ഒറ്റയ്ക്ക് യാത്ര ചെയ്യാൻ ഇഷ്ടമുള്ളവരാണോ? നിങ്ങൾക്കായി വാതിൽ തുറന്ന് ഇസ്രയേൽ; മാനദണ്ഡങ്ങൾ ഇങ്ങനെ

കോവിഡ് വന്ന ശേഷം ഇതാദ്യമായി ഒറ്റയ്ക്ക് യാത്ര ചെയ്യുന്നവർക്കായി വാതിൽ തുറന്ന് ഇസ്രയേൽ. സോളോ യാത്രികരെ സ്വാ​ഗതം ചെയ്യുന്നത് കോവിഡിൽ കിതച്ചുകൊണ്ടിരിക്കുന്ന വിനോദസഞ്ചാര മേഖലയ്ക്ക് പുതുശ്വാസമേകുമെന്നാണ് അധികൃതരുടെ കണക്കുകൂട്ടൽ. പ്രമുഖ തീർഥാടന കേന്ദ്രമായ ജറുസലേമിലേക്ക് നിരവധി പേരാണ് കോവിഡ് കാലത്തിന് മുമ്പ് സന്ദർശനത്തിനായി എത്തിയിരുന്നത്.

കഴിഞ്ഞ വസന്തകാലത്ത് വിനോദസഞ്ചാരികളെ പ്രവേശിപ്പിക്കാൻ രാജ്യം തയ്യാറെടുത്തിരുന്നെങ്കിലും കോവിഡ് ഡെൽറ്റാ വകഭേദം ക്രമാതീതമായി വർധിച്ചതിനേ തുടർന്ന് ആ നീക്കം വൈകിപ്പിക്കുകയായിരുന്നു. രാജ്യം ഈയിടെ നടത്തിയ ബൂസ്റ്റർ ക്യാമ്പ് വഴി ജനസംഖ്യയുടെ പകുതി പേരും മൂന്ന് ഡോസ് വാക്സിനും സ്വീകരിച്ചിട്ടുണ്ട്.

ഇസ്രയേലിലേക്ക് വരുന്ന സോളോ സഞ്ചാരികൾ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങളുണ്ട്. സഞ്ചാരികൾ അവരുടെ വാക്സിനേഷൻ സർട്ടിഫിക്കറ്റ് കാണിച്ചിരിക്കണം എന്നതാണ് ആദ്യത്തെ കാര്യം. അല്ലെങ്കിൽ കഴിഞ്ഞ ആറുമാസത്തിനുള്ളിൽ കോവിഡ് വന്ന് ഭേദമായവരായിരിക്കണം. അതേസമയം റഷ്യയുടെ സ്പുട്നിക് വാക്സിൻ എടുത്തവർ വരുന്ന സമയത്ത് സ്രവ പരിശോധനയ്ക്ക് വിധേയരാകണം. യാത്ര പുറപ്പെടുന്നതിന് മുമ്പ് കോവിഡ് നെ​ഗറ്റീവ് സർട്ടിഫിക്കറ്റ് ഹാജരാക്കുകയും രാജ്യത്ത് പ്രവേശിച്ചാലുടൻ മറ്റൊരു പരിശോധനയ്ക്ക് വിധേയരായി നെ​ഗറ്റീവ് ആണെന്ന് ഉറപ്പുവരുത്തുകയും വേണം.

ലോക്ക്ഡൗൺ കാലത്തും ചില രാജ്യങ്ങളിൽ നിന്നുള്ള സഞ്ചാരികളെ ഇസ്രയേൽ രാജ്യത്തിനകത്തേക്ക് പ്രവേശിപ്പിച്ചിരുന്നു. രാജ്യത്തുള്ള അടുത്ത ബന്ധുക്കളെ കാണാനും പഠനത്തിനും ജോലിക്കും വരുന്നവരായിരുന്നു ഇക്കൂട്ടത്തിലുൾപ്പെട്ടിരുന്നത്. സംഘങ്ങളായുള്ള വിനോദസഞ്ചാരികളെ സെപ്റ്റംബർ മുതൽ രാജ്യത്തേക്ക് പ്രവേശിപ്പിക്കുന്നുണ്ട്.

ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും.
എല്ലാവരും മാസ്‌ക് ധരിച്ചും
സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും
വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന്  അഭ്യര്‍ത്ഥിക്കുന്നു.
Verified by MonsterInsights