞ്ഞു കൂടാതിരിക്കാൻ സഹായിക്കുന്നതു വഴി നെല്ലിക്ക ഹൃദ്രോഗ സാധ്യതകളും കുറയ്ക്കുമെന്ന് ഗാർഗി ശർമ പറയുന്നു.

  * നെല്ലിക്ക ജ്യൂസ് തയാറാക്കേണ്ട വിധം

കുറച്ച് നെല്ലിക്ക കുരു കളഞ്ഞ ശേഷം ജ്യൂസറിലിട്ട് അടിക്കുക. ഇതിന് ശേഷം ഇത് അരിച്ചെടുത്ത് ചെറു ചൂട് വെള്ളത്തിൽ കലർത്തിയാണ് ഉപയോഗിക്കേണ്ടത്. ഒരു ഗ്ലാസ് ചെറു ചൂടുവെള്ളത്തിൽ 20 മുതൽ 30 മില്ലിഗ്രാം നെല്ലിക്ക ജ്യൂസ് കലർത്തി വെറും വയറ്റിലാണ് കഴിക്കേണ്ടത്. ശരീരത്തിലെ വിഷാംശം നീക്കാനും ഭാരം കുറച്ച് മികച്ച ശരീരഘടന നിലനിർത്താനും ദിവസവും നെല്ലിക്ക ജ്യൂസ് ശീലമാക്കുക.

ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും.
എല്ലാവരും മാസ്‌ക് ധരിച്ചും
സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും
വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന്  അഭ്യര്‍ത്ഥിക്കുന്നു.
Verified by MonsterInsights