ഒമിക്രോണ്‍: അന്താരാഷ്ട്ര വിമാനസര്‍വീസ് പുനരാലോചനയ്ക്കു ശേഷം; ജാഗ്രതാ നിര്‍ദേശവുമായി കേന്ദ്രം

ഇതിനിടെ അന്താരാഷ്ട്ര വിമാനയാത്രക്കുള്ള മാർഗനിർദേശം ആരോഗ്യ മന്ത്രാലയം പുതുക്കി. 14 ദിവസത്തെ യാത്രാവിവരങ്ങളുടെ സത്യവാങ്മൂലം എയർ സുവിധ പോർട്ടലിൽ നൽകണം. യാത്രക്ക് 72 മണിക്കൂർ മുമ്പ് എടുത്ത ആർടിപിസിആർ റിപ്പോർട്ട് സമർപ്പിക്കണം. കോവിഡ് വ്യാപനമുള്ള രാജ്യങ്ങളിൽ നിന്ന് വരുന്നവർ സ്വന്തം ചിലവിൽ പരിശോധന നടത്തണം. കോവിഡ് പരിശോധനാഫലം വരാതെ പുറത്തുപോകാൻ പാടില്ല. നെഗറ്റീവായാലും ഏഴ് ദിവസം ക്വാറന്റീൻ നിർബന്ധം. പോസിറ്റീവായാൽ ജിനോം സ്വീകൻസിങ്ങും ഐസൊലേഷനും വേണം. ഡിസംബർ ഒന്ന് മുതൽ മാർഗനിർദേശങ്ങൾ പ്രാബല്യത്തിൽ വരും.

ഒമിക്രോൺ വകഭേദത്തിന്റെ സാന്നിധ്യം കണ്ടെത്തിയ രാജ്യങ്ങളെ ‘അറ്റ് റിസ്ക്’ പട്ടികയിൽ കേന്ദ്രസർക്കാർ ഉൾപ്പെടുത്തിയിട്ടുണ്ട്. ദക്ഷിണാഫ്രിക്ക, ചൈന, ബോട്സ്വാന, യുകെ, ബ്രസീൽ, ഇസ്രായേൽ, ബംഗ്ലാദേശ്, മൗറീഷ്യസ്, ന്യൂസിലാൻഡ്, സിംബാബ്വെ, സിംഗപ്പൂർ, ഇസ്രായേൽ, ഹോങ്കോംഗ് തുടങ്ങിയ രാജ്യങ്ങളെയാണ് ‘അറ്റ് റിസ്ക്’ പട്ടികയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. ഇവിടങ്ങളിൽനിന്ന് ഇന്ത്യയിലേക്ക് വരുന്ന യാത്രക്കാരുമായി ബന്ധപ്പെട്ട തുടർനടപടികൾക്കു വേണ്ടിയാണിത്. അന്താരാഷ്ട്ര വിമാനങ്ങളിൽ എത്തുന്നവരുടെ യാത്രാവിവരങ്ങൾ ശേഖരിക്കാനുള്ള സംവിധാനം നിലവിലുണ്ട്. അത് സംസ്ഥാനതലത്തിൽ അവലോകനം ചെയ്യാനും കേന്ദ്രം നിർദേശിച്ചിട്ടുണ്ട്. ഇന്ത്യയിലെത്തുന്ന വിമാനയാത്രക്കാരുടെ, പ്രത്യേകിച്ച് ഒമിക്രോൺ റിപ്പോർട്ട് ചെയ്ത രാജ്യങ്ങളിൽ നിന്നെത്തുന്നവരുടെ പരിശോധനയും നിരീക്ഷണവും എങ്ങനെ വേണമെന്ന കാര്യവും സർക്കാർ അവലോകനം ചെയ്യും. കേന്ദ്ര ആഭ്യന്തരസെക്രട്ടറി അജയ് ഭല്ലയുടെ അധ്യക്ഷതയിൽ ഞായറാഴ്ച ചേർന്ന യോഗത്തിന്റേതാണ് തീരുമാനം.

ഒമിക്രോൺ ആശങ്ക പരത്തുന്നതിനിടെ സംസ്ഥാനങ്ങൾക്ക് കേന്ദ്രസർക്കാർ ജാഗ്രതാനിർദേശം നൽകിയിട്ടുണ്ട്. ഊർജിത നടപടികൾ സ്വീകരിക്കാനും കർശന നിരീക്ഷണം ഏർപ്പെടുത്താനും എല്ലാ സംസ്ഥാനങ്ങൾക്കും കേന്ദ്രം നിർദേശം നൽകി. വാക്സിനേഷൻ കൂടുതലാളുകളിലേക്ക് എത്തിക്കാനും നിർദേശം നൽകിയിട്ടുണ്ട്.

ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും.
എല്ലാവരും മാസ്‌ക് ധരിച്ചും
സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും
വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന്  അഭ്യര്‍ത്ഥിക്കുന്നു.
Verified by MonsterInsights