നേരിയ രോഗലക്ഷണങ്ങളും കുറഞ്ഞ മരണനിരക്കും കണക്കിലെടുത്ത് ഒമിക്രോണിനെ നിസ്സാരവത്കരിക്കരുതെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്റെ മുന്നറിയിപ്പ്. കഴിഞ്ഞ രണ്ടുതരംഗങ്ങളെ അപേക്ഷിച്ച് രോഗവ്യാപനത്തോത് ഇരട്ടിയാണെന്നും ജാഗ്രതക്കുറവ് ഗുരുതരവിപത്തിന് വഴിയൊരുക്കുമെന്നും നിതി ആയോഗ് അംഗം ഡോ. വി.കെ. പോൾ വാർത്താസമ്മേളനത്തിൽ പറഞ്ഞു.
വ്യാപനം വർധിച്ചാൽ 60 പിന്നിട്ടവർ, ഗുരുതരരോഗങ്ങളുള്ളവർ എന്നിവരിലേക്ക് രോഗമെത്തും. ഇത് മുമ്പുണ്ടായതിന് സമാനമായ ആരോഗ്യ അടിയന്തരാവസ്ഥയ്ക്ക് കാരണമാകും. ഒമിക്രോണിനെത്തുടർന്നുള്ള കോവിഡ് കേസുകളുടെ എണ്ണം കഴിഞ്ഞ 20 ദിവസത്തിനിടെ മഹാരാഷ്ട്ര, പശ്ചിമബംഗാൾ, ഡൽഹി, കേരളം, തമിഴ്നാട്, കർണാടകം, ഝാർഖണ്ഡ്, ഗുജറാത്ത് എന്നീ സംസ്ഥാനങ്ങളിൽ വർധിക്കുകയാണ്.
കഴിഞ്ഞ ഡിസംബർ 15-ന് 5141 സജീവ കോവിഡ് രോഗികളുണ്ടായിരുന്ന മഹാരാഷ്ട്രയിൽ ജനുവരി അഞ്ച് ആയപ്പോൾ രോഗികളുടെ എണ്ണം 69,008 ആയി. പശ്ചിമബംഗാളിൽ 3932-ൽനിന്ന് 32,484-ലെത്തി. ഡൽഹിയിൽ 344-ൽനിന്ന് 19,522 ആയി. രോഗികളുടെ എണ്ണത്തോടൊപ്പം രോഗസ്ഥിരീകരണ നിരക്ക് 2.5 ശതമാനത്തിനു മുകളിലുള്ള ജില്ലകളുടെ എണ്ണവും വർധിക്കുന്നു. പത്തുദിവസത്തിനിടെ 39-ൽനിന്ന് 156-ലെത്തി. ജാഗ്രതയിലൂടെമാത്രമേ രോഗനിയന്ത്രണം സാധ്യമാകൂ. കോവിഡ് മാനദണ്ഡങ്ങൾ പാലിക്കണം. മുഖാവരണം ധരിക്കണം. കോവിഡ് പോലെ വായുവിലൂടെയും ശ്രവങ്ങളിലൂടെയുമാണ് രോഗം പകരുന്നത്.