ദേശീയ ഐക്യത്തിന്റെയും ദേശസ്നേഹത്തിന്റെയും മാതൃകയായി തമിഴ്‌നാട്ടിലെ (Tamil Nadu) ചെങ്കൽപേട്ട് ജില്ലയിലെ ഒരു ഗ്രാമം. മുന്നൂറിലധികം കുടുംബങ്ങളുള്ള സിരുതമൂർ (Siruthamur) എന്ന ഈ ചെറിയ ഗ്രാമത്തിൽ, ദേശീയ പതാക (national flag) ഉയർത്താത്ത ഒരു ദിവസം പോലുമില്ല. കഴിഞ്ഞ നാല് വർഷമായി ഗ്രാമവാസികൾ എല്ലാ ദിവസവും ത്രിവർണ പതാക ഉയർത്തുകയും അവരുടെ ജോലി ആരംഭിക്കുന്നതിന് മുമ്പ് പതാകയെ വന്ദിക്കുകയും ചെയ്യുന്നു.സിരുതമൂർ ഗ്രാമവാസികളുടെ പ്രാഥമിക വരുമാന മാർഗം കൃഷിയാണ്. കനത്ത മഴയുള്ള ദിവസങ്ങളായാൽ പോലും അതിനെയെല്ലാം അവഗണിച്ച് ഈ ഗ്രാമത്തിലെ ജനങ്ങൾ എല്ലാ ദിവസവും രാവിലെ എട്ടരക്ക് പതാക ഉയർത്തുകയും ദേശീയ ഗാനം ആലപിക്കുകയും പതാകയെ വന്ദിക്കുകയും ചെയ്യും. ദേശീയഗാനം ആലപിക്കുമ്പോൾ, കർഷകത്തൊഴിലാളികളും കുട്ടികളും റോഡിൽ ആടിനെ മേയ്ക്കുന്നവരും, അങ്ങനെ എല്ലാവരും ത്രിവർണ പതാകയ്ക്ക് അർഹമായ എല്ലാ ആദരവും നൽകുന്നതിനായി അവരുടെ ജോലി താൽകാലികമായി നിർത്തിവെയ്ക്കുകയാണ് പതിവ്.
2017 മുതൽ തങ്ങൾ ഈ ശീലം തുടങ്ങിയതാണെന്ന് ഗ്രാമവാസികളിൽ ഒരാൾ ന്യൂസ് 18 നോട് പറഞ്ഞു. അതിനുമുൻപ്, എല്ലാ വർഷവും റിപ്പബ്ലിക് ദിനത്തിലും സ്വാതന്ത്ര്യദിനത്തിലും മാത്രമാണ് ഗ്രാമത്തിൽ പതാക ഉയർത്തിയിരുന്നത്. പിന്നീട് തങ്ങളുടെ ദേശീയ ഐക്യവും ദേശഭക്തിയും പ്രകടിപ്പിക്കുന്നതിനായി, എല്ലാ ദിവസവും ഇങ്ങനെ ചെയ്യാൻ തീരുമാനിക്കുകയായിരുന്നെന്നും ഗ്രാമവാസികൾ പറയുന്നു. രാവിലെ എട്ടരക്ക് ഗ്രാമത്തിലെ ആർക്കും പതാക ഉയർത്താം. ഖാദി തുണികൊണ്ടാണ് ഈ പതാക നിർമിച്ചിരിക്കുന്നതെന്നും ഗ്രാമവാസികൾ പറയുന്നു.