ന്യൂഡല്‍ഹി: ആമസോണില്‍ ഇലക്ട്രിക് ടൂത്ത് ബ്രഷ് ഓര്‍ഡര്‍ ചെയ്ത യുവതിയ്ക്ക് ലഭിച്ചത് ചാറ്റ് മസാല പായ്ക്കറ്റ്. 12,000 രൂപ വിലയുള്ള ഓറല്‍-ബി ഇലക്ട്രിക് ടൂത്ത് ബ്രഷ് ഓർഡർ ചെയ്ത യുവതിയ്ക്കാണ് എംഡിഎച്ച് ചാറ്റ് മസാല പാക്കറ്റ് ലഭിച്ചത്. തുടര്‍ന്ന് യുവതി ഇക്കാര്യം സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്തു.
തന്റെ അമ്മയാണ് ഓറല്‍ ബി ടൂത്ത്ബ്രഷ് ഓര്‍ഡര്‍ ചെയ്തതെന്നാണ് യുവതി ട്വിറ്ററില്‍ കുറിച്ചത്. എന്നാല്‍ 12,000 രൂപയുടെ ടൂത്ത്ബ്രഷിന് പകരം ലഭിച്ചത് നാല് പാക്കറ്റ് എംഡിഎച്ച് ചാറ്റ് മസാലയായിരുന്നു. ഓൺലൈൻ സെല്ലറുടെ പേര് പരാമര്‍ശിക്കുകുകയും ഇതേ വില്‍പ്പനക്കാരനെതിരെ 2022 ജനുവരി മുതലുള്ള പരാതികളുടെ സ്‌ക്രീന്‍ഷോട്ടും യുവതി പുറത്തുവിട്ടിരുന്നു.
ക്യാഷ് ഓണ്‍ ഡെലിവറിയായിട്ടാണ് യുവതിയുടെ അമ്മ ടൂത്ത് ബ്രഷ് ഓര്‍ഡര്‍ ചെയ്തത്. എന്നാല്‍ ലഭിച്ച പാക്കറ്റില്‍ സംശയം തോന്നി, ഡെലിവറി എക്‌സിക്യൂട്ടീവിന് പണം നല്‍കുന്നതിന് മുമ്പ് തന്നെ പാക്കറ്റ് തന്റെ അമ്മ തുറന്നുനോക്കിയെന്നും യുവതി ട്വിറ്ററില്‍ കുറിച്ചു. അപ്പോഴാണ് അബദ്ധം പറ്റിയ കാര്യം മനസ്സിലായതെന്നും ട്വീറ്റില്‍ പറയുന്നു. എന്തിനാണ് ഇത്തരം വില്‍പ്പനക്കാരെ ആമസോണ്‍ പ്രോത്സാഹിപ്പിക്കുന്നതെന്നും യുവതി തന്റെ ട്വീറ്റിലൂടെ ചോദിച്ചു.
”ഡിയര്‍ (ആമസോണ്‍), ആളുകളെ കബളിപ്പിക്കുന്ന ഇത്തരം വില്‍പ്പനക്കാരെ എന്തുകൊണ്ട് ഒഴിവാക്കുന്നില്ല? 12,000 രൂപ വില വരുന്ന ഓറല്‍ ബിയുടെ ഇലക്ട്രിക് ടൂത്ത് ബ്രഷ് കുറച്ച് ദിവസം മുമ്പ് എന്റെ അമ്മ ഓര്‍ഡര്‍ ചെയ്തിരുന്നു. എന്നാല്‍ ലഭിച്ചത് എംഡിഎച്ചിന്റെ 4 പാക്കറ്റ് ചാറ്റ് മസാല പൗഡറാണ്. MEPLTD എന്ന സെല്ലറിന്റെ ഭാഗത്ത് നിന്നുണ്ടായ പിശകാണ് ഇത്. ഇതേ വില്‍പ്പനക്കാര്‍ 2022 ജനുവരി മുതല്‍ ഉപഭോക്താക്കളെ കബളിപ്പിച്ചുകൊണ്ടിരിക്കുകയാണ്,’ എന്നും യുവതി ട്വീറ്റില്‍ വ്യക്തമാക്കി.
ശേഷം നിരവധി പേരാണ് ഈ ട്വീറ്റിന് മറുപടിയുമായി രംഗത്തെത്തിയത്. ഉപഭോക്താക്കളുടെ പരാതികള്‍ കൃത്യസമയത്ത് ആമസോണ്‍ പരിഹരിക്കുന്നില്ലെന്നാണ് ഒരാള്‍ കമന്റ് ചെയ്തത്. കമ്പനിയുടെ പ്രതികരണത്തിന് വളരെയധികം കാലതാമസമെടുക്കുന്നുവെന്നും പരാതി ഉയർന്നിട്ടുണ്ട്.
”കുറച്ചുനാളുമുമ്പ് ഞാന്‍ ആപ്പിളിന്റെ പെന്‍സില്‍ ഓര്‍ഡര്‍ ചെയ്തിരുന്നു. എന്നാല്‍ എനിക്ക് ലഭിച്ചത് കട്ട് ചെയ്ത കുറെ വയറുകളും ഒരു ബോള്‍ പോയിന്റ് പേനയുമാണ്. തുടര്‍ന്ന് റിവ്യൂ പരിശോധിച്ചപ്പോഴാണ് ഇതേ പരാതിയുമായി മറ്റ് ചിലരും രംഗത്തെത്തിയിരുന്നുവെന്ന് തിരിച്ചറിഞ്ഞതെന്ന്” ഒരാള്‍ കമന്റ് ചെയ്ത്.
ഓര്‍ഡര്‍ ചെയ്ത ഉല്‍പ്പന്നങ്ങള്‍ മാറിവരുന്നതില്‍ ആമസോണിനെതിരെ നേരത്തെയും പരാതികളുയര്‍ന്നിരുന്നു.
2020 ജനുവരിയില്‍ അമേരിക്കയിലെ ന്യൂജഴ്‌സിയിലെ ഒരു കുടുംബത്തിനും സമാനമായ അനുഭവം ഉണ്ടായിട്ടുണ്ട്. ആമസോണ്‍ വഴി കുഞ്ഞുങ്ങള്‍ക്കായി ഡയപ്പര്‍ ഓര്‍ഡര്‍ ചെയ്ത ഈ കുടുംബത്തിന് ലഭിച്ചത് ഉപയോഗിച്ച ഡയപ്പറായിരുന്നു.