ഒമിക്രോൺ വിദേശരാജ്യങ്ങൾ കടന്ന് ഇന്ത്യയിലും കേരളത്തിലും എത്തിയിരിക്കുകയാണ്. കൊടുങ്കാറ്റിനായി കാത്തിരിക്കാൻ ലോകാരോഗ്യ സംഘടന മുന്നറിയിപ്പു നൽകിക്കഴിഞ്ഞു. നിലവിൽ ഒമിക്രോണിനെ സംബന്ധിച്ച നിഗമനങ്ങളിലെത്താനും പ്രതിരോധമാർഗങ്ങൾ ഏർപ്പെടുത്താനും വിദേശരാജ്യങ്ങളിൽനിന്നു ലഭിക്കുന്ന വിവരങ്ങളെയാണ് അടിസ്ഥാനമാക്കേണ്ടിയിരിക്കുന്നത്. ഡെന്മാർക്ക്, നെതർലൻഡ്സ്, ഇംഗ്ളണ്ട് തുടങ്ങിയ യൂറോപ്യൻ രാജ്യങ്ങളിൽനിന്നുള്ള വിവരങ്ങളാണ് ഇപ്പോൾ ലഭ്യമായിട്ടുള്ളത്. ഒമിക്രോൺ പകർച്ചയിലും മറ്റു കാര്യങ്ങളിലും പ്രതീക്ഷിച്ചതുപോലെത്തന്നെയാണ് മുന്നോട്ടുപോകുന്നതെങ്കിലും സമൂഹത്തിൽ അതുണ്ടാക്കുന്ന പ്രത്യാഘാതം നിലവിൽ പ്രവചനാതീതമാണ്. കോവിഡിന്റെ ഒന്നാം തരംഗത്തിലും രണ്ടാം തരംഗത്തിലും ഇത് നാം കണ്ടതാണ്. രോഗം പടരുമ്പോൾമാത്രമേ അത് സമൂഹത്തിൽ ഏതുതരത്തിലൊക്കെയുള്ള പ്രത്യാഘാതമാണ് സൃഷ്ടിക്കുന്നതെന്ന് തിരിച്ചറിയാൻ കഴിയൂ.
വളരെ വേഗം പടരുന്നതാണ് ഒമിക്രോൺ എന്നകാര്യം സ്ഥിരീകരിക്കപ്പെട്ടുകഴിഞ്ഞു. ഒന്നര-രണ്ടു ദിവസം മതി കേസുകൾ ഇരട്ടിയാകാൻ. ഇതിനു മുമ്പുള്ള രണ്ടു വകഭേദങ്ങളെക്കാളും വേഗമേറിയതാണിത്. കാട്ടുതീപോലെ പടരാനുള്ള സാധ്യതയിലേക്കാണ് ഇത് വിരൽചൂണ്ടുന്നത്. ഡിസംബർ ആദ്യം യു.കെ.യിൽ 46,000 കേസുണ്ടായിരുന്നത് 73,000 ആകാൻ രണ്ടാഴ്ചമാത്രമേ വേണ്ടിവന്നുള്ളൂ. ലോകാരോഗ്യ സംഘടനയും ഇക്കാര്യം സ്ഥിരീകരിച്ചിട്ടുണ്ട്. രോഗപ്പകർച്ചയുടെ വേഗം തന്നെയാണ് ഇവിടെ പ്രശ്നം. രോഗികൾക്ക് വീട്ടിലുള്ള പരിചരണമോ പ്രാഥമിക പരിചരണകേന്ദ്രങ്ങളിലെ ചികിത്സയോ മതിയാകുമെങ്കിലും ഒരു വീട്ടിലെ എല്ലാവർക്കും രോഗം വരുകയോ അയൽപക്കക്കാരിലേക്കുകൂടി പകരുകയോ ചെയ്താൽ ഏറ്റവും അടിസ്ഥാനപരമായ പരിചരണംപോലും ചിലപ്പോൾ ലഭ്യമാക്കാനാകാതെ വന്നേക്കാം. പരിചരിക്കാനുള്ള ആളുകളുടെ എണ്ണം താരതമ്യേന കുറവാണെന്നതാണ് കാരണം.
വാക്ലിൻ എടുത്തവർക്കും ഒമിക്രോൺ പിടിപെടുന്നുണ്ടെന്നത് ശരിയാണ്. ഡെന്മാർക്കിലും മറ്റും രണ്ടു ഡോസും എടുത്തവർക്കുപോലും രോഗം സ്ഥിരീകരിച്ചിരുന്നു. രോഗതീവ്രത കുറവാണെങ്കിലും രോഗലക്ഷണങ്ങളുണ്ടായേക്കാം. ക്ഷീണംപോലുള്ള പ്രശ്നങ്ങൾ രോഗികളെ വിശ്രമത്തിലേക്ക് തള്ളിവിടും. മാത്രമല്ല, വീട്ടിലുള്ള മറ്റുള്ളവർക്കും അയൽക്കാർക്കും രോഗം പകരും. ഇത് പുറത്തേക്കു പടർന്നായിരിക്കും വലിയൊരു തരംഗംതന്നെ ഉണ്ടാകുക. ആഘോഷങ്ങൾ, യോഗങ്ങൾ, സത്കാരങ്ങൾ തുടങ്ങി ആളുകൾ കൂടുന്ന പരിപാടികളിൽനിന്നാണ് ഒമിക്രോൺ ഏറ്റവുമധികം പകർന്നിരിക്കുന്നത്. അത്തരം പരിപാടികളിൽ പങ്കെടുക്കുന്ന ഒരാൾക്ക് രോഗമുണ്ടെങ്കിൽ എല്ലാവരിലേക്കും പകർന്നേക്കാം. അങ്ങനെ വൈറസ് വീടുകളിലെത്തുകയും മറ്റുള്ളവരിലേക്ക് പകരുകയും ചെയ്യും. അതുകൊണ്ടുതന്നെ അത്തരം പരിപാടികളുടെ കാര്യത്തിൽ കൃത്യമായ പ്രോട്ടോകോൾ നിശ്ചയിക്കേണ്ടതുണ്ട്.