പായ്ക്കറ്റ് പാൽ തിളപ്പിക്കാറുണ്ടോ? നിങ്ങൾ ചെയ്യുന്നത് എപ്പോഴും ശരിയല്ല!

കടയിൽ നിന്ന് വാങ്ങുന്ന പായ്ക്കറ്റ് പാൽ‌ തിളപ്പിച്ചാണോ ഉപയോ​ഗിക്കാറുള്ളത്? ശീലം കൊണ്ട് അങ്ങനെ ചെയ്യുന്നവരാണ് നമ്മളിൽ ഭൂരിപക്ഷവും. എന്നാൽ, പായ്ക്കറ്റ് പാൽ എല്ലാം അങ്ങനെ തിളപ്പിക്കുന്നത് ശരിയല്ലെന്നാണ് ആരോ​ഗ്യവിദ​ഗ്ധർ അഭിപ്രായപ്പെടുന്നത്. പലപ്പോഴും പാലിലെ പോഷക​ഗുണങ്ങൾ നഷ്ടപ്പെടാൻ ഈ ശീലം കാരണമാകുമത്രേ!ഇന്ത്യയിൽ പാൽ തിളപ്പിച്ച് ഉപയോ​ഗിക്കുക എന്നത് സാസ്കാരിക ശീലങ്ങളുടെ കൂടി ഭാ​ഗമാണ്. ക്ഷീരകർഷകരിൽ നിന്ന് നേരിട്ട് പാൽ വാങ്ങി ഉപയോ​ഗിക്കുന്നതിൽ നിന്നാണ് ഈ ശീലം ഉണ്ടായിവന്നത്. തൊഴുത്തിൽ നിന്ന് നേരിട്ട് ലഭിക്കുമ്പോൾ‌ പാലിൽ ഉണ്ടാകാനിടയുള്ള ബാക്ടീരിയയെയും മറ്റും ഇല്ലാതാക്കാൻ പാൽ തിളപ്പിക്കേണ്ടത് അനിവാര്യമാണ്. എന്നാൽ, കടകളിൽ നിന്ന് ഇന്ന് ലഭിക്കുന്ന പാലിന്റെ കാര്യത്തിൽ ഇതല്ല അവസ്ഥ.

നമുക്ക് കടകളിൽ നിന്ന് ലഭിക്കുന്ന പാൽ മിക്കപ്പോഴും പാസ്ച്വറൈസ്ഡ് ആയിരിക്കും. അതായത് പായ്ക്കിം​ഗ് പ്രോസസിന് മുമ്പ് തന്നെ അവ അണുവിമുക്തമാക്കിയിട്ടുണ്ടാകും. ആവശ്യത്തിന് ചൂടാക്കി ബാക്ടീരിയകളെയും ആരോ​ഗ്യത്തിന് ഹാനികരമായ മറ്റ് ഘടകങ്ങളെയും ഇല്ലാതാക്കിയ ശേഷമാകും ഇവ വിതരണത്തിനെത്തിക്കുക

അതുകൊണ്ടുതന്നെ ഈ പാൽ വീണ്ടും തിളപ്പിക്കണമെന്നില്ലെന്ന് പറയുന്നു പൂനെ മണിപ്പാൽ ആശുപത്രിയിലെ ഇന്റേണൽ മെഡിസിൻ വിഭാ​ഗം ഡോക്ടർ വിചാർ നി​ഗം. ഇനി ചില സാഹചര്യങ്ങളിൽ ഇങ്ങനെ വാങ്ങുന്ന പാസ്ച്വറൈസ്ഡ് പാൽ പായ്ക്കറ്റ് പൊട്ടിയതായോ വൃത്തിഹീനമായതോ ആയി കാണപ്പെടാറുണ്ട്. അപ്പോൾ സുരക്ഷയ്ക്കായി പാൽ തിളപ്പിച്ച് ഉപയോ​ഗിക്കുന്നതാണ് നല്ലതെന്നും അദ്ദേഹം പറയുന്നു.ഡയറ്റീഷ്യനായ റിദ്ദിമ കമ്സേറ പറയുന്നത് പാസ്ച്വറൈസ്ഡ് ചെയ്ത പാല് വീണ്ടും തിളപ്പിച്ചാൽ അതിലെ പോഷക​ഗുണങ്ങൾ‌ നഷ്ടപ്പെടാൻ സാധ്യതയുണ്ടെന്നാണ്. നല്ല ബാക്ടീരിയകളും ഇല്ലാതായേക്കാം. പല അവശ്യ പോഷകങ്ങളും നശിച്ചേക്കാം. വിറ്റാമിൻ സി, വിറ്റാമിൻ ബി എന്നിവയുടെ അളവ് കുറഞ്ഞേക്കാം. അതുകൊണ്ട് പാല്, ആവശ്യമെങ്കിൽ ചെറുതായി ചൂടാക്കുക മാത്രമേ ചെയ്യാവൂ എന്നും റിദ്ദിമ അഭിപ്രായപ്പെടുന്നു.

എന്താണ് പാസ്ച്വറൈസേഷൻ?

പാൽ ഒരു നിശ്ചിത താപനിലയിൽ ചൂടാക്കി അണുവിമുക്തമാക്കുന്ന പ്രക്രിയയാണ് പാസ്ച്വറൈസേഷൻ. എച്ച്ടിഎസ്ടി, യുഎച്ച്ടി എന്നീ രണ്ട് മാർ​ഗങ്ങളാണ് ഇതിനായി സ്വീകരിക്കാറുള്ളത്. എച്ച്ടിഎസ്ടിയിൽ പാല് 72°Cൽ (161°F) 15–20 സെക്കന്റ് വരെ സമയത്ത് ചൂടാക്കുകയാണ് ചെയ്യുന്നത്. യുഎച്ച്ടിയിൽ പാല് 135°C ൽ (275°F) 2–5 സെക്കന്റ് വരെ സമയത്ത് ചൂടാക്കുന്നു. ഇങ്ങനെ ചെയ്താൽ‌ പാൽ ദീർഘകാലത്തേക്ക് കേടാകാതെ ഇരിക്കുകയും ചെയ്യും.

Verified by MonsterInsights