മദ്യം ലഹരി മാത്രമല്ല, പിറകേതന്നെ അര്‍ബുദവും ശരീരത്തിന് നല്‍കുന്നുവെന്ന് പഠനങ്ങള്‍. അമേരിക്കന്‍ അസോസിയേഷന്‍ ഓഫ് കാന്‍സര്‍ റിസര്‍ച്ചിന്റെ ഏറ്റവും പുതിയ പഠനമാണ് മദ്യപാനം മൂലമുണ്ടാവുന്ന കാന്‍സറുകളെക്കുറിച്ചുള്ള വിശദമായ റിപ്പോര്‍ട്ടുകള്‍ പുറത്തുവിട്ടത്. തല, കഴുത്ത്, അന്നനാളം, സ്തനങ്ങള്‍, കരള്‍, ഉദരം, കുടല്‍ തുടങ്ങിയ ശരീരഭാഗങ്ങളില്‍ മദ്യപാനം മൂലം കാന്‍സര്‍ വരാനുള്ള സാധ്യകളെക്കുറിച്ചാണ് പഠനം വിശദമാക്കുന്നത്. മദ്യപാനത്തോടൊപ്പമുള്ള പുകവലി മൂലം കാന്‍സര്‍ ഉണ്ടാവാനുള്ള സാധ്യത വളരെ കൂടുതലാണെന്ന് പഠനങ്ങള്‍ നേരത്തെ തെളിയിച്ചതാണ്. യു.എസ്സില്‍ 5.4 ശതമാനം കാന്‍സര്‍ രോഗികള്‍ മദ്യപാനം മൂലം രോഗം വന്നവരാണ്. ഇത്തിരി സ്പിരിറ്റ് അകത്തുചെന്നാല്‍ പ്രശ്‌നമൊന്നുമില്ല എന്ന പൊതുധാരണയെ തിരുത്തേണ്ടതുണ്ടെന്ന് അമേരിക്കന്‍ അസോസിയേഷന്‍ ഓഫ് കാന്‍സര്‍ റിസര്‍ച്ച് നിര്‍ദേശിക്കുന്നു.
മദ്യപാനം മൂലം ഭക്ഷണത്തിലെ പോഷകാംശങ്ങള്‍ സ്വാംശീകരിക്കാനുള്ള കഴിവ് ശരീരത്തിന് നഷ്ടപ്പെടുന്നതോടൊപ്പം ഹോര്‍മോണ്‍ സന്തുലിതാവസ്ഥ നഷ്ടമാവുകയും ചെയ്യുന്നു. യുവാക്കളായ മദ്യപാനികളില്‍ മധ്യവയസ്സോടെ കാന്‍സര്‍ പടരാനുള്ള സാധ്യതറേുന്നു. ഗര്‍ഭിണികളായ സ്ത്രീകളില്‍ മദ്യപാനശീലം മൂലം നവജാത ശിശുക്കള്‍ക്ക് ലൂക്കീമിയയുണ്ടാവാനുള്ള സാധ്യതകളെക്കുറിച്ചും പഠനങ്ങള്‍ ചൂണ്ടിക്കാണിക്കുന്നു. 2019-ല്‍ പാശ്ചാത്യരാജ്യങ്ങളില്‍ റിപ്പോര്‍ട്ടു ചെയ്യപ്പെട്ട കാന്‍സര്‍ രോഗികളില്‍ ഇരുപതുപേരില്‍ ഒരാള്‍ മദ്യപാനം മൂലം രോഗം വന്നവരാണ്. അമേരിക്കയില്‍ അമ്പതുവയസ്സിനു താഴെയുള്ളവരില്‍ വന്‍കുടലിലെ കാന്‍സറില്‍ രണ്ടു ശതമാനം വര്‍ധനവുണ്ടായതായി റിപ്പോര്‍ട്ടുചെയ്യുന്നു.
എല്ലാ മദ്യപാനികള്‍ക്കും കാന്‍സര്‍ വന്നുകൊള്ളണമെന്നില്ല, പല ഘടകങ്ങളാണ് രോഗത്തിലേക്ക് നയിക്കുന്നത്. ഏതുതരം മദ്യമാണ് കാന്‍സറിലേക്ക് നയിക്കുന്നതെന്ന് വ്യക്തമാക്കുന്ന പഠനങ്ങള്‍ നിലവിലില്ലെങ്കിലും മദ്യത്തിലടങ്ങിയിട്ടുള്ള എഥ്‌നോള്‍ ആണ് കാന്‍സറിലേക്ക് നയിക്കുന്നതെന്ന് ആരോഗ്യമേഖലയിലെ വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു.
മദ്യത്തിന്റെയും കാന്‍സറിന്റെയും അപകടകരമായ ബന്ധത്തെക്കുറിച്ച് അമ്പതുശതമാനം മദ്യപാനികളും തിരിച്ചറിയുന്നില്ല എന്നതിനാല്‍ ഇതേക്കുറിച്ച് പൊതു അവബോധം സൃഷ്ടിക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ചാണ് അമേരിക്കന്‍ അസോസിയേഷന്‍ ഓഫ് കാന്‍സര്‍ റിസര്‍ച്ച് വ്യക്തമാക്കുന്നത്”