ഒറ്റ സിഗരറ്റ് വിൽപന കേന്ദ്രസർക്കാർ വിലക്കിയേക്കും; തീരുമാനം ബജറ്റ് സമ്മേളനത്തിന് മുമ്പ്

ന്യൂഡൽഹി: ഒരു സിഗരറ്റ് മാത്രമായി വിൽക്കുന്നത് കേന്ദ്ര സർക്കാർ നിരോധിച്ചേക്കും. സിഗരറ്റ് വാങ്ങുന്നവരിൽ കൂടുതലും ഒറ്റ എണ്ണം മാത്രമായി വാങ്ങുന്നവരാണ്. ഇതുതന്നെയാണ് സർക്കാരിന്‍റെ പുകയില വിരുദ്ധ പ്രചാരണങ്ങളെ പിന്നോട്ടടിപ്പിക്കുന്നതെന്ന് പാർലമെന്റിന്റെ സ്റ്റാൻഡിങ് കമ്മിറ്റി വിലയിരുത്തുന്നു. അതുകൊണ്ടുതന്നെ ഒറ്റ സിഗരറ്റ് വിൽപന നിരോധിക്കണമെന്ന് പാർലമെന്‍റ് സ്റ്റാൻഡിങ് കമ്മിറ്റി ശുപാർശ ചെയ്തിട്ടുണ്ട്. ഒറ്റ സിഗരറ്റ് വിൽപന അടുത്ത ബജറ്റ് സമ്മേളനത്തിന് മുമ്പ് സർക്കാർ വിലക്കുമെന്നാണ് സൂചന.

കൂടാതെ പുകയില ഉൽപന്നങ്ങളുടെ ഉപയോഗം കർശനമായി നിയന്ത്രിക്കാൻ ശക്തമായ നിർദേശങ്ങളും ശുപാർശയിലുണ്ട്. വിമാനത്താവളങ്ങളിൽ നിലവിലുള്ള സ്മോക്കിങ് സോണുകൾ എടുത്തുകളയണമെന്നതാണ് മറ്റൊരു പ്രധാന നിർദേശം, പുകയില ഉൽപ്പന്നങ്ങളുടെ ഉപഭോഗം കുറയ്ക്കാൻ 75% ജിഎസ്ടി ഏർപ്പെടുത്തണമെന്നാണ് ലോകാരോഗ്യ സംഘടനയുടെ മാർഗനിർദേശത്തിൽ പറയുന്നത്. ഇന്ത്യയിൽ നിലവിൽ 53 ശതമാനമാണ് സിഗരറ്റിന്റെ ജിഎസ്ടി. ബിഡിക്ക് 22%, പുകരഹിത പുകയിലയ്ക്ക് 64% എന്നിങ്ങനെയാണ് നിരക്ക്

മൂന്നു വർഷം മുൻപ് ഇ–സിഗരറ്റുകളുടെ വിൽപ്പനയും ഉപയോഗവും കേന്ദ്രം നിരോധിച്ചിരുന്നു. ആരോഗ്യമന്ത്രാലയത്തിന്റെ ശുപാർശപ്രകാരമായിരുന്നു ഇ-സിഗരറ്റ് നിരോധിച്ചത്. പുകവലിയിലൂടെ 3.5 ലക്ഷം പേർ എല്ലാ വർഷവും ഇന്ത്യയിൽ മരണമടയുന്നുവെന്നാണ് കണക്ക്. പുകവലിക്കുന്നവരിൽ 46% പേർ നിരക്ഷരരും 16% പേർ കോളജ് വിദ്യാർഥികളും ആണെന്ന് നാഷനൽ കൗൺസിൽ ഓഫ് അപ്ലൈഡ് ഇക്കണോമിക് റിസർച്ചിന്റെ സർവേയിൽ പറയുന്നു.

Verified by MonsterInsights