ഓണത്തിനു പൂക്കളം ഒരുക്കാൻ മറവൻതുരുത്തിൽ പൂക്കൾ വിരിഞ്ഞു. ഓണവിപണി ലക്ഷ്യമാക്കി ‘നിറവ്’ പദ്ധതിയുടെ രണ്ടാം ഘട്ടമായി വൈക്കം ബ്ലോക്ക് പഞ്ചായത്ത് ആവിഷ്കരിച്ച ഓണത്തിന് ഒരു കുട്ട പൂ പദ്ധതിപ്രകാരം നടത്തിയ കൃഷിയിടങ്ങളിലാണ് പൂക്കൾ വിരിഞ്ഞത്. മറവൻതുരുത്ത് കൂടാതെ ചെമ്പ്, ടിവിപുരം, ഉദയനാപുരം, വെച്ചൂർ, തലയാഴം എന്നീ പഞ്ചായത്തുകളിലായി 15ഏക്കറോളം സ്ഥലത്താണ് പൂ കൃഷി ആരംഭിച്ചത്. ബ്ലോക്ക് പഞ്ചായത്ത്, കൃഷി വകുപ്പ്, മഹാത്മാഗാന്ധി തൊഴിലുറപ്പ് പദ്ധതി എന്നിവരുടെ നേതൃത്വത്തിലാണ് കൃഷി ആരംഭിച്ചത്. ഓരോ പഞ്ചായത്തിലും കുടുംബശ്രീ, പുരുഷ സ്വയംസഹായ സംഘങ്ങൾ തുടങ്ങി അൻപതോളം വർക്കിങ് ഗ്രൂപ്പാണ് കൃഷി നടത്തുന്നത്.
8ലക്ഷം രൂപ ചെലവഴിച്ച പദ്ധതിയിൽ ബന്ദി, ജമന്തി പൂക്കളാണ് പ്രധാന കൃഷി. വിവിധയിനം പച്ചക്കറികളും കൃഷി നടത്തുന്നുണ്ട്. പൂർണമായും ജൈവവളം ഉപയോഗിച്ചാണ് കൃഷി. അത്തം മുതൽ പൂക്കൾ വിപണിയിൽ എത്തിക്കാനാണ് ബ്ലോക്ക് പഞ്ചായത്തിന്റെ തീരുമാനം. ഓണക്കാലത്ത് ഇതരസംസ്ഥാനങ്ങളിൽനിന്നു പൂക്കൾ ഇറക്കുമതി ചെയ്യാതെ മിതമായ നിരക്കിൽ പൂക്കൾ ലഭ്യമാക്കാൻ ആകുമെന്നു ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.കെ.രഞ്ജിത്ത്, കൃഷി അസിസ്റ്റന്റ് ഡയറക്ടർ പി.പി.ശോഭ, കൃഷി ഓഫിസർ ലിറ്റി മാത്യു എന്നിവർ പറഞ്ഞു.