നിങ്ങളുടെ കൈയ്യിലുള്ള സൗന്ദര്യ വര്‍ദ്ധക ഉത്പന്നങ്ങള്‍ വ്യാജമാണോ? എങ്ങനെ തിരിച്ചറിയാം

ഇന്നത്തെ കാലത്ത് സൗന്ദര്യവര്‍ദ്ധക ഉത്പന്നങ്ങള്‍ ഉപയോഗിക്കാത്തവരായി ആരും തന്നെ ഉണ്ടാവില്ല. എന്നാല്‍ ഉപയോഗിക്കുന്ന ഉത്പന്നങ്ങള്‍ വ്യാജമാണോ എന്ന് എങ്ങനെ തിരിച്ചറിയാം. മേക്കപ്പ് ചെയ്യാന്‍ ഉപയോഗിക്കുന്ന ലിപ്സ്റ്റിക്കും ഫൗണ്ടേഷനും ബ്ലഷും തുടങ്ങി കണ്‍മഷിയില്‍ വരെ വ്യാജനുണ്ട്. ചര്‍മ്മ സംരക്ഷണത്തിനും മേക്കപ്പ് ഉല്‍പ്പന്നങ്ങള്‍ക്കും വലിയ ഡിമാന്‍ഡ് ഉള്ളതുകൊണ്ടുതന്നെ പല ബ്രാന്‍ഡഡ് കോസ്മറ്റിക് കമ്പനികളുടെയും പേരും ലോഗോയും ഒക്കെ ഉപയോഗിച്ച് വ്യജന്മാര്‍ പുറത്തിറങ്ങുന്നുണ്ട്.ഇത്തരം വ്യാജ ഉത്പന്നങ്ങള്‍ ഉപയോഗിക്കുകവഴി ചര്‍മ്മത്തിന് പലതരം ദോഷങ്ങളും സംഭവിക്കുകയും ചെയ്യും.നിങ്ങള്‍ ഉപയോഗിക്കുന്ന ഈ മേക്കപ്പ് പ്രോഡക്ടുകള്‍ വ്യാജമാണോ എന്ന് തിരിച്ചറിയാന്‍ മാര്‍ഗ്ഗമുണ്ട്.

വിലയും ബ്രാന്‍ഡും

പല പ്രശസ്തമായ കമ്പനികളുടേയും മേക്കപ്പ് ഉത്പന്നങ്ങള്‍ സാധാരണ ഗതിയില്‍ ചെലവേറിയതാണ്. ഉദാഹരണത്തിന് റോസ്ബ്യൂട്ടി, ഹ്യുഡ ബ്യൂട്ടി, മാക് പോലെയുളള ബ്രാന്‍ഡുകള്‍.ഇത്തരത്തിലുള്ള അന്തര്‍ദേശീയ ബ്യൂട്ടി ബ്രാന്‍ഡുകള്‍ക്ക് പ്രാദേശിക ഉത്പന്നത്തേക്കാള്‍ വിലയുണ്ട്. അതുകൊണ്ട് ഇങ്ങനെയുള്ള ഉത്പന്നങ്ങളുടെ പ്രോഡക്ടുകള്‍ കുറഞ്ഞ വിലയ്ക്കാണ് ലഭിക്കുന്നതെങ്കില്‍ അതൊരു വ്യാജ ഉത്പന്നമാണെന്ന് മനസിലാക്കാം.

ഇന്‍ഗ്രീഡിയന്‍റ്സ് നോക്കാം

ഒരു യഥാര്‍ഥ ഉത്പന്നം അതില്‍ അടങ്ങിയിരിക്കുന്ന എല്ലാ ചേരുവകളെക്കുറിച്ചും അതില്‍ രേഖപ്പെടുത്തിയിട്ടുണ്ടാവും. ചേരുവകളെക്കുറിച്ച് ഓരോ ബ്രാന്‍ഡിനും അതിന്റേതായ യുഎസ്പി ഉണ്ട്. എന്നാല്‍ വ്യാജ ഉത്പന്നങ്ങളാണെങ്കില്‍ അതില്‍ അടങ്ങിയിരിക്കുന്ന ചേരുവകളെക്കുറിച്ചുള്ള ലിസ്റ്റുകള്‍ ഉണ്ടാവില്ല. ചില പൊതുവായ ചേരുവകളുടെ പേരുകള്‍ മാത്രമേ ഉണ്ടാവുകയുളളൂ.

പാക്കിംഗ് രീതി ശ്രദ്ധിക്കുക

എല്ലാ ഹൈ-എന്‍ഡ് ബ്യൂട്ടി ലൈനുകളും ഉത്പന്നങ്ങള്‍ക്ക് സവിശേഷമായ പാക്കിംഗും ലേബലിംഗ് കാര്യങ്ങളും ചേര്‍ത്തിട്ടുണ്ടാവും. വ്യാജ ഉത്പന്നങ്ങളും ഇത്തരത്തില്‍ പാക്കിംഗും ലേബലിംഗും നടത്തുമെങ്കിലും യഥാര്‍ഥ ബ്രാന്‍ഡില്‍ നിന്ന് വളരെ വ്യത്യസ്തമായിരിക്കും. പ്രിന്റ് ചെയ്തിരിക്കുന്ന വാക്കുകളില്‍ അക്ഷരത്തെറ്റോ, മങ്ങിയ പ്രിന്റിംഗോ ഉണ്ടെങ്കില്‍ അതൊരു വ്യാജ ഉത്പന്നമായിരിക്കും.

സര്‍ട്ടിഫിക്കേഷനും അംഗീകാര മുദ്രയും

മിക്കവാറും എല്ലാ സൗന്ദര്യവര്‍ദ്ധക ഉത്പന്നങ്ങളിലും ഡെര്‍മറ്റോളജിസ്റ്റ് അസോസിയേഷന്‍ അല്ലെങ്കില്‍ എഫ്ഡിഎ പോലെയുള്ള സ്ഥാപനങ്ങളില്‍ നിന്നുള്ള സര്‍ട്ടിഫിക്കേഷനോ അംഗീകാര മുദ്രയോ ഉണ്ടായിരിക്കും. ഉത്പന്നങ്ങളുടെ വൈബ്‌സൈറ്റും മറ്റും പരിശോധിച്ചാല്‍ ഇത്തരം മുദ്രകളെക്കുറിച്ചും സര്‍ട്ടിഫിക്കറ്റിനെക്കുറിച്ചും ഒക്കെ ഒരു ധാരണ ലഭിക്കും.

റിവ്യു നോക്കാം

ഓണ്‍ലൈന്‍ വഴി സാധനങ്ങള്‍ വാങ്ങുമ്പോള്‍ ഏറ്റവും അധികം ശ്രദ്ധിക്കേണ്ടത് ഉപഭോക്താക്കള്‍ കൊടുത്തിട്ടുള്ള റിവ്യൂ ആണ്. ഉത്പന്നത്തിന്റെ പാക്കിംഗ്, ഗുണനിലവാരം, ടെക്‌സ്ചര്‍, വില, ആധികാരികത മുതലായവയുമായി ബന്ധപ്പെട്ട് ആളുകള്‍ കൊടുത്തിരിക്കുന്ന റിവ്യൂ ശ്രദ്ധിക്കുക. നെഗറ്റീവായുള്ള റിവ്യു കാണുകയോ ഉത്പന്നത്തെക്കുറിച്ച് സംശയമുണ്ടാവുകയോ ചെയ്താല്‍ അത് വാങ്ങേണ്ടതില്ല.

Verified by MonsterInsights