ഇത്രയും കാലം കണ്ണുകള്‍ മൂടിവെച്ച് വിധിന്യായങ്ങള്‍ക്ക് മൂകസാക്ഷിയായ നീതിദേവതയുടെ പ്രതീകാത്മക പ്രതിമ ഇനിമുതല്‍ കണ്ണുകള്‍ തുറന്ന് നില്‍ക്കും. രാജ്യത്തെ നിയമത്തിന് അന്ധതയില്ല എന്ന സന്ദേശമാണ് നീതിദേവതയുടെ കണ്ണുകള്‍ നഗ്നമാക്കുന്നതിലൂടെ ഉദ്ദേശിക്കുന്നത്. വലതുകൈയിലെ തുല്യതയുടെ തുലാസിനുനേരെ തലയുയര്‍ത്തി ഇടതുകൈയില്‍ പുസ്തകവുമേന്തിക്കൊണ്ടായിരിക്കും നീതിദേവത ഇനി നിലയുറപ്പിക്കുക. നിയമം ശിക്ഷയുടെ പ്രതീകമല്ല എന്ന സന്ദേശമാണ് അത്രയും കാലം കൈയിലേന്തിയ വാളിനു പകരം നീതിദേവതയുടെ ഇടതുകൈയില്‍ ഇന്ത്യന്‍ ഭരണഘടനയിലൂടെ തരുന്ന സന്ദേശം.അത്രയും കാലം നീതിദേവതയുടെ കണ്ണുകളെ മറച്ചുവെക്കുക എന്നതുകൊണ്ട് ഉദ്ദേശിച്ചത് നിയമത്തിനുമുന്നിലെ തുല്യതയും കോടതിയ്ക്ക് മുന്നില്‍ ഹാജരാവുന്നവരുടെ സമ്പത്തിലോ അധികാരത്തിലോ മറ്റ് പകിട്ടുകളോ കണ്ട് കോടതി ആകര്‍ഷിക്കപ്പെടില്ല എന്നും സൂചിപ്പിക്കാനായിരുന്നു. കൈയിലേന്തിയ വാള്‍ പ്രതിനിധാനം ചെയ്തത് അനീതിയ്‌ക്കെതിരെ ശിക്ഷിക്കാനുള്ള അധികാര ശക്തിയെയുമായിരുന്നു.
പ്രതിമ ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡിന്റെ ഉത്തരവ് പ്രകാരമാണ് പരിഷ്‌കരിച്ച പ്രതിമ സുപ്രീം കോടതി ജഡ്ജിമാരുടെ ലൈബ്രറിയില്‍ സ്ഥാപിച്ചത്. ക്രിമിനല്‍ നിയമങ്ങളില്‍ ആധിപത്യം സ്ഥാപിച്ചിരുന്ന ബ്രിട്ടീഷ് കൊളോണിയല്‍ പാരമ്പര്യവും സ്വാധീനവും ഇന്ത്യന്‍ പീനല്‍ കോഡില്‍ നിന്നും ഭാരതീയ ന്യായ സംഹിത ഉപയോഗിച്ച് അടര്‍ത്തി
മാറ്റാനുള്ള ശ്രമമാണ് പുതിയ പ്രതിമയിലൂടെ ലക്ഷ്യമിടുന്നതെന്നാണ് ജസ്റ്റിസിന്റെ ഓഫീസ് വൃത്തങ്ങള്‍ സൂചിപ്പിക്കുന്നത്.നിയമം ഒരിക്കലും അന്ധമല്ല, എല്ലാവരെയും തുല്യരായി കാണുകയാണ് ചെയ്യുന്നത് എന്ന ദൃഢനിശ്ചയമാണ് ചീഫ് ജസ്റ്റിസിനെ ഇത്തരത്തില്‍ ചിന്തിക്കാന്‍ പ്രേരിപ്പിച്ചത്.നീതിദേവതയുടെ രൂപം മാറ്റണം. ഒരു കൈയില്‍ നിര്‍ബന്ധമായും അവര്‍ പിടിച്ചിരിക്കേണ്ടത് ഭരണഘടനയാണ്, വാളല്ല. നീതിദേവത നീതിയ്ക്കുവേണ്ടിനിലകൊള്ളുന്നത് ഭരണഘടനാനുസൃതമായിരിക്കണം. വാള്‍ അക്രമത്തിന്റെ പ്രതീകമാണ്. പക്ഷേ കോടതികള്‍ നീതിവിധിക്കുന്നത് ഭരണഘടന അനുശാസിക്കുന്ന നിയമത്തിലൂടെയാണ്. – ജസ്റ്റിസിന്റെ ഓഫീസ് വൃത്തങ്ങള്‍ പറയുന്നു.
സമൂഹത്തിലെ സന്തുലിതാവസ്ഥയെ പ്രതിനിധീകരിക്കുന്നതിനാല്‍ ഒരു നിഗമനത്തിലെത്തുന്നതിനുമുമ്പ് ഇരുപക്ഷത്തിന്റെയും വസ്തുതകളും വാദങ്ങളും കോടതികള്‍ തൂക്കിനോക്കു
ന്നു എന്ന ആശയം നിലനിര്‍ത്തുവാനായി വലതു കൈയിലെ നീതിയുടെ തുലാസുകള്‍ നിലനിര്‍ത്തുന്നുവെന്നും സുപ്രീംകോടതി വ്യക്തമാക്കുന്നു.