നിങ്ങളുടെ വീഡിയോ മറ്റുള്ളവരെക്കാൾ ‘ക്വാളിറ്റി’ കുറഞ്ഞതാണോ?; കാരണം വെളിപ്പെടുത്തി ഇൻസ്റ്റാഗ്രാം

ഇൻസ്റ്റാ​ഗ്രാമിൽ വീഡിയോ അപ്‌ലോഡ് ചെയ്യുന്ന സമയത്ത് പലപ്പോഴും വീഡിയോക്ക് മികച്ച ക്വാളിറ്റി ഉള്ളതായി തോന്നാറില്ല. എന്നാൽ സെലിബ്രിറ്റികൾ അപ്‌ലോഡ് ചെയ്യുന്ന വീഡിയോക്ക് മികച്ച ക്വാളിറ്റി തോന്നാറുമുണ്ട്. ഇതിന് കാരണമെന്താണെന്ന് നിങ്ങൾക്കറിയാമോ? ഇപ്പോഴിതാ അതിനുള്ള കാരണം പങ്കുവെച്ചിരിക്കുകയാണ് ഇൻസ്റ്റാഗ്രാം മേധാവി ആദം മൊസേരി. ഇൻസ്റ്റാഗ്രാം വീഡിയോകളുടെ കാഴ്ച്ചകാരെ അപേക്ഷിച്ചാണ് നമ്മുടെ വീഡിയോയുടെ ​ഗുണനിലവാരം തീരുമാനിക്കുകയെന്നാണ് ആദം മൊസേരി പറഞ്ഞത്.

ഒരാൾ ആദ്യ സമയത്ത് ഒരു വീഡിയോ അപ്‌ലോഡ് ചെയ്തതിന് ശേഷം അതിന് വേണ്ട വിധത്തിൽ കാഴ്ച്ചക്കാരില്ല എങ്കിൽ തങ്ങൾ അത് നിലവാരം കുറഞ്ഞ വീഡിയോ ക്യാറ്റ​ഗറിയിലേക്ക് മാറ്റും. അതിന് ശേഷം ആ വീഡിയോക്ക് കാഴ്ച്ചക്കാർ വർദ്ധിക്കുകയാണെങ്കിൽ ഉടൻ തന്നെ ആ വീഡിയോ നിലവാരമുള്ള വീഡിയോയിലേക്ക് റീ-റെൻഡർ ചെയ്യുമെന്നും മൊസേരി പറഞ്ഞു.

വീഡിയോ കാണുന്ന ആളുടെ ഇൻ്റർനെറ്റ് കണക്ഷനിൽ കുഴപ്പമുണ്ടെങ്കിൽ വീഡിയോകൾ താഴ്ന്ന റെസല്യൂഷൻ തന്നെയായിരിക്കും കാണാൻ സാധിക്കുക എന്നും മൊസേരി പറഞ്ഞു. ഉയർന്ന നിലവാരമുള്ള ഉള്ളടക്കം ആളുകളെ കാണിക്കുക എന്നതാണ് തങ്ങളുടെ ലക്ഷ്യമെന്നും മൊസേരി കൂട്ടിചേർത്തു. ഇൻസ്റ്റാഗ്രാമിലെ വീഡിയോ ക്വാളിറ്റി വ്യക്തി അടിസ്ഥാനത്തിലല്ല പ്രവർത്തിക്കുന്നത്. എല്ലാ ആളുകളിലും ഇതെ മാനദണ്ഡം തന്നെയാണെന്നും അദ്ദേ​ഹം എക്സിൽ പങ്കുവെച്ച കുറിപ്പിൽ വ്യക്തമാക്കി.

 
Verified by MonsterInsights