ഒരുവർഷം ഒരുലക്ഷം സംരംഭം

കേരള സർക്കാർ ആവിഷ്കരിച്ച ഒരു വർഷം, ഒരു ലക്ഷം സംരംഭങ്ങൾ എന്ന പദ്ധതിയിലൂടെ വടക്കാഞ്ചേരി നിയമസഭാ മണ്ഡലത്തിലെ ഉത്പാദന-സേവന-ട്രേഡിങ് മേഖലയിൽ  ഇതുവരെ ആരംഭിച്ചത് 551 സംരംഭ യൂണിറ്റുകൾ. ഇതിൻ്റെ ഭാഗമായി 27.52 കോടി നിക്ഷേപവും 1167 പേർക്ക് തൊഴിൽ സൃഷ്ടിക്കാനും സാധിച്ചു.

മണ്ഡലത്തിലെ 7 ഗ്രാമപഞ്ചായത്തുകളിൽ ഓരോരുത്തർ വീതവും, വടക്കാഞ്ചേരി നഗരസഭയിൽ 2 പേരുമായി ആകെ 9 ഇൻ്റേണുകളാണ് പ്രവർത്തിക്കുന്നത്  എല്ലാ തദ്ദേശ സ്ഥാപനങ്ങളിലും സംരംഭകരെ കണ്ടെത്തുന്നതിനായി സംരംഭകത്വ ബോധവത്കരണ സെമിനാറുകൾ സംഘടിപ്പിച്ചിരുന്നു. ഇതിൽ പങ്കെടുത്ത 640 പേരിൽനിന്നും സംരംഭം ആരംഭിക്കാൻ മുന്നോട്ടുവന്നവർക്കായി പ്രാരംഭ നടപടികൾ സ്വീകരിച്ചിട്ടുണ്ട്. എല്ലാ തദ്ദേശസ്ഥാപനങ്ങളിലും ഇതിനായി ഹെൽപ്പ് ഡെസ്കുകൾ പ്രവർത്തിക്കുന്നുണ്ട്. സംരംഭകർക്കായി വായ്പ, സബ്സിഡി / ലൈസൻസ് മേളകൾ എല്ലാ തദ്ദേശസ്ഥാപനങ്ങളിലും പൂർത്തീകരിച്ചു.  367 പേരാണ് മേളകളിൽ പങ്കെടുത്തത് . ബാങ്ക് വായ്പയ്ക്കായി അപേക്ഷ നൽകിയ 64 പേരിൽ  25 സംരംഭകർക്ക് വായ്പ ഇതിനകം നൽകി കഴിഞ്ഞു.

നടപ്പു സാമ്പത്തിക വർഷത്തിൽ മണ്ഡലത്തിൽ 1112 പുതിയ സംരംഭങ്ങൾ ആരംഭിക്കാനാണ്  ലക്ഷ്യം വെക്കുന്നതെന്ന് അവലോകന യോഗത്തിൽ സേവിയർ ചിറ്റിലപ്പിള്ളി എംഎൽഎ പറഞ്ഞു.

പട്ടികജാതി സംഘങ്ങൾ, വനിതാ സംഘങ്ങൾ, ക്ഷീരോൽപ്പാദക സംഘങ്ങൾ തുടങ്ങിയവയിൽ നേരത്തേ ആരംഭിച്ചവയും നിന്നുപോയതുമായ സംഘങ്ങൾ ലിസ്റ്റ് ചെയ്ത് അവ പുനരുജ്ജീവിക്കുന്നതിനായി നടപടികളുണ്ടാകണം. അത്താണി കെൽട്രോൺ പരിസരത്ത് പ്രവർത്തിക്കുന്ന സി-മെറ്റുമായി ബന്ധപ്പെട്ട് സംരംഭകരുടെ ക്ലസ്റ്റർ ആരംഭിക്കാനുള്ള സാധ്യതകൾ പരിശോധിക്കണം. ബാങ്കുകളുടെ റീജിയണൽതല യോഗവും ബ്രാഞ്ച് മാനേജർമാരുടെ യോഗവും ചേരണം. വനിതാ, ന്യൂനപക്ഷ വികസന കോർപ്പറേഷനുകൾ നൽകുന്ന സഹായങ്ങൾ സംരംഭകത്വമായി ബന്ധപ്പെടുത്താൻ കഴിയണം.കാർഷിക മേഖലയിലും ടൂറിസം മേഖലയിലുമുള്ള  സംരംഭങ്ങൾക്ക് പ്രോത്സാഹനം നൽകണം.  തദ്ദേശസ്ഥാപനതലത്തിൽ കുടുംബശ്രീയുടെ നേതൃത്വത്തിൽ വിപണ കേന്ദ്രങ്ങൾ ആരംഭിക്കാൻ കഴിയണം. ജനകീയാസൂത്രണ കാലത്ത് ഉത്പാദന മേഖലയിൽ 40 ശതമാനം തുക ചിലവഴിക്കണമെന്ന നിർദ്ദേശത്തിൻ്റെ ഭാഗമായി വാങ്ങിയ ഭൂമിയുടെ കണക്കെടുത്ത് അവ സംരംഭകർക്കായി പ്രയോജനപ്പെടുത്താൻ കഴിയണമെന്നും യോഗത്തിൽ തീരുമാനിച്ചു.

 കിലയിൽ നടന്ന യോഗത്തിൽ ജില്ലാ വ്യവസായ കേന്ദ്രം മാനേജർ ആർ സ്മിത, ജില്ലാ വ്യവസായ കേന്ദ്രം ജനറൽ മാനേജർ കെ എസ് കൃപകുമാർ,ജില്ലാ പഞ്ചായത്ത് അംഗം ലിനി ഷാജി, പുഴയ്ക്കൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് ആനി ജോസ്, ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാർ, ജനപ്രതിനിധികൾ, മറ്റു ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു.

 
Verified by MonsterInsights